ആനപ്പാറയിൽ ആൺ കടുവയുമെത്തി; പ്രദേശം കൂടുതൽ ഭീതിയിൽ
Mail This Article
ആനപ്പാറ ∙ മേഖലയെ കൂടുതൽ ഭീതിയിലാഴ്ത്തി ആൺകടുവയും ആനപ്പാറയിലെത്തി. ബുധനാഴ്ച രാത്രി എസ്റ്റേറ്റിലെ മസ്ട്രോൾ ഓഫിസിന് (തൊഴിലാളികൾ ഒപ്പിടുന്ന സ്ഥലം) സമീപമാണ് കടുവ എത്തിയത്. ഇതിനു സമീപത്തെ എസ്റ്റേറ്റ് പാടിയിലെ താമസക്കാരായ അബ്ദുറഹ്മാനും ഭാര്യ സൽമത്തും മകൾ സന ഫാത്തിമയും കടുവയെ നേരിൽ കാണുകയും ചെയ്തു. ബുധനാഴ്ച രാത്രി പത്തരയോടെ പാടിയുടെ സമീപത്തെ അത്തിമരത്തിനു താഴെയാണ് കടുവ എത്തിയത്. തെരുവുനായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ഇവർ വീടിനു പുറത്തിറങ്ങി നോക്കിയത്. കാട്ടുപന്നിയാണെന്നു വിചാരിച്ച് പാടിയിലേക്ക് തിരിച്ചു കയറുന്നതിനിടെ ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പേടിച്ച ഇവർ പാടിക്കുള്ളിലേക്ക് ഓടിക്കയറി. തുടർന്ന് സമീപവാസികൾക്ക് വിവരം നൽകി.
അതേസമയം, ചെമ്പ്ര വനമേഖലയിലെ ആൺക്കടുവയാണിതെന്നും ബുധനാഴ്ച രാത്രി തന്നെ ഇൗ കടുവ തിരികെ ചെമ്പ്ര വനമേഖലയിലേക്ക് മടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിനിടെ, ആനപ്പാറയിലെ അമ്മക്കടുവയും 3 കടുവക്കുട്ടികളും ബുധനാഴ്ച രാത്രിയിൽ വേങ്ങക്കോട് എസ്റ്റേറ്റിലേക്ക് നീങ്ങിയെങ്കിലും പിന്നീടു തിരികെയെത്തി. ഇൗ കടുവക്കുടുംബത്തെ നിരീക്ഷിക്കാനായി ആനപ്പാറ എസ്റ്റേറ്റിലെ കൊല്ലി ഭാഗത്തു വനംവകുപ്പ് ഇന്നലെ പുതിയ ക്യാമറകൾ സ്ഥാപിച്ചു. കടുവകളെ ആകർഷിക്കാനായി ക്യാമറകൾക്ക് സമീപത്തായി കാട്ടുപന്നിയുടെ ജഡവും സൂക്ഷിച്ചിട്ടുണ്ട്.
കടുവകളെ കണ്ടെത്താനായി ഇന്നലെയും വനംവകുപ്പ് ഡ്രോൺ പരിശോധന നടത്തി. കടുവക്കുടുംബത്തെ പിടികൂടാനായുള്ള ഓപ്പറേഷൻ 'റോയൽ സ്‌ട്രൈപ്‌സ്' പുരോഗമിക്കുകയാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു. ദിവസങ്ങളെടുത്താലും ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20നാണ് ആനപ്പാറയെ ആശങ്കയിലാക്കി 3 കടുവകളും തള്ളക്കടുവയുമെത്തിയത്. 21നു രാവിലെയോടെ ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിനു സമീപം 3 പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു. പിന്നാലെ, പശുക്കളെ കൊന്നത് കടുവയാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു.
ഇതിൽ ഒരു പശുവിനെ പാതിഭക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് ഇതിനു സമീപത്തായി ക്യാമറകൾ സ്ഥാപിച്ചു. 22നു രാത്രി പശുവിന്റെ ജഡത്തിന്റെ ബാക്കിഭാഗം ഭക്ഷിക്കാനെത്തിയ 2 കടുവകളുടെ ദൃശ്യം ക്യാമറ ട്രാപ്പിൽ പതിഞ്ഞു. പശുക്കളെ ആക്രമിച്ചത് ഒരു കടുവയാണെന്നായിരുന്നു അതുവരെ എല്ലാവരും കരുതിയിരുന്നത്. 4 അംഗ കടുവക്കുടുംബമാണെന്ന് സ്ഥിരീകരിച്ചതോടെയാണു വനംവകുപ്പ് 28നു മൈസൂരുവിൽ നിന്നു കൂറ്റൻ കൂടെത്തിച്ച് ദൗത്യം തുടങ്ങിയത്.