സഞ്ചാരികളുടെ തിരക്ക്; സൂചി കുത്താൻ ഇടമില്ലാതെ സൂചിപ്പാറ
Mail This Article
ചൂരൽമല ∙ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യ കാഴ്ചകൾ കാണാൻ വീണ്ടും സഞ്ചാരികളുടെ തിരക്ക് തുടങ്ങി. കഴിഞ്ഞ 9 മാസത്തോളമായി അടച്ചിട്ടിരുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം കഴിഞ്ഞ ഒന്നിനാണു വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ 2 ദിവസങ്ങളിലായി വിദേശസഞ്ചാരികൾ അടക്കം 1000 പേർ സൂചിപ്പാറയിലെത്തി. സഞ്ചാരികൾ കൂട്ടമായി എത്തിയതോടെ ഇന്നലെ രാവിലെ തന്നെ ടിക്കറ്റുകൾ തീർന്നു. സഞ്ചാരികൾ എത്താൻ തുടങ്ങിയതോടെ കേന്ദ്രത്തിന് സമീപത്തെ ഹോംസ്റ്റേകളും റിസോർട്ടുകളും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും സജീവമായി. മാസങ്ങളായി ശൂന്യമായി കിടന്നിരുന്ന പാർക്കിങ് ഗ്രൗണ്ട് വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഒഴുകിയെത്തിയ ഉരുൾ സൂചിപ്പാറയിലൂടെയാണു ഒഴുകിയത്. എന്നാൽ, ടൂറിസം കേന്ദ്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കു പോറൽ പോലും ഏറ്റില്ല. കൈവരിയും പടികളും നടപ്പാതകളും നവീകരിച്ചതിനു ശേഷമാണു കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. സൂചിപ്പാറ വനസംരക്ഷണ സമിതിയുടെ കീഴിലാണു ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. 44 തൊഴിലാളികളാണ് ഇവിടെയുള്ളത്.
അടച്ചത് ഫെബ്രുവരി 19ന്
കുറുവ വന സംരക്ഷണ സമിതി ജിവനക്കാരൻ പുൽപള്ളി പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 19നാണു സൂചിപ്പാറ അടക്കമുള്ള വനംവകുപ്പിന് കീഴിലെ 8 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചത്. പിന്നീട്, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് കോടതി നിർദേശപ്രകാരം മാത്രമാകണമെന്ന് ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ ഉത്തരവിറക്കുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു. പിന്നീട്, ഹൈക്കോടതി അനുമതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 മുതലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു തുടങ്ങിയത്.കുറുവാ ദ്വീപാണ് ആദ്യം തുറന്നത്. പിന്നീട് മീൻമുട്ടി വെള്ളച്ചാട്ടവും ചെമ്പ്രാ പീക്കും തുറന്നു. പിന്നാലെ വന്യജീവി സങ്കേതമായ മുത്തങ്ങയിലും തോൽപെട്ടിയിലും കാനന സഫാരി പുനരാരംഭിച്ചു.