ADVERTISEMENT

ബത്തേരി∙ ചീരാലിൽ 2 ദിവസമായി നടന്ന സിപിഎം ബത്തേരി ഏരിയ സമ്മേളനം ഉജ്വല പ്രകടനത്തോടെ സമാപിച്ചു. റെഡ്‌ വൊളന്റിയർമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ചീരാലിനെ ചുവപ്പിൽ മുക്കിയ പ്രകടനം നടന്നത്.  പൊതു സമ്മേളനം ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് ജെയ്ക്. സി. തോമസ് ഉദ്ഘാടനം ചെയ്തു.സിപിഎം ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിൻ,സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, വി.വി.ബേബി, പി.വി. സഹദേവൻ, കെ.റഫീഖ്, സി.ശിവശങ്കരൻ, എം.എ. സുരേഷ് എന്നിവർ പ്രസംഗിച്ചു. 19 അംഗ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 27 പേരെയും സമ്മേളനം തിരഞ്ഞെടുത്തു.ഏരിയ സെക്രട്ടറിയായി നിലവിലെ സെക്രട്ടറി പി.ആർ.ജയപ്രകാശിനെ വീണ്ടും തിരഞ്ഞെടുത്തു.

ഔദ്യോഗിക ‌പാനലിനെതിരെ മത്സരം; ഔദ്യോഗിക അംഗം പുറത്ത്
സിപിഎം ബത്തേരി ഏരിയ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം. മത്സരത്തെ തുടർന്നു പാനലിലുണ്ടായിരുന്ന പി.കെ. രാമചന്ദ്രൻ കമ്മിറ്റിക്ക് പുറത്തായപ്പോൾ എം.എ. സുരേഷ് കമ്മിറ്റിയിലേക്ക് വിജയിച്ചു. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച 4 പേരും ആകെയുള്ള നൂറ്റൻപതോളം വോട്ടുകളിൽ പകുതിയോളം വോട്ടു പിടിച്ചതും ചർച്ചയായി.19 അംഗ കമ്മിറ്റിയിലേക്ക് 19 പേരടങ്ങിയ ഔദ്യോഗിക പാനലിനെതിരെ 4 പേർ കൂടിയാണ് മത്സര രംഗത്തെത്തിയത്. ഔദ്യോഗിക പാനലിലെ പേരു വിവരം പ്രഖ്യാപിച്ചതിനു പിന്നാലെ 4 പേരുടെ പേരുകൾ ഒന്നിനു പുറകേ ഒന്നായി പറയുകയും പിൻതാങ്ങുകയുമായിരുന്നു.

കുപ്പാടി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ്കുമാർ,നെൻമേനി ലോക്കൽ സെക്രട്ടറി ടി.പി.എ.ഷുക്കൂർ,ചീരാൽ ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു ഏരിയ പ്രസിഡന്റുമായ എം.എ.സുരേഷ്, ബത്തേരി സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗവും സമ്മേളന പ്രതിനിധിയുമായ ടി.പി. പ്രമോദ് എന്നിവരാണ് ഔദ്യോഗിക പാനലിനു പുറമേ മത്സരിക്കാനിറങ്ങിയത്. ഇതിൽ എം.എ. സുരേഷ് ഏരിയ കമ്മിറ്റിയിലേക്ക് വിജയിച്ചു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന പി.കെ. രാമചന്ദ്രൻ പുറത്തായി.

ബത്തേരിയിൽ ഗവ. കോളജ് ഉടൻ ആരംഭിക്കണം
ബത്തേരിയിൽ ഉടൻ ഗവൺമെന്റ് കോളജ് ആരംഭിക്കണമെന്നു സിപിഎം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോളജ് സ്ഥലമെടുപ്പ് അടക്കമുള്ള വിഷയങ്ങൾ സ്ഥലം എംഎൽഎ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നു പ്രമേയത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് പണം അനുവദിക്കണമെന്നും വരുന്ന അധ്യയന വർഷം മുതൽ കോളജ് തുടങ്ങണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

English Summary:

The CPM Bathery Area Conference successfully concluded in Cheeril after a two-day event filled with discussions and planning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com