വിരുന്നുകാരുടെ വയനാട്; 16 സ്ഥാനാർഥികളിൽ മണ്ഡലത്തിൽനിന്നുള്ളത് ഒരാൾ മാത്രം
Mail This Article
കൽപറ്റ ∙ വയനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ വയനാട് മണ്ഡലത്തിൽനിന്നുള്ളത് ഒരു സ്ഥാനാർഥി മാത്രം. സ്വതന്ത്രനായി മത്സരിക്കുന്ന കൽപറ്റ നെടുംനിലം സ്വദേശി ആർ. രാജൻ മാത്രമാണു വയനാട് മണ്ഡലത്തിലെ വോട്ടർ. മുന്നണി സ്ഥാനാർഥികളായ പ്രിയങ്ക ഗാന്ധിക്കും സത്യൻ മൊകേരിക്കും നവ്യ ഹരിദാസിനുമെല്ലാം മണ്ഡലത്തിനു പുറത്താണു വോട്ട്. മത്സരരംഗത്തുള്ള 16 സ്ഥാനാർഥികളിൽ 11 പേരും മറ്റു സംസ്ഥാനക്കാരാണ്.പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സര രംഗത്തിറങ്ങിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വയനാട്ടിൽ മത്സരിക്കാൻ എത്തിയത്.ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ മത്സരത്തിനെത്തി. തമിഴ്നാട്ടുകാരായ 3 സ്ഥാനാർഥികളാണു വയനാട്ടിൽ ജനവിധി തേടുന്നത്. കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നു 2 വീതം സ്ഥാനാർഥികളുണ്ട്.
5 സ്ഥാനാർഥികൾ മാത്രമാണു കേരളത്തിൽനിന്നുള്ളത്. നേരത്തേ രണ്ടു തവണ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും മറുനാട്ടുകാരായ സ്ഥാനാർഥികൾ വയനാട്ടിലെത്തി പത്രിക നൽകിയിരുന്നു. എങ്കിലും ഇക്കുറിയാണ് പകുതിലധികം പേരും വയനാടിനു പുറത്തുനിന്നായത്.പ്രിയങ്ക ഗാന്ധി ഡൽഹിക്കാരിയാണ്. തമിഴ്‌നാട് സേലം മേട്ടൂർ രാമനഗറിലെ ഡോ.കെ. പത്മരാജൻ, ചെന്നൈ അണ്ണാനഗർ ഈസ്റ്റിലെ എ.സീത, കോയമ്പത്തൂർ മദുക്കരൈയിലെ എ.ആർ.മുഹമ്മദ് എന്നിവർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്.
ഘാസിപുർ സ്വദേശി സോൻഹുസിങ് യാദവ്, ഔറാറിയ സ്വദേശി ഗോപാൽ സ്വരൂപ് എന്നിവരാണ് ഉത്തർപ്രദേശിൽനിന്നുള്ള സ്ഥാനാർഥികൾ. കർണാടകയിലെ ബെല്ലാരി വസരപുരിലെ രുക്മിണി, ബിദർ ഹാക്ക് കോളനിയിലെ ഇസ്മായിൽ സാബി ഉള്ള, ആന്ധ്രപ്രദേശിലെ ഗുണ്ടൂർ മംഗളഗിരി ഷെയ്ഖ് ജലീൽ, ഗുജറാത്ത് ഗാന്ധിനഗറിലെ ജയേന്ദ്ര കെ. റാത്തോഡ്, തെലങ്കാന ഖൈറത്താബാദ് സ്വദേശി ദുഗ്ഗിരാല നാഗേശ്വരറാവു എന്നിവരും മത്സരിക്കുന്നു.എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി കണ്ണൂർ സ്വദേശിയാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. അജിത്കുമാർ തിരുവനന്തപുരം മഞ്ചൻപാറ നിവാസിയും സന്തോഷ് പുളിക്കൽ തൃശൂർ കരൂർ സ്വദേശിയുമാണ്.
മത്സര രംഗത്ത് ഇവർ സ്ഥാനാർഥിയുടെ പേര്, സ്ഥലം എന്ന ക്രമത്തിൽ.
∙പ്രിയങ്ക ഗാന്ധി –ന്യൂഡൽഹി∙ സത്യൻ മൊകേരി– കോഴിക്കോട്∙ നവ്യ ഹരിദാസ്– കോഴിക്കോട്∙ ഗോപാൽ സ്വരൂപ് ഗാന്ധി –ഉത്തർപ്രദേശ്∙ ജയേന്ദ്ര കെ. റാത്തോഡ്–ഗുജറാത്ത്∙ ഷെയ്ക്ക് ജലീൽ– ആന്ധ്രപ്രദേശ്∙ ദുഗ്ഗിറാല നാഗേശ്വര റാവു–തെലങ്കാന∙ എ.സീത– തമിഴ്നാട്∙ സി.അജിത്ത് കുമാർ – തിരുവനന്തപുരം.∙ ഇസ്മായിൽ സബിഉള്ള– കർണാടക∙ എ.നൂർ മുഹമ്മദ് –തമിഴ്നാട്∙ ഡോ. കെ. പത്മരാജൻ– തമിഴ്നാട്∙ ആർ. രാജൻ– കൽപറ്റ∙ രുഗ്മിണി– കർണാടക∙ സന്തോഷ് പുളിക്കൽ– കോട്ടയം∙ സോനുസിങ് യാദവ്– ഉത്തർപ്രദേശ്