വൈത്തിരിയിലും മുട്ടിലിലും പ്രിയങ്കയുടെ പര്യടനം; മേപ്പാടിയിൽ റോഡ് ഷോ
Mail This Article
കൽപറ്റ ∙ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മുട്ടിൽ, വൈത്തിരി, എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനവും മേപ്പാടിയിൽ റോഡ് ഷോയും നടത്തി. പൗരന്റെ അവകാശങ്ങളെ അടിച്ചമർത്തി അധികാരത്തിനും രാഷ്ട്രീയനേട്ടങ്ങൾക്കും വേണ്ടി ജനങ്ങൾക്കിടയിൽ ഛിദ്രതയുണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷമായി തുടരുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാമെന്നാണ് മോദി വിശ്വസിക്കുന്നത്. പരസ്പര സ്‌നേഹത്തിന്റെയും മതമൈത്രിയുടെയും നാടാണ് വയനാട്. രാധാ ഗോപി മേനോൻ മുസ്‌ലിം പള്ളിയുടെ നേതൃത്വത്തിലിരുന്നത് ഈ നാട്ടിലാണ്. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണ്. മെഡിക്കൽ കോളജ് എന്നത് വയനാട്ടുകാർക്ക് ഇപ്പോഴും പൂർത്തിയാവാത്ത സ്വപ്നമാണ്. രാഹുൽ ഗാന്ധി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ ഒരുപാട് ശ്രമിച്ചു. അതിൽ കുറച്ച് പുരോഗതിയുണ്ടായി. എന്നാൽ, ഇത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കൽ കോളജ് എന്ന ഒരു ബോർഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല.
വയനാട് തിളങ്ങുന്നതിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.മുട്ടിലിൽ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.പി.അബ്ദുസ്സമദ് സമദാനി എംപി, ടി.സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.അഹമ്മദ് ഹാജി, ടി.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. വൈത്തിരിയിൽ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.എം.എ.സലിം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.വി.ഫൈസൽ, എം.പി.അബ്ദുസ്സമദ് സമദാനി എംപി, സലിം മേമന, ഷമ മുഹമ്മദ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂൾ പരിസരം മുതൽ കെബി റോഡ് ജംക്‌ഷൻ വരെയായിരുന്നു റോഡ് ഷോ. ടി.ഹംസ, ബി.സുരേഷ്ബാബു, ഒ.ഭാസ്കരൻ, പി.കെ.അഷ്റഫ്, നജീബ് കാരാടൻ, രാജു ഹെജമാടി തുടങ്ങിയവർ നേതൃത്വം നൽകി.