പേരിയ ചുരം റോഡ് നിർമാണം സജീവം: വോട്ടെടുപ്പ് ബഹിഷ്കരണം പിൻവലിച്ചു
Mail This Article
പേരിയ ∙ ശക്തമായ പ്രതിഷേധങ്ങൾ ഫലം കണ്ടതോടെ പേരിയ ചുരം റോഡ് നിർമാണം വീണ്ടും സജീവമായി. കൂടുതൽ ജോലിക്കാരും വാഹനങ്ങളും എത്തിച്ച് നിർമാണ ജോലികൾ ഉൗർജിതം ആയതോടെ പേരിയയിലെ വ്യാപാരികൾ ഉപ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കണ ആഹ്വാനം പിൻവലിച്ചു.
വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ പേരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു.വയനാടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പേരിയ നെടുംപൊയിൽ ചുരം റോഡ് നിർമാണം അകാരണമായി വൈകിക്കുന്നതിൽ പ്രതിഷേധിച്ച് ഉപ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണം നടത്തുവാൻ തീരുമാനിച്ചത് അറിഞ്ഞ് പേരാവൂർ എംഎൽഎ സണ്ണി ജോസഫ് വ്യാപാരികളുമായി 2 വട്ടം ചർച്ച നടത്തിയിരുന്നു.
പേരിയ ചുരം റോഡ് ആക്‌ഷൻ കമ്മിറ്റി നേതൃത്വം നൽകിയ ബോയ്സ് ടൗൺ റോഡ് ഉപരോധത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടകൾ അടച്ച് സഹകരിക്കുകയും ചെയ്തു.ഇപ്പോൾ റോഡ് പണി നല്ല നിലയിൽ തന്നെ നടന്ന് വരുന്ന സാഹചര്യത്തിൽ പേരിയ യൂണിറ്റ് പ്രഖ്യാപിച്ച വോട്ടെടുപ്പ് ബഹിഷ്കരണം പിൻവലിച്ചതായി പ്രസിഡന്റ് ജോയി തെങ്ങും തോട്ടത്തിൽ, സെക്രട്ടറി കെ.നിസാമുദ്ദീൻ, ട്രഷറർ വി.കെ.ഇബ്രാഹിം എന്നിവർ അറിയിച്ചു.