പുഴുവരിച്ച അരി വിതരണം; അരിയും തലയും മുറുക്കി വിവാദം
Mail This Article
മേപ്പാടി ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കെട്ടടങ്ങാതെ വിവാദം. ഇന്നലെയും മേപ്പാടി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരപരമ്പരകൾ അരങ്ങേറി. സിപിഎമ്മാണു സമരവുമായി ആദ്യമെത്തിയത്. ദുരന്തഭൂമിയിലേക്ക് ജനങ്ങൾ നൽകിയ സാധനങ്ങൾ പൂഴ്ത്തിവച്ച മേപ്പാടി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി പിരിച്ചുവിടുക, കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിപിഎം മേപ്പാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
പിന്നാലെ, റവന്യു വകുപ്പ് പുതുതായി നൽകിയ അരിയും കാലാവധി കഴിഞ്ഞതാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി, ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഇഎംഎസ് ഹാളിന്റെ പരിസരത്തേക്കെത്തി. ഇരുമുന്നണികളും പരസ്പരം പഴിചാരി രംഗത്തിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിറ്റ് വിവാദവും ചൂടൻ ചർച്ചയായി. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നമ്പറ്റയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ദുരന്ത ബാധിതരെ സന്ദർശിച്ചു. തുടർന്നു മാധ്യമങ്ങളെ കണ്ട അദ്ദേഹം, ദുരന്തബാധിതരോട് കാണിച്ചത് കൊടും ക്രൂരതയാണെന്നും ആരോപിച്ചു. ഇതിനിടെ, കൈനാട്ടിയിലെ ജില്ലാ ഭരണകൂടത്തിന് കീഴിലെ കലക്‌ഷൻ സെന്റർ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയോടെ യുഡിഎഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഗോഡൗണിനു മുന്നിൽ പ്രതിഷേധിച്ചു.
മാർച്ചുമായി സിപിഎം; തടഞ്ഞ് പൊലീസ്
ഉച്ചയ്ക്ക് 12 മണിയോടെയാണു സിപിഎം പ്രവർത്തകർ മാർച്ചുമായി പഞ്ചായത്ത് ഓഫിസിലേക്കെത്തിയത്. ഓഫിസിനു മുന്നിൽ ബാരിക്കേഡുകൾ തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ സ്ഥലത്തു വിന്യസിച്ചിരുന്നു. തുടർന്ന് നടന്ന യോഗം സിപിഎം കൽപറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. കെ.വിനോദ് അധ്യക്ഷത വഹിച്ചു. വി.പി.ശങ്കരൻ നമ്പ്യാർ, സി.ഷംസുദ്ദീൻ, കെ.അബ്ദുറഹ്മാൻ, സി.എച്ച്.റഹിയാനത്ത്, ജോളി സ്കറിയ, എം.ബൈജു, പി.വി.മാത്യു എന്നിവർ പ്രസംഗിച്ചു.
മാസങ്ങളായി പഞ്ചായത്തിലെ ഇഎംഎസ് ഹാളിൽ കെട്ടിക്കിടന്ന ഭക്ഷ്യക്കിറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് അധികൃതർ വിതരണം ചെയ്തതെന്നാണ് എൽഡിഎഫിന്റെ ആരോപണം. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകിട്ടു മൂന്നോടെ ഹാൾ തുറന്നു പരിശോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ കണ്ടെടുത്തിരുന്നു.
കൈനാട്ടിയിലെ കലക്‌ഷൻ കേന്ദ്രം പരിശോധിക്കണം; പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും
ഇന്നലെ ഉച്ചയോടെ, കൈനാട്ടിയിൽ ജില്ലാ ഭരണകൂടത്തിന് കീഴിലെ കലക്‌ഷൻ സെന്ററിനു മുൻപിലും പ്രതിഷേധം അരങ്ങേറി. കലക്‌ഷൻ സെന്ററിനുള്ളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും അരിയും മറ്റും കെട്ടിക്കിടക്കുന്നുണ്ടെന്നും സെന്റർ തുറന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഉച്ചയ്ക്കു ഒന്നോടെ യുഡിഎഫ് പ്രവർത്തകരാണ് ആദ്യമെത്തിയത്. പ്രതിഷേധം തുടരുന്നതിനിടെ ഒന്നരയോടെ ടി.സിദ്ദീഖ് എംഎൽഎയുമെത്തി. സെന്റർ തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി അദ്ദേഹം കലക്ടറെയും എഡിഎമ്മിനെയും ഫോണിൽ വിളിച്ചു. സെന്റർ തുറന്ന് നൽകാമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
തുടർന്ന് ഇതേ ആവശ്യമുന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എഡിഎമ്മിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമേ തുറക്കാൻ കഴിയുകയുള്ളുവെന്നായിരുന്നു നിലപാട്. ഇതോടെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി സെന്ററിനു മുന്നിലേക്ക് നീങ്ങി. സംഘർഷസാധ്യത ഉടലെടുത്തതോടെ പൊലീസ് പ്രവർത്തകരെ തടഞ്ഞു. സമരത്തിന് കെപിസിസി അംഗം പി.പി.ആലി, യുഡിഎഫ് കൽപറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ഹംസ, ടി.ജെ.ഐസക്, കൽപറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപറ്റ, മുസ്‌ലിം ലീഗ് കൽപറ്റ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ.മുസ്തഫ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ, ഗോകുൽദാസ് കോട്ടയിൽ, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.ശിഹാബ്, മുജീബ് കേയംതോടി തുടങ്ങിയവർ നേതൃത്വം നൽകി.
യുഡിഎഫ് പ്രവർത്തകർ പിരിഞ്ഞുപോയതോടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. 20 മിനിറ്റോളം സ്ഥലത്തു പ്രതിഷേധിച്ച ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ശരത്കുമാർ, വൈസ് പ്രസിഡന്റ് അഖിൽ കൃഷ്ണൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.പി.സുകുമാരൻ, മനോജ് വി.നരേന്ദ്രൻ, എൻ.എൽ.മനോജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇഎംഎസ് ഹാളിനുള്ളിൽ യുഡിഎഫ് പ്രതിഷേധം
റവന്യു വകുപ്പ് വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങളെന്ന് ആരോപിച്ച് ടി.സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ, ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന ഇഎംഎസ് ഹാളിലേക്കെത്തി. ഇന്നലെ വൈകിട്ടു മൂന്നരയോടെയാണു പ്രതിഷേധം തുടങ്ങിയത്. പ്രവർത്തകരോടൊപ്പം ഹാളിനുള്ളിൽ കയറിയ ടി.സിദ്ദീഖ് എംഎൽഎ, ദുരന്തബാധിതർക്ക് വിതരണം ചെയ്യാനായി റവന്യു വകുപ്പ് കഴിഞ്ഞ ഒന്നിന് ഇഎംഎസ് ഹാളിൽ എത്തിച്ച ഭക്ഷ്യസാധനങ്ങളിൽ പലതും കാലാവധി കഴിഞ്ഞതും തീയതികൾ രേഖപ്പെടുത്തതാണെന്നും പറഞ്ഞു.
ഹാളിലുണ്ടായിരുന്ന 200 ചാക്കുകളിലെ അരിയും പഞ്ചസാര, ബിസ്കറ്റ്, അവൽ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളിലേറെയും കാലാവധി കഴിഞ്ഞതാണ്. അരി ചാക്കിൽ ചിലതിൽ 3 വർഷം മുൻപ് വരെയുള്ള തീയതികളുണ്ട്. ഭൂരിഭാഗം അരിച്ചാക്കിലും തീയതികളും രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യസാധനങ്ങൾ നിറച്ച പല ചാക്കുകൾക്കുള്ളിലും പ്രാണികൾ അടക്കം ഉള്ളതായും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
ഭക്ഷ്യ വസ്തുക്കളെല്ലാം പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റണമെന്ന് ടി.സിദ്ദീഖ് എംഎൽഎ വിതരണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗുണനിലവാര പരിശോധന നടത്താതെ ഇവ വിതരണം ചെയ്യരുതെന്നും ദുരന്തബാധിതരെ അപമാനിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം റവന്യു സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എന്നിവരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ചർച്ചയിൽ നടപടികൾ സ്വീകരിക്കാമെന്നു റവന്യു സെക്രട്ടറി ഉറപ്പുനൽകിയതായി ടി.സിദ്ദീഖ് എംഎൽഎ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.