ദുരന്തബാധിതർക്കിടയിൽ ആശ്വാസവാക്കുമായി സത്യൻ മൊകേരി
Mail This Article
കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കിടയിൽ ആശ്വാസവചനങ്ങളുമായി എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയെത്തി. ഇന്നലെ രാവിലെയാണ് കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ കഴിയുന്ന 8 കുടുംബങ്ങളെ സത്യൻ മൊകേരി സന്ദർശിച്ചത്. കേടുവന്ന ഭക്ഷ്യധാന്യങ്ങൾ മേപ്പാടി പഞ്ചായത്തിൽനിന്നു വിതരണം ചെയ്തതിലുള്ള പ്രതിഷേധം അവർ പങ്കുവച്ചു. ‘അത്രയും വിഷമിച്ചാണ് കഴിയുന്നത്. ജീവിതം ഇങ്ങനെയാകുമെന്ന് കരുതിയില്ല. പണിയും വരുമാനവും ഇല്ലാത്തതിനാലാണ് കിറ്റ് വാങ്ങാൻ പഞ്ചായത്തിൽ പോയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് അരിയിൽ പുഴുക്കളെ കണ്ടത്. ആരോടും ഇങ്ങനെ ചെയ്യരുത്’. ദുരന്തബാധിതയായ മുതിരപ്പറമ്പിൽ ഫൗസിയ സത്യൻ മൊകേരിയോട് സങ്കടം പറഞ്ഞു.
നൂർജഹാനും ഉഷയ്‌ക്കും ഇതേ അനുഭവമായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം കടന്നുപോകുമ്പോൾ കുന്നമ്പറ്റയിൽ കാത്തുനിൽക്കുകയായിരുന്നു ഇവർ. അരകിലേക്കെത്തി സത്യൻ മൊകേരി സങ്കടങ്ങൾ കേട്ടു. ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ ആശ്വസിപ്പിച്ചു. ഭക്ഷ്യക്കിറ്റുകൾ ഔദാര്യമല്ല, അവകാശമാണെന്ന് ഓർമപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിവേണമെന്ന് ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവൻപേരെയും സർക്കാരും മുന്നണിയും ചേർത്തുപിടിക്കുമെന്ന് പറഞ്ഞു സ്ഥാനാർഥി മടങ്ങി. ദുരന്തബാധിതരായ 8 കുടുംബങ്ങളാണ് കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ കഴിയുന്നത്. ഐഎൻഎൽ എടുത്തുനൽകിയ ഫ്ലാറ്റാണിത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, വി.എൻ. ഉണ്ണിക്കൃഷ്‌ണൻ, സി.എം. ശിവരാമൻ, ഷാജി ചെറിയാൻ, ജിസ്‌മോൻ, പി.കെ. അനിൽകുമാർ, പി.പി. ഷൈജൽ, വീരേന്ദ്രകുമാർ, കെ.എം.എ. ജമാൽ, രാഗി രവികുമാർ, മുഹമ്മദലി, മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.