കാർഷിക നിയമങ്ങൾ തിരിച്ചുവരും: സുരേഷ് ഗോപി
Mail This Article
ബത്തേരി∙ പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾ തിരിച്ചുവരിക തന്നെ ചെയ്യുമെന്നും മുനമ്പം വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ളവർക്ക് അങ്കലാപ്പെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എൻഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾ വേദനയോടെ പിൻവലിക്കേണ്ടി വന്നതാണ് അത് തിരികെ കൊണ്ടുവരിക തന്നെ ചെയ്യും.
നവ്യ ഹരിദാസ് ജയിച്ചാൽ വയനാടിന്റെ പ്രശ്നങ്ങൾക്ക് മുഴുവൻ പരിഹാരം കാണുന്ന കേന്ദ്രമന്ത്രിയായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.എ.എസ്. കവിത അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, പി.സി.മോഹനൻ, പ്രശാന്ത് മലവയൽ, കെ.പി. മധു, വി. മോഹനൻ, വി.വി.രാജൻ, കെ.സദാനന്ദൻ, കെ.രഞ്ജിത്ത്, ദീപു പുത്തൻപുര, ലിലിൽകുമാർ, ഹരി പഴുപ്പത്തൂർ, കെ.ഡി.ഷാജിദാസ്. ധർമേന്ദ്രകുമാർ, പി.എം.സുധാകരൻ, സി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാത്രിയാത്രാ നിരോധനം:കോൺഗ്രസ് ഒന്നും ചെയ്തില്ല
ബത്തേരി∙ അഞ്ചു വർഷം രാഹുൽ ഗാന്ധി എംപിയായിരുന്നിട്ടും കർണാടക കോൺഗ്രസിന്റെ കയ്യിലായിരുന്നിട്ടും രാത്രിയാത്രാ നിരോധന വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. വിഷയത്തിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് തടസ്സം നിൽക്കുന്നതെന്നും അത് ജനങ്ങൾ തിരച്ചറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരം: സുരേഷ് ഗോപി
മാനന്തവാടി ∙ വയനാട്ടുകാർക്ക് ഉപതിരഞ്ഞെടുപ്പ് ശിക്ഷ നൽകാനുള്ള അവസരമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അന്യായമായ ഉപ തിരഞ്ഞെടുപ്പാണിത്. മുനമ്പത്ത് മാത്രമല്ല പലയിടത്തും വഖഫിന്റെ പേരിൽ ഭീഷണി ഉയരുന്നുണ്ട്. എന്നാൽ മോദി സർക്കാർ ഇത് അനുവദിക്കില്ല. ജനവഞ്ചന ചെയ്ത കോൺഗ്രസിന് എതിരെ ശിക്ഷാ നടപടികൾ വയനാട്ടുകാർ സ്വീകരിക്കണമെന്ന് മാനന്തവാടിയിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന് വേണ്ടിയുള്ള പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചു.