ജനത്തിനായി കഠിനാധ്വാനം ചെയ്യും: പ്രിയങ്ക ഗാന്ധി
Mail This Article
നായ്ക്കെട്ടി ∙ പാർലമെന്റ് അംഗമായാൽ എങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്ന് താൻ കാണിച്ചു തരുമെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. എല്ലാ പ്രശ്നങ്ങളും അപ്പോൾ തന്നെ പരിഹരിക്കാൻ കഴിയില്ലെങ്കിലും വേഗത്തിൽ തീർക്കാൻ കഴിയുന്നവയും ഉണ്ട്. ജനങ്ങൾക്കായി മറ്റാരും പ്രവർത്തിക്കുന്നതിനെക്കാൾ കഠിനമായി പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നായ്ക്കെട്ടിയിലെ കോർണർ യോഗത്തിൽ വൻ ജനാവലിയെ സാക്ഷി നിർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. രാജ്യത്ത് ബിജെപി പരത്താൻ ശ്രമിക്കുന്ന വിഷം വയനാടിനെ തൊട്ടിട്ടില്ല. വനാവകാശ നിയമം, തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം ഇതെല്ലാം യുപിഎ സർക്കാർ കൊണ്ടു വന്നതാണ്. ഈ അവകാശങ്ങളെയെല്ലാം ഇന്ന് ബിജെപി ആക്രമിക്കുകയാണ്– പ്രിയങ്ക പറഞ്ഞു. എടവക, തരുവണ, വെണ്ണിയോട്, കമ്പളക്കാട്, ചുള്ളിയോട്, മൂപ്പൈനാട് എന്നിവിടങ്ങളിൽ പ്രിയങ്ക ഗാന്ധിക്കു സ്വീകരണം നൽകി.
ദിവസവും ഓരോ വരി മലയാളം പഠിച്ച് പ്രിയങ്ക
താൻ ഓരോ ദിവസവും മലയാളത്തിലെ ഓരോ വരി വീതം പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് നായ്ക്കെട്ടിയിലെ പ്രസംഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.‘ഞാൻ വേഗം തിരിച്ചു വരും’ എന്നതാണ് ഇന്ന് പഠിച്ച വരി. മുൻപു പഠിച്ച മലയാള വാചകങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു പ്രിയങ്കയുടെ തുടക്കം.
ജനഹൃദയങ്ങൾ കീഴടക്കി പ്രിയങ്കയുടെ പര്യടനം
മാനന്തവാടി ∙ തിരുനെല്ലിയിൽ രാജീവ് ഗാന്ധിയുടെ സ്മരണകൾ പേറുന്ന മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തിയാണ്് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി മൂന്നാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചത്. തിരുനെല്ലിയിൽ എത്തിയ പ്രിയങ്കയെ എംഎൽഎമാരായ എ.പി. അനിൽകുമാർ, ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, യുഡിഎഫ് തിരുനെല്ലി പഞ്ചായത്ത് കൺവീനർ കെ.ജി. രാമകൃഷ്ണൻ, തൃശ്ശിലേരി ക്ഷീരസംഘം പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.ക്ഷേത്ര ദർശനം കഴിഞ്ഞ് കാട്ടിക്കുളത്തേക്കുള്ള യാത്രയ്ക്കിടെ തെറ്റ് റോഡിലെ ഉണ്ണിയപ്പ കടയ്ക്കരികിൽ വാഹനം നിർത്തി ഉണ്ണിയപ്പം വാങ്ങി. കട നടത്തുന്ന വിനോദിനെയും വിജീഷിനെയും അഭിനന്ദിച്ചാണ് മുന്നോട്ട് നീങ്ങിയത്.
തിരുനെല്ലി പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളത്ത് വൻ ജനാവലിയാണ് പൊരിവെയിലിലും പ്രിയങ്കയെ കാത്തുനിന്നത്. സി.പി. ജോൺ, സണ്ണി ജോസഫ് എംഎൽഎ, ഹാരിസ് കാട്ടിക്കുളം, എ.എം.നിശാന്ത് തുടങ്ങിയ നേതാക്കൾ പ്രിയങ്ക എത്തും വരെ പ്രസംഗിച്ചു. തിരുനെല്ലി പഞ്ചായത്ത് ഓഫിസ് പരിസരം മുതൽ അമ്മാനി കവലവരെ യുഡിഎഫ് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പോലെയാണ് സ്ഥാനാർഥിയെ ആനയിച്ചത്.നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എടവക പഞ്ചായത്തിലെ രണ്ടേനാലിൽ പ്രിയങ്ക എത്തിയത്. പള്ളിക്കൽ, പാതിരിച്ചാൽ, ഏഴേനാൽ വഴി വെള്ളമുണ്ട പഞ്ചായത്തിലെ തരുവണയിലേക്കും സ്ഥാനാർഥിയെത്തി.
തിരുനെല്ലി ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി ദർശനം നടത്തി
തിരുനെല്ലി ∙ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഏറ്റുവാങ്ങിയ പാപനാശിനി തീരത്തെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ദർശനം നടത്തി. വയനാട്ടിൽ മൂന്നാം ഘട്ട പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി മാനന്തവാടി മേരിമാതാ കോളജിൽ ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം റോഡ് മാർഗം തിരുനെല്ലിയിലേക്ക് തിരിക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് ഓഫിസർ കെ.വി.നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ, ട്രസ്റ്റി പി.ബി.കേശവദാസിന്റെ പ്രതിനിധിയായി മകൾ കൃതിക കേശവദാസ് എന്നിവർ ചേർന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 1991ൽ ശ്രീപെരുംപുത്തൂരിൽ കൊലചെയ്യപ്പെട്ട രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തെ പുണ്യ തീർഥമായ പാപനാശിനിയിലാണ് നിമജ്ജനം ചെയ്‌തത്. ക്ഷേത്രത്തിന് ചുറ്റും വലംവച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി.
മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ശ്രീകാന്ത് പട്ടയൻ നെയ് വിളക്ക്, സൂക്ത പുഷ്പാഞ്ജലി, സഹസ്രനാമാർച്ചന, പാൽപായസം എന്നീ വഴിപാടുകൾക്ക് നേരത്തേ ചീട്ടാക്കിയിരുന്നു.2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
പ്രിയങ്ക ഗാന്ധിപള്ളിക്കുന്ന് പള്ളിയിൽ സന്ദർശനം നടത്തി
യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി സന്ദർശിച്ചു. കമ്പളക്കാട് നൽകിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോർണർ യോഗത്തിൽ പങ്കെടുക്കാൻ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിയിലെത്തിയത്. ഫാ. തോമസ് പനയ്ക്കൽ, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. തുടർന്ന് പ്രിയങ്കയ്ക്കു വേണ്ടി പള്ളിയിൽ പ്രാർഥന നടന്നു. പള്ളിയിലൊരുക്കിയ ചായസൽക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു.
യുഡിഎഫ് കുടുംബ സംഗമം
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊള്ളരുതായ്മയ്കൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് ബെന്നി ബഹനാൻ എംപി. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പൂത്തക്കൊല്ലിയിൽ സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പി.ഉമ്മർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ടി.ഹംസ, കൺവീനർ പി.പി.ആലി, ബി.സുരേഷ് ബാബു, സലിം മേമന, ടി.നാസർ, സാബു മാവേലിക്കര, ഒ.ഭാസ്‌കരൻ, പി.കെ. അഷ്റഫ്, മുഫീദ തെസ്‌നി തുടങ്ങിയവർ പ്രസംഗിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മകനെ ആശ്വസിപ്പിച്ച് പ്രിയങ്ക
നായ്ക്കെട്ടി ∙ കാട്ടാനയുടെ ആക്രമണത്തിൽ മാറോട് കൊല്ലപ്പെട്ട രാജുവിന്റെ മകനെ സമ്മേളന വേദിയിൽ ആശ്വസിപ്പിച്ച് പ്രിയങ്ക. സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ഇന്റേൺഷിപ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ ആദർശിനോട് അതിനു വേണ്ട സൗകര്യങ്ങളൊരുക്കാമെന്ന് പ്രിയങ്ക പറഞ്ഞു.
രാജുവിന്റെ കുടുംബത്തിനും പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്ന പരാതി നിലവിലുണ്ട്. നായ്ക്കെട്ടിയിലെ പൊതുയോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, പി.സി.വിഷ്ണുനാഥ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, യുപി പിസിസി അധ്യക്ഷൻ അജയ് റായ്, നേതാക്കളായ ഷിബു മീരാൻ, എൻ. ഡി. അപ്പച്ചൻ, ടി.മുഹമ്മദ്, സി. മമ്മുട്ടി, ഡി.പി. രാജശേഖരൻ, അബ്ദുല്ല മാടക്കര, എ.പി.ഉസ്മാൻ, ടി.അവറാൻ, ബെന്നി കൈനിക്കൽ, എം.എ.അസൈനാർ, കെ.വി.ബാലകൃഷ്ണൻ, രാമചന്ദ്രൻ പിലാക്കവ്, പാറക്കൽ അബ്ദുല്ല, അമൽ ജോയി, എൻ.എ. ഉസ്മാൻ, ഷീജ സതീഷ്, മണി.സി. ചോയിമൂല, ഉമ്മർ കുണ്ടാട്ടിൽ, ടി.ജി. വിജയൻ ഭാസ്കരൻ അമ്പലക്കണ്ടി, പുഷ്പ അനൂപ്, ഓമന പങ്കളം, മിനി സതീശൻ, അനീഷ് പിലാക്കാവ്, എം.എ. ദിനേശൻ, ജയചന്ദ്രൻ വള്ളുവാടി തുടങ്ങിയവർ പ്രസംഗിച്ചു.