ചൂരൽമല- മുണ്ടക്കൈ പ്രദേശത്തെ വോട്ടർമാർക്കു വാഹന സൗകര്യം
Mail This Article
കൽപറ്റ ∙ ഉപതിരഞ്ഞെടുപ്പ് ദിവസം ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു താൽക്കാലികമായി പുനരസിപ്പിച്ചവർക്കു വോട്ടു ചെയ്യാൻ സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരൽമല പ്രദേശങ്ങളിൽ സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണു ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെഎസ്ആർടിസിയുടെ സഹകരണത്തോടെ 4 റൂട്ടുകളിലായി 04 വയനാട് എച്ച്പിസി - ഉപതിരഞ്ഞെടുപ്പ് 2024, ചൂരൽമല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണു വാഹനം സർവീസ് നടത്തുക.
മുട്ടിൽ-തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട് -മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി- മുട്ടിൽ - കൽപറ്റ- മേപ്പാടി വഴി ബൂത്തുകളിലേക്കും പനമരം - കണിയാമ്പറ്റ - പള്ളിക്കുന്ന് - പൊഴുതന - വെങ്ങപ്പള്ളി - വൈത്തിരി വഴി ബൂത്തുകളിലേക്കും ബത്തേരി - കോളിയാടി - മാടക്കര - ചുള്ളിയോട് - അമ്പലവയൽ - തോമാട്ടുചാൽ- വടുവൻചാൽ -മേപ്പാടി വഴി ബൂത്തുകളിലേക്കുമാണു വോട്ട് വണ്ടി സർവീസ് നടത്തുക. വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് 8, 11, 2 എന്നീ സമയങ്ങളിലായി 3 ട്രിപ്പുകൾ ഉണ്ടാകും.