വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലാശക്കൊട്ട്; ആവേശം ഉയരെ ഉയരെ
Mail This Article
ആവേശപ്പൊക്കത്തിൽ എൽഡിഎഫിന്റെ കലാശക്കൊട്ട്
കൽപറ്റ ∙ ആവേശം വാനോളമുയർന്ന അന്തരീക്ഷത്തിൽ എൽഡിഎഫിന്റെ കലാശക്കൊട്ട്. വൈകിട്ടു മൂന്നരയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെറുറാലികളായി പ്രവർത്തകർ നഗരത്തിലേക്ക് എത്തിക്കൊണ്ടിരുന്നു. തുടർന്ന് നാലരയോടെ ചുങ്കം ജംക്‌ഷനിൽ നിന്നു പ്രകടനം ആരംഭിച്ചു.അരിവാളും ധാന്യക്കതിരും ആലേഖനം ചെയ്‌ത കൊടികളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും പ്ലക്കാർഡുകളും ചുവപ്പുനിറത്തിലുള്ള ബലൂണുകളും കയ്യിലേന്തിയും ചുവപ്പുനിറത്തിലുള്ള തൊപ്പിയും സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്‌ത ബനിയനുകൾ അണിഞ്ഞുമാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രകടനം.നൃത്തം വച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പ്രകടനത്തെ സജീവമാക്കി. വൈകിട്ട് അഞ്ചോടെ സ്ഥാനാർഥി സത്യൻ മൊകേരി കൂടി പ്രകടനത്തിനെത്തിയതോടെ ആവേശം വാനോളമായി. പ്രകടനം എച്ച്ഐഎംയുപി സ്കൂളിനു മുന്നിലെത്തിയപ്പോഴാണു സത്യൻ മൊകേരിയത്. പ്രകടനത്തിനിടെ അദ്ദേഹം ആളുകളെ കൈവീശി അഭിവാദ്യം ചെയ്‌തു. പ്രകടനം സഹകരണ ബാങ്ക് പരിസരത്തെത്തിയപ്പോൾ, വിദേശ വിനോദസഞ്ചാരികൾ നൃത്തം വച്ച് പ്രകടനത്തിനൊപ്പം കൂടിയത് ആവേശ കാഴ്ചയായി. തുടർന്ന് ചുങ്കം ജംക്‌ഷനിൽ പൊതുയോഗം ചേർന്നു. സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ നിന്നു മന്ത്രി പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.
പി.സന്തോഷ്കുമാർ എംപി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന എംപിയാണ് മണ്ഡലത്തിന് ആവശ്യമെന്ന് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പല്ല ഇത്. മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലെ എംപി പരാജയപ്പെട്ടെന്നും മണ്ഡലത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സത്യൻ മൊകേരി പറഞ്ഞു. ഡി.രാജൻ, ഷാജി ചെറിയാൻ, സി.കെ.ശിവരാമൻ, പി.കെ.മൂർത്തി, ടി.വി.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്നേഹം നിറച്ച് സഹോദരിക്കായി രാഹുൽ ഗാന്ധി
ബത്തേരി ∙ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനൊടുവിൽ പ്രിയങ്കയ്ക്ക് രാഹുലിന്റെ സ്നേഹമുത്തം. പുതിയ കാലത്തെ രാഷ്ട്രീയം സ്നേഹത്തിന്റേതാണെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രിയങ്കയെ ഉമ്മ വച്ചത്. ‘ഐ ലവ് വയനാട്’ എന്ന സ്നേഹമുദ്ര പ്രിന്റ് ചെയ്ത ടി ഷർട്ട് ധരിച്ചായിരുന്നു രാഹുലിന്റെ വരവ്.ഇന്നലെ രാവിലെ 11.30ന് അസംപ്ഷൻ ജംക്‌ഷനിൽ നിന്നാരംഭിച്ച റോഡ്ഷോ 12.15ന് ചുങ്കത്ത് സമാപിച്ചു. തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും റോഡിനിരുവശവും തിങ്ങിക്കൂടിയവരെ അഭിവാദ്യം ചെയ്തു.
വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. സെന്റ് മേരീസ് കോളജ് ഹെലിപാഡിൽ കോപ്റ്ററിലിറങ്ങിയ രാഹുലിനെ കാറിൽ ഒപ്പം കൂട്ടിയെത്തിയായിരുന്നു പ്രിയങ്കയുടെ നഗരയാത്ര.കുറെ വർഷം മുൻപു വരെ സ്നേഹം എന്ന വാക്ക് താൻ രാഷ്ട്രീയത്തിൽ ഉപയോഗിച്ചിരുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽ വന്ന ശേഷമാണ് സ്നേഹമെന്ന വാക്ക് ആദ്യമായി രാഷ്ട്രീയത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. ‘വയനാട്ടുകാർ ഒരുപാട് സ്നേഹവും ഇഷ്ടവും തന്നതോടെ എന്റെ രാഷ്ട്രീയം തന്നെ മാറി.
ദേഷ്യത്തെയും വിദ്വേഷത്തെയും പ്രതിരോധിക്കാൻ ഏറ്റവും നല്ല ആയുധം സ്നേഹമാണ്. വയനാട്ടിലെ ജനമാണ് രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്കിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത്’– രാഹുൽ പറഞ്ഞു.പ്രകൃതി സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നാടാണ് വയനാടെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാൻ വീണ്ടും വരുമെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപ ദാസ്മുൻഷി, തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, പി.സി.വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, അബ്ദുല്ല മാടക്കര, ഡി.പി. രാജശേഖരൻ, കെ.ഇ.വിനയൻ, എം.എ.അസൈനാർ, എടയ്ക്കൽ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
യുഡിഎഫിനെ പിന്തുണയ്ക്കും
കൽപറ്റ ∙ സംസ്ഥാനത്തെ 3 മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വയനാട്ടിലും ചേലക്കരയിലും നവ ജനശക്തി കോൺഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതായി ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ അറിയിച്ചു. പാലക്കാട് തനിച്ച് മത്സരിക്കുകയാണ്.
‘വാനിലുയർന്ന് ’ നവ്യ ഹരിദാസ്
ബത്തേരി ∙ കലാശക്കൊട്ടിനൊടുവിൽ ചുങ്കം ജംക്‌ഷനിൽ തയാറാക്കി നിർത്തിയ ക്രെയിനിൽ കയറി വാനിലുയർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്.ബിജെപി മണ്ഡലം പ്രസിഡന്റ് എ.എസ്. കവിതയോടൊപ്പമാണ് നവ്യ ക്രെയിനിൽ കയറിയത്. ക്രെയിനിലിരുന്ന് ഇരുവരും പ്രവർത്തകർക്കു നേരെ പുഷ്പവൃഷ്ടി നടത്തി.
വൈകിട്ട് കോട്ടക്കുന്നിൽ നിന്ന് സ്വതന്ത്രമൈതാനത്തേക്ക് എൻഡിഎയുടെ പ്രകടനം ആരംഭിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥി നവ്യ ഹരിദാസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ട്രാഫിക് ജംക്‌ഷൻ വഴി തിരികെ ചുങ്കം ജംക്‌ഷനിലാണ് സമാപന സമ്മേളനം നടത്തിയത്. ബിജെപി നേതാക്കളായ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, പ്രശാന്ത് മലവയൽ, എ.എസ്.കവിത തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ മാറ്റത്തിന്റ സൂചന: പി.കെ.കൃഷ്ണദാസ്
∙ വയനാടൻ മലമടക്കുകളിൽ നടക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടു. ചെപ്പടിവിദ്യകൾ ഇത്തവണ വിലപ്പോകില്ല. മുഖച്ഛായ കണ്ട് വോട്ടു വീഴില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
‘വികസനമെത്തിക്കാൻ എൻഡിഎ ജയിക്കണം’
വയനാട്ടിൽ വികസനം എത്തിക്കാൻ എൻഡിഎ ജയിച്ചാൽ മാത്രമേ സാധിക്കൂ എന്ന് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. വെറും കയ്യോടെയാണ് താൻ വയനാട്ടിലേക്ക് വന്നതെങ്കിൽ തിരിച്ചു പോകുന്നത് ഹൃദയം കീഴടക്കിയാണെന്നും നവ്യ പറഞ്ഞു.
വയനാടിന്റെ തകർച്ചയ്ക്ക് ഉത്തരവാദി കോൺഗ്രസ്: എം.ടി. രമേശ്
വയനാടിന്റെ എല്ലാ തകർച്ചയ്ക്കും ഉത്തരവാദി കോൺഗ്രസാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണ് കോൺഗ്രസ്. വയനാട്ടിലെ വോട്ടർമാരെ വിലയ്ക്കെടുക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്. എന്നാൽ അത് സാധ്യമല്ലെന്ന് 13 ന് തെളിയുമെന്നും രമേശ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ്: ജില്ലയിൽ നാളെ പൊതു അവധി
കൽപറ്റ ∙ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലയിലെ എല്ലാ സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയിൽ അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു ശമ്പളത്തോടു കൂടിയ അവധി നൽകണം.കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാൽ മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.