ചിഹ്നമായതു വിനയായി; ‘വോട്ടർമാരെ സ്വാധീനിക്കാതിരിക്കാൻ’ താമരകളുടെ ‘തല’ കൊയ്തു
Mail This Article
ബത്തേരി ∙ പൂത്തു നിന്ന താമരക്കൂട്ടത്തിനു കഷ്ടകാലം. കയ്യെത്തും ദൂരത്ത് പോളിങ് ബൂത്ത് വരുമെന്നും മത്സരിക്കുന്നവരിലൊരാളുടെ ചിഹ്നം താനായിരിക്കുമെന്നും താമരപ്പൂവിനറിയില്ലല്ലോ. ബത്തേരി സെന്റ് മേരീസ് കോളജിന്റെ പൂമുഖത്തു കൂട്ടത്തോടെ വിടർന്നു നിന്ന താമരപ്പൂക്കൾക്കാണു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ പേരിൽ ‘തല താഴ്ത്തേണ്ടി’ വന്നത്.
കോളജ് അധികൃതർ പ്രത്യേകം പരിപാലിച്ചു പോന്നതാണു താമരത്തോപ്പ്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായിരുന്നു കോളജ്. ബാലറ്റ് യൂണിറ്റുകളുടെ കമ്മിഷനിങ് നടന്നതും സെന്റ് മേരീസ് കോളജിൽ തന്നെ. അന്നേ ഉദ്യോഗസ്ഥരുടെ കണ്ണിൽ താമരപ്പൂക്കൾ ഉടക്കിയിരിക്കണം. വോട്ടെടുപ്പിനുള്ള മൂന്നു ബൂത്തുകളും താമരപ്പൂക്കൾക്ക് സമീപത്തെ കെട്ടിടത്തിലേക്കെത്തിയതോടെ താമരത്തോപ്പ് ചർച്ചയായി. ഒരു ബൂത്താകട്ടെ തൊട്ടടുത്തും. പോളിങ് ബൂത്തുകളിലേക്ക് എത്തുന്നവരെല്ലാം താമരപ്പൂക്കൾ കണ്ടു വേണം അകത്തു കയറാനെന്ന സ്ഥിതി.
വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നതിനാൽ നിശ്ചിത പരിധിക്കുള്ളിൽ തിരഞ്ഞെടുപ്പു ചിഹ്നം പാടില്ലെന്നിരിക്കെ പൂക്കളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നായി പിന്നീട് ഉദ്യോഗസ്ഥരുടെ ചിന്ത. പൂക്കൾ കളയുന്നതിനോടു നട്ടു നനച്ചവർക്ക് താൽപര്യമില്ലാത്തതിനാൽ ഷീറ്റിട്ടു മൂടാനായിരുന്നു ആലോചന. എന്നാൽ തൊട്ടയുടനെ പൂക്കൾ ഒന്നൊന്നായി നിലം പൊത്തിയെന്നും ഷീറ്റിന്റെ ആവശ്യം വന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വോട്ടെടുപ്പു ദിവസമായ ഇന്നലെ പൂക്കളെല്ലാം താഴെ വീണെങ്കിലും താമരത്തോപ്പിൽ നിറയെ മൊട്ടുകളുണ്ടായിരുന്നു; ഇനിയുമൊരു ഉപതിരഞ്ഞെടുപ്പിനെ താങ്ങാൻ കഴിയില്ലെന്ന മട്ടിൽ.