ADVERTISEMENT

കൽപറ്റ ∙ ഒടുവിൽ കൽപറ്റ ബൈപാസ് നവീകരണം തുടങ്ങി. ബിഎം ആൻഡ് ബിസി നിലവാരത്തിലാണു നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. നിലവിൽ 2 വരി പാതയാണു ബൈപാസ്. ഇതു 4 വരി പാതയാക്കുന്നതിന് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണു നവീകരണ ചുമതല. നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാലും കരാർ റദ്ദ് ചെയ്തിരുന്നു. തുടർന്നു പുതിയ ടെൻഡർ ക്ഷണിക്കുകയും 2 കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുകയും ചെയ്തു. 

എന്നാൽ. ഇതിൽ ഒരു കമ്പനി ടെൻഡർ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നവീകരണം മുടങ്ങി. പിന്നീട് കരാർ യുഎൽസിസിഎസിനു നൽകി കോടതി ഉത്തരവിടുകയായിരുന്നു. 3.84 കിലോമീറ്റർ ദൂരമാണ് ബൈപാസിനുള്ളത്. ഇതിൽ തകരാത്ത ഒരിടം പോലുമില്ലെന്നതാണു യാഥാർഥ്യം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടങ്ങളും പതിവായിരുന്നു.

റോഡിന്റെ ശോച്യാവസ്ഥ കാരണം പലരും ബൈപാസ് റോഡിലൂടെയുള്ള യാത്ര ഉപേക്ഷിച്ചതോടെ കൽപറ്റ നഗരത്തിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. മഴക്കാലത്തു റോഡേത്, കുഴിയേത് എന്നു തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മലയോരപാതയുടെ ഭാഗമായി ബൈപാസ് റോഡ് നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചതോടെയാണു റോഡിന്റെ ശനിദശ തുടങ്ങുന്നത്. വീതി കൂട്ടാനാവശ്യമായ സ്ഥലം വർഷങ്ങൾക്കു മുൻപ് ഏറ്റെടുത്തിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. റോഡിൽ മൈലാടിപാറയുടെ സമീപത്തായാണു കുഴികൾ കൂടുതൽ.

പലയിടങ്ങളിലും പഴയ റോഡിന്റെ അവശിഷ്ടങ്ങൾ മാത്രമാണുള്ളത്. ഓവുചാലുകളില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ പരന്നൊഴുകുകയാണ്. ഇതാണു റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്.കഴിഞ്ഞ ഓഗസ്റ്റിൽ മലവെള്ളപ്പാച്ചിലുണ്ടായി റോഡിനു കേടുപാടു സംഭവിച്ചിരുന്നു. ബൈപാസ് റോഡിൽ നിന്നു കൈനാട്ടിയിലെ പ്രധാന റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ഇറക്കത്തിലും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇൗ ഭാഗത്തു ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്.

English Summary:

The long-awaited renovation of the Kalpetta Bypass has finally begun, bringing relief to commuters who have long endured its hazardous condition. The project will see the two-lane bypass widened to four lanes and resurfaced to BM and BC standards, addressing the potholes, damaged surfaces, and lack of proper drainage that have plagued the road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com