മാനന്തവാടിയിൽ യുഡിഎഫ് ലീഡ് കുറയുമെന്ന് എൽഡിഎഫ്; അരലക്ഷത്തിലേറെ ഭൂരിപക്ഷമെന്ന് യുഡിഎഫ്
Mail This Article
മാനന്തവാടി ∙ പോളിങ് ശതമാനത്തിലെ ഗണ്യമായ കുറവുണ്ടെങ്കിലും മുന്നണികളുടെ ആത്മവിശ്വാസത്തിനു കുറവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 79026 വോട്ടുകളാണ് യുഡിഎഫ് നേടിയത്. 40305 വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 38721 ആണ് യുഡിഎഫിനു മാനന്തവാടി നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം. അത് ഇക്കുറി 28000 ആയി കുറയുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. തിരുനെല്ലിയിലെ 390 വോട്ടിന്റെ ലീഡ് ഇക്കുറി 1000 കടക്കുമെന്നും മറ്റ് 6 ഇടങ്ങളിലും യുഡിഎഫ് ലീഡ് കുറയുമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷ. 2019ൽ ലഭിച്ച 63000ത്തിന് മുകളിലെ വൻ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25503 വോട്ടുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഇത് 30,000 കവിയുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. വഖഫ് പ്രശ്നം വോട്ടായി മാറുമെന്നും ക്രൈസ്തവ വോട്ടുകൾ ഇക്കുറി കാര്യമായി ലഭിക്കുമെന്നും നേതാക്കൾ പറയുന്നു.2019ലെ 81.54% പോളിങ് കഴിഞ്ഞ തവണ 73.06 ആയും ഇക്കുറി 63.89 ശതമാനമായും താഴ്ന്നിട്ടുണ്ട്. ഇതിൽ 3 മുന്നണികൾക്കും ആശങ്കയുണ്ട്. കഴിഞ്ഞ തവണ 87% പോളിങ് നടന്ന ചിറക്കരയിലെ 49–ാം നമ്പർ ബൂത്തിൽ 453 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.
ഇക്കുറി 65.27 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ നേടിയ 211 വോട്ടുകൾ എൽഡിഎഫും 166 വോട്ടുകൾ എൻഡിഎയും നിലനിർത്തിയാൽ യുഡിഎഫിന്റെ ഭൂരിപക്ഷത്തിലാണ് വലിയ കുറവ് വരിക. എന്നാൽ, പുതിയ വോട്ടുകളിൽ ഏറെയും തങ്ങളാണ് ചേർത്തതെന്നും ഭൂരിപക്ഷം ഉയരുകയാണ് ചെയ്യുകയെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. മാനന്തവാടി നഗരസഭയിലും വെള്ളമുണ്ട, തവിഞ്ഞാൽ, പനമരം പഞ്ചായത്തുകളിൽ 10000ത്തിൽ ഏറെ ഭൂരിപക്ഷം ലഭിക്കുമെന്നും ഇടതുകോട്ടയായ തിരുനെല്ലിയിൽ പോലും 1500ൽ ഏറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ അവകാശവാദം. എടവകയിലും തൊണ്ടർനാട്ടിലും ഭൂരിപക്ഷം 5000 കടക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ, അടിച്ചേൽപിച്ച ഉപ തിരഞ്ഞെടുപ്പിന് എതിരായ ജനവികാരം വോട്ടിങ്ങിൽ പ്രതിഫലിക്കുമെന്ന് ഇടതുപക്ഷവും കണക്ക് കൂട്ടുന്നു. സജീവമായ പ്രചാരണത്തിലൂടെ വോട്ട് ഉയർത്താനായെന്ന പ്രതീക്ഷയിലാണ് ബിജെപി.