ADVERTISEMENT

കൽപറ്റ ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പോളിങ് കുറ‍ഞ്ഞെങ്കിലും ഏറ്റവും കുറവ് എൽഡിഎഫ് കേന്ദ്രമായ നിലമ്പൂരിൽ. കഴിഞ്ഞ തവണ 71.35% പേർ വോട്ട് ചെയ്ത നിലമ്പൂരിൽ ഇക്കുറി 61.91% പോളിങ്ങാണു നടന്നത്. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ബത്തേരിയിലാണ് പോളിങ് ശതമാനം ഏറ്റവും കുറവ്. കഴിഞ്ഞതവണ 72.20% പേർ വോട്ട് ചെയ്ത ബത്തേരിയിൽ ഉപതിരഞ്ഞെടുപ്പിലെ പോളിങ് 62.28% മാത്രം. എന്നാൽ, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ പോളിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് ശതമാനം ഏറ്റവും കുറവു ബത്തേരിയിലാണ് – 9.92 ശതമാനത്തിന്റെ കുറവ്. നിലമ്പൂരിൽ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 9.44 ശതമാനത്തിന്റെ കുറവാണ് പോളിങ്ങിലുള്ളത്. ഇത്തവണ കൂടുതൽ പോളിങ് ഏറനാട് മണ്ഡലത്തിലാണ്–  69.42%. രണ്ടാമതു തിരുവമ്പാടി – 66.39%. മൂന്നാമതുള്ള കൽപറ്റയിൽ 65.45% പോളിങ് നടന്നു. വണ്ടൂർ–  64.43%, മാനന്തവാടി – 63.89%, ബത്തേരി –62.68%, നിലമ്പൂർ 61.91% എന്നിങ്ങനെയാണു മറ്റു മണ്ഡലങ്ങളിലെ പോളിങ്. ഏറനാട് മണ്ഡലത്തിൽ 1,84,986 വോട്ടർമാരിൽ 1,28,430 പേരും തിരുവമ്പാടിയിൽ 1,84,808 വോട്ടർമാരിൽ 1,22,705 പേരും കൽപറ്റയിൽ 2,10,760 വോട്ടർമാരിൽ 1,37,958 പേരും വണ്ടൂരിൽ 2,34,228 വോട്ടർമാരിൽ 1,50,917 പേരും വോട്ടു രേഖപ്പെടുത്തി. മാനന്തവാടിയിൽ 2,02,930 വോട്ടർമാരിൽ 1,29,669 പേരും ബത്തേരിയിൽ 2,27,489 വോട്ടർമാരിൽ 1,42,591 പേരും നിലമ്പൂരിൽ 2,26,541 വോട്ടർമാരിൽ 1,40,273 പേരും വോട്ട് ചെയ്തു. 

ബൂത്തിലെത്താത്തത് 5,19,199 വോട്ടുകൾ;വോട്ട് ചെയ്തവരിൽ കൂടുതലും സ്ത്രീകൾ 
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിര‍ഞ്ഞെടുപ്പിൽ ചെയ്യാതെ പോയത് 5,19,199 വോട്ടുകൾ. മണ്ഡലത്തിൽ ആകെ 14,71,742 വോട്ടർമാരിൽ 9,52,543 വോട്ടുകളാണു പോൾ ചെയ്തത്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ വോട്ട് ചെയ്യാത്തവരിൽ കൂടുതലും പുരുഷന്മാരാണ്– 2,70,292 പുരുഷന്മാർ വോട്ട് ചെയ്യാനെത്തിയില്ല. വോട്ട് ചെയ്യാത്ത സ്ത്രീകൾ 2,48,896. ആകെയുള്ള 7,25,044 പുരുഷ വോട്ടർമാരിൽ 4,54,752 പേർ മാത്രമാണു വോട്ടു രേഖപ്പെടുത്തിയത്. 7,46,684 സ്ത്രീ വോട്ടർമാരുള്ളതിൽ 4,97,788 േപർ വോട്ട് ചെയ്യാനെത്തി. പുരുഷ വോട്ടർമാരെക്കാൾ 21,640 സ്ത്രീ വോട്ടർമാരേ മണ്ഡലത്തിൽ കൂടുതൽ ഉള്ളൂവെങ്കിലും പുരുഷന്മാരെക്കാൾ 43,036 സ്ത്രീകൾ വോട്ട് ചെയ്യാനെത്തി.

കൽപറ്റയിൽ പ്രതീക്ഷയോടെ യുഡിഎഫ്;  ആത്മവിശ്വാസത്തോടെ എൽഡിഎഫ് 
കൽപറ്റ ∙ ജില്ലയിൽ ഏറ്റവുമധികം പോളിങ് നടന്ന നിയോജകമണ്ഡലമാണു കൽപറ്റ. വയനാട് മണ്ഡലം മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ കൽപറ്റയെക്കാൾ ഉയർന്ന പോളിങ് ഏറനാട്ടിലും തിരുവമ്പാടിയിലുമേയുള്ളൂ. അതും ചെറിയ വ്യത്യാസം മാത്രം. ഇക്കുറി 65.45 ശതമാനമാണ് കൽപറ്റയിലെ പോളിങ്. പൊതുതിരഞ്ഞെടുപ്പിനെക്കാൾ വോട്ടുശതമാനത്തിലെ വ്യത്യാസം 6.95 മാത്രം. ആകെയുള്ള 210760 വോട്ടുകളിൽ 137958 വോട്ടുകൾ കൽപറ്റയിൽ പോൾ ചെയ്തു. മുസ്‌ലിം ലീഗിനു ശക്തിയുള്ള പല ബൂത്തുകളിലും താരതമ്യേന ഉയർന്ന പോളിങ് നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞതവണത്തെ ആവേശം കാണാനില്ലായിരുന്നു. കോൺഗ്രസ് കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദിവാസി– ക്രിസ്ത്യൻ പ്രാതിനിധ്യം കൂടുതലുള്ള ബൂത്തുകളിലെ പോളിങ് ശതമാനത്തിലെ കുറവ് ആർക്കു പ്രതികൂലമാകുമെന്നതു കണ്ടറിയണം. ബിജെപി കടന്നുകയറ്റവും പ്രവചനാതീതം. പൊളിറ്റിക്കൽ വോട്ടുകളെല്ലാം പോൾ ചെയ്തിട്ടുണ്ടെന്നാണ് എൽഡിഎഫ് പറയുന്നതെങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനം ആവർത്തിക്കാനാകുമോയെന്നതിൽ ഉറപ്പില്ല. 

ജില്ലയിൽ യുഡിഎഫ് നിലവിൽ ഏറ്റവുമധികം ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കൽപറ്റ. 75,000 വോട്ടുകൾ കൽപറ്റയിൽ പ്രിയങ്ക ഗാന്ധി അധികമായി നേടണമെന്നാണു യുഡിഎഫ് ലക്ഷ്യമിട്ടത്. എന്നാൽ, രാഹുൽ ഗാന്ധി മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും ഈ നേട്ടത്തിലെത്താൻ യുഡിഎഫിനു സാധിച്ചില്ല. 2019ൽ രാഹുൽ നേടിയ 63,751 വോട്ടുകളാണ് യുഡിഎഫിന്റെ ഏറ്റവും മികച്ച പ്രകടനം. പൊതുതിരഞ്ഞെടുപ്പിൽ 49,657 വോട്ടിന്റെ ഭൂരിപക്ഷവും നേടി. ഇക്കുറി ഏതു പ്രതികൂല സാഹചര്യത്തിലും 50,000 വോട്ടുകളെങ്കിലും പ്രിയങ്ക അധികമായി നേടുമെന്ന് യുഡിഎഫ് കരുതുന്നു. എന്നാൽ, പോളിങ് പ്രതീക്ഷയ്ക്കൊത്തുയരാത്തത് യുഡിഎഫിനെ ബാധിക്കാനാണിട. സത്യൻ മൊകേരി കുറഞ്ഞത് 40,000 വോട്ടുകൾ നേടുമെന്നാണ് എൽഡിഎഫ് പറയുന്നത്. കഴിഞ്ഞതവണ ആനിരാജ 39,129 വോട്ട് നേടിയിരുന്നു. എങ്ങനെപോയാലും സത്യൻ മൊകേരിക്ക് 35,000 വോട്ടുകൾ ഉറപ്പാണെന്നും നേതാക്കൾ പറയുന്നു. കെ. സുരേന്ദ്രൻ നേടിയ 24,431 വോട്ടുകളിൽ ഇക്കുറി വലിയ കുറവുണ്ടാകില്ലെന്ന പ്രതീക്ഷയാണു ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നതെങ്കിലും പോളിങ്ങിലെ കുറവ് അവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. 

ബത്തേരിയിൽ 3 മുന്നണികളും ആശങ്കയിൽ 
ബത്തേരി ∙ മണ്ഡലത്തിലെ പോളിങ് ശതമാനം ഇക്കുറി കുത്തനെ ഇടിഞ്ഞു. 7 മാസം മുൻപ് നടന്ന പൊതു തിരഞ്ഞെടുപ്പിനേക്കാൾ 21047 വോട്ടാണ് കുറഞ്ഞത്. 2019 മായി താരതമ്യം ചെയ്യുമ്പോൾ അത് കാൽ ലക്ഷം കവിയും. പോളിങിലെ കുറവ് ഏതു മുന്നണിയെ ബാധിക്കുമെന്നതിലാണ് പ്രവർത്തകർക്ക് ആശങ്ക.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ടു വ്യത്യാസം 4,749 വോട്ടുകൾ മാത്രമായിരുന്നു. നിയോജക മണ്ഡലത്തിൽ ആകെയുള്ള 2,27,489 വോട്ടർമാരിൽ 1,42,591 പേർ മാത്രമാണു വോട്ടു ചെയ്യാനെത്തിയത്. 84898 പേർ സമ്മതിദാനം വിനിയോഗിച്ചില്ല. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അന്ന് വോട്ടു ചെയ്യാനെത്തിയ 21047 പേർ ഇത്തവണ ബൂത്തുകളിൽ എത്തിയില്ല. 2024 ഏപ്രിലിൽ രാഹുൽ ഗാന്ധിയും ആനി രാജയും കെ. സുരേന്ദ്രനും മത്സരിക്കുമ്പോൾ ആകെയുണ്ടായിരുന്ന 2,25,635 വോട്ടർമാരിൽ 1,63,638 വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. ഇത്തവണ അതു വീണ്ടും ഇടിഞ്ഞു. 72.52 ശതമാനത്തിൽ നിന്ന് 62.68 ശതമാനത്തിലേക്ക്. 9.84 ശതമാനത്തിന്റെ കുറവ്. 

ആകെയുള്ള വോട്ടർമാരുടെ കണക്കിൽ 84898 വോട്ടുകളാണ് പോൾ ചെയ്യപ്പെടാതെയിരുന്നതെങ്കിലും വോട്ടെടുപ്പിൽ സജീവമാകാറുള്ള കാൽ ലക്ഷം പേർ ബത്തേരി മണ്ഡലത്തിൽ മാത്രം ഇത്തവണ ബൂത്തിൽ എത്തിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ൽ 101229 വോട്ട് രാഹുലിന് ലഭിച്ചപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് 84439 ആയി കുറഞ്ഞു. 2019 ൽ എൽഡിഎഫിലെ പി.പി.സുനീർ 40232 വോട്ടു നേടിയപ്പോൾ കഴിഞ്ഞ തവണ ആനി രാജ 40458 ആക്കി ഉയർത്തി. 2019 ൽ 17602 വോട്ടു മാത്രം നേടിയ ബിജെപി കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ‍ മത്സരിച്ചപ്പോൾ 35709 ആക്കി ഉയർത്തി എൽഡിഎഫിന് തൊട്ടു പിന്നിലെത്തി. ഇത്തവണ 10 ശതമാനം പോളിങ് കുറയുമ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും വോട്ടു വ്യത്യാസം എന്താകുമെന്നാണ് ആകാംക്ഷ. പൂതാടിയിലും പുൽപള്ളിയിലും എൽഡിഎഫിനെ ബിജെപി മറികടന്നിരുന്നു. ഇത്തവണ നൂൽപുഴയിലും മറികടക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 

 മണ്ഡലത്തിലെ 218 ബൂത്തുകളിൽ നടവയൽ സെന്റ് തോമസ് സ്കൂളിലെ 51ാം നമ്പർ ബൂത്തിലാണ് പോളിങ് ഏറ്റവും കുറവ് – 45.67 %. 1053 പേരിൽ 481 പേർ മാത്രമാണ് ഇവിടെ വോട്ട് ചെയ്യാനെത്തിയത്. കൂടുതൽ 83ാം നമ്പർ ബൂത്ത് കുറിച്യാട്ടാണ് – 90.14 %. 71ൽ 64 പേർ വോട്ടു ചെയ്തു. 75 ശതമാനത്തിലധികം പോളിങ് നടന്ന രണ്ടു ബൂത്തുകളേ ബത്തേരിയിലുള്ളു. 75.38 ശതമാനം പോളിങ് നടന്ന 191ാം നമ്പർ ബൂത്ത് ഗവ .ഹൈസ്കൂൾ ആനപ്പാറയും 75.46 ശതമാനം പോളി നടന്ന 90ാം നമ്പർ ബൂത്ത് മാതമംഗലവും. 

English Summary:

The Wayanad Lok Sabha by-election witnessed a dip in voter turnout across all constituencies. Nilambur and Bathery, constituencies traditionally considered LDF and IUML strongholds respectively, saw the most significant drops in voter participation. Eranad recorded the highest voter turnout.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com