നെയ്ക്കുപ്പയിൽ നെൽക്കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
Mail This Article
നടവയൽ∙ പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിൽ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടിയിൽ 20 ദിവസത്തിനക വിളവെടുക്കാനിരുന്ന നെൽക്കൃഷി ഒറ്റ രാത്രി കൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചു. ചെഞ്ചടി അനന്തകൃഷ്ണൻ, എടക്കോട് നിർമല എന്നിവരുടെ ഗന്ധകശാല അടക്കമുള്ള അരയേക്കറോളം നെൽക്കൃഷിയാണു കഴിഞ്ഞ രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചത്. വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതവേലി തകർത്ത് നെയ്ക്കുപ്പ പാത്രമൂല ഭാഗത്തുനിന്നു കാട്ടാന വയലിൽ ഇറങ്ങിയത് കാവൽക്കാർ അറിയാത്തതാണ് ഇത്രയധികം നെല്ല് നശിക്കാൻ കാരണമെന്ന് കർഷകനായ അനന്തു പറഞ്ഞു. നെല്ല് വിളവെടുക്കാനിരിക്കെ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചതു കർഷകരെ ആശങ്കയിലാക്കി.
2 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ ഭാഗത്ത് വീണ്ടും കാട്ടാന ശല്യം വർധിച്ചത്. പടക്കം പൊട്ടിച്ച് ഒടിക്കാൻ ശ്രമിച്ചിട്ടും കാട്ടാനക്കൂട്ടം പോകാൻ കൂട്ടാക്കുന്നില്ല. നെല്ലിന്റെ മധുരമാണു കാട്ടാനകളെ ആകർഷിക്കുന്നത്. വർഷങ്ങൾക്കു മുൻപ് വനംവകുപ്പ് സ്ഥാപിച്ച കന്മതിലും തകർന്നു കിടക്കുന്ന വൈദ്യുത വേലിയും അറ്റകുറ്റപ്പണി നടത്താത്തതാണു കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കാൻ കാരണമെന്നു കർഷകർ പറഞ്ഞു. സ്വന്തം അധ്വാനത്തിനു പുറമേ വൻതുക മുടക്കിയിറക്കിയ കൃഷി കാട്ടാന നശിപ്പിച്ചതോടെ ബാക്കി നെൽക്കൃഷി ഇനി എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയിലാണു കർഷകർ.