വെറുതേയായി പ്രധാനമന്ത്രിയുടെ വാക്കും; അനിൽ കുമാറിനു സഹായം വാഗ്ദാനം ചെയ്തത് മോദി നേരിട്ട്
Mail This Article
കോക്കുഴി (വയനാട്) ∙ വേണ്ട സഹായങ്ങളെല്ലാം ഉണ്ടാകുമെന്നു കൈകളിൽ കൈചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കു നൽകിയപ്പോൾ അനിൽ കുമാർ ഏറെ പ്രതീക്ഷിച്ചു. എന്നാൽ, അതു പാഴ്‌വാക്കായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ നട്ടെല്ല് തകർന്നു കിടപ്പിലായ അനിൽകുമാറിനെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി കണ്ടത്. കോക്കുഴിയിലെ വാടകവീട്ടിൽ തുടർചികിത്സയിലാണ് ഈ ചെറുപ്പക്കാരൻ ഇപ്പോൾ. അമ്മ ലീലാവതിയെയും രണ്ടര വയസ്സുള്ള മകൻ ശ്രീനിഹാലിനെയും ഉരുൾ കവർന്നു. ഒപ്പം പുതിയ വീടും സമ്പാദ്യവുമെല്ലാം നഷ്ടമായി. ഭാര്യ ജാൻവി ഇപ്പോഴും മകന്റെ മരണത്തോടു മാനസികമായി പൊരുത്തപ്പെട്ടിട്ടില്ല.
അന്ന് 10 മിനിറ്റോളം പ്രധാനമന്ത്രി അനിൽകുമാറുമായി സംസാരിച്ചു. ദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും സ്വന്തം നഷ്ടങ്ങളുമെല്ലാം അനിൽകുമാർ ഹിന്ദിയിൽത്തന്നെ അദ്ദേഹത്തോടു വിവരിച്ചു. ഇപ്പോൾ തുടർചികിത്സയും വീട്ടുചെലവുകളും പ്രയാസത്തിലാണ്. ‘ഡിസ്ചാർജ് ചെയ്യുന്നതു വരെയുള്ള ചികിത്സ സൗജന്യമായിരുന്നെങ്കിലും ഇപ്പോൾ ചികിത്സാസഹായമൊന്നും ലഭിക്കുന്നില്ല. വീട്ടുവാടക സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. പ്രതിദിന സഹായമായ 300 രൂപ മുടങ്ങി. പ്രധാനമന്ത്രി സഹായിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി’– അനിൽകുമാർ പറഞ്ഞു. ക്രൊയേഷ്യയിൽ ജോലി ചെയ്യുകയായിരുന്ന അനിൽ ദുരന്തത്തിന് ഒരു മാസം മുൻപാണ് മുണ്ടക്കൈയിലെ വീട്ടിലെത്തിയത്. അച്ഛൻ ദേവരാജനും പരുക്കുകളുടെ അസ്വസ്ഥതകളിലാണു ജീവിതം തള്ളിനീക്കുന്നത്.