കുടുംബ ബജറ്റിന് ഉള്ളിയുടെ നീറ്റൽ; സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്
Mail This Article
കൽപറ്റ ∙ പെട്ടെന്നുണ്ടായ സവാള വിലക്കയറ്റത്തിൽ കുടുംബ ബജറ്റ് താളം തെറ്റി സാധാരണക്കാർ. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സവാള വിലയോടൊപ്പം ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും പച്ചക്കറികളുടെയും വില ഉയരുകയാണ്.കിലോ ഗ്രാമിനു 70 മുതൽ 80 രൂപ വരെയുള്ള നിരക്കിലാണ് ജില്ലയിലെ പച്ചക്കറിക്കടകളിൽ സവാള വ്യാപാരം നടക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണു സവാള പ്രധാനമായും വരേണ്ടത്. കഴിഞ്ഞ മാസം അവിടെ പെയ്ത മഴയിൽ വലിയ കൃഷിനാശമുണ്ടായതോടെ സവാളയുടെ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു. കൃഷിനാശത്തോടൊപ്പം ഉൽപാദനം ഗണ്യമായി കുറഞ്ഞതും ലഭ്യതയെ ബാധിച്ചു. രാജസ്ഥാനിലെയും പുണെയിലെയും സ്ഥിതി വ്യത്യസ്തമല്ല.
മൈസൂരുവിൽ നിന്നുള്ള സവാള വരവു കുറഞ്ഞതും തിരിച്ചടിയാണ്. നാസിക്കിൽ നിന്നും ബിജാപൂരിൽ നിന്നുമാണ് ഇപ്പോൾ വയനാട്ടിലേക്കു പ്രധാനമായും സവാള ഇറക്കുന്നത്.കിലോ 58 രൂപ നിരക്കിൽ നൽകിയാണു മൊത്തവ്യാപാരികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നു സവാള വാങ്ങുന്നത്. പെട്ടെന്നു കേടു വരുന്നതിനാൽ മൊത്തവ്യാപാരികളും സവാള ധാരാളമായി സംഭരിക്കുന്നില്ല. കുറച്ചു ദിവസത്തേക്കുള്ള ലോഡ് മാത്രമാണു ഇപ്പോൾ എടുക്കുന്നത്. അതിൽ തന്നെ കേടുവന്ന സവാള വിൽപനായോഗ്യമല്ലാതായി നഷ്ടമാകുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.
ഇതെല്ലാം വിപണിയിൽ ഉണ്ടാക്കുന്ന അനിശ്ചിതത്വമാണ് സവാള വിലയിൽ പ്രതിഫലിക്കുന്നത്.അടുത്ത ആഴ്ചകളിൽ വീണ്ടും വിളവെടുപ്പു തുടങ്ങും. അതുവരെ വില ഉയർന്നു നിൽക്കാനുള്ള സാധ്യതയാണുള്ളത്.സവാളയോടൊപ്പം മറ്റു അവശ്യ പച്ചക്കറികൾക്കും വില കൂടുന്നുണ്ട്. കാരറ്റ് കിലോയ്ക്കു 85 മുതൽ 100 രൂപ നിരക്കിലാണ് പല സ്ഥലങ്ങളിലും കച്ചവടം നടക്കുന്നത്.