‘വൈറലായ’തോടെ സഞ്ചാരികളുടെ ഒഴുക്ക്; കാഴ്ചകൾക്കു താഴിട്ടു, കാവലിന് ആളും!
Mail This Article
പുൽപള്ളി ∙ മനോഹരമായ വനപാതയും കൂറ്റൻ പൊട്ടുതാന്നിമരവും കാണാൻ ആളുകൾ ഇരച്ചെത്തിയതോടെ വനത്തിലേക്കുള്ള പ്രവേശനത്തിനു വനംവകുപ്പ് പൂട്ടിട്ടു. ചെതലയം വനമേഖലയിലെ മഠാപ്പറമ്പ് റിസർവ് വനത്തിലൂടെയുള്ള വനപാതയും വശ്യമനോഹരമായ വനദൃശ്യങ്ങളും കാണാനാണ് ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ആളുകൾ ഇവിടേക്ക് ഒഴുകിക്കൊണ്ടിരുന്നത്. മഠാപ്പറമ്പ് വനപാതയിലെ പൊട്ടുതാന്നിമരമാണ് ഏറെ ആകർഷകം. രണ്ടുമൂന്നാൾക്ക് കയറിനിൽക്കാവുന്ന കൂറ്റൻ താന്നിമരമാണ് സമൂഹമാധ്യമങ്ങളിൽ താരമായത്. ഈ മരത്തെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളും വിശ്വാസങ്ങളും മരത്തിനുള്ളിൽ കയറി മുകളിലേക്ക് നോക്കിയാൽ ആകാശം കാണുന്നതുമെല്ലാം സഞ്ചാരികൾക്കിഷ്ടമായി. വരുന്നവരെല്ലാം ഇക്കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ വനപാത നിറയെ വാഹനങ്ങളും ആളുകളുമായി. അവധി ദിനങ്ങളിൽ ഭക്ഷണവുമായിട്ടാണ് സഞ്ചാരികളെത്തിയിരുന്നത്.
വനത്തിലെ പൂട്ടുകട്ടപാകിയ വളഞ്ഞുതിരിയുന്ന റോഡുകളും പുൽമേടുകളും ആളുകളുടെ ഇഷ്ട ലൊക്കേഷനായി. വിവാഹ ആൽബങ്ങൾ, സഞ്ചാര വിഡിയോകൾ എന്നിവയിലും പൊട്ടുതാന്നിയും കോളറാട്ടുകുന്ന് വനപ്രദേശവും നിറഞ്ഞു.മഠാപ്പറമ്പ് ഗോത്രസങ്കേതം, ഈറ്റകൃഷി, മണലമ്പം, ഈ ദേശങ്ങളിലെ പരമ്പരാഗത ഗോത്രക്ഷേത്രങ്ങൾ എന്നിവയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി. രസകരമായ യാത്രയിൽ വന്യമൃഗങ്ങളെയും അപൂർവ പക്ഷികളെയും കാണാനാവും.നത്തിൽ തിരക്കേറിയതോടെ വനംവകുപ്പ് വിനോദസഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തി.
കോളറാട്ടുകുന്നിൽ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയും കാവലിന് ഗേറ്റിൽ ആളെ നിയമിക്കുകയും ചെയ്തു. വിലക്കു ലംഘിച്ച് വനത്തിൽ കയറുന്നവരുടെ പേരിൽ നടപടിയുണ്ടാകുമെന്നായതോടെ ആളുകൾ നിരാശരായി മടങ്ങുന്നു.ഇവിടെ വിനോദ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്നാണ് വനംവകുപ്പിന്റെ നിലപാട്. ആന, കടുവ എന്നിവയുടെ സാന്നിധ്യം പ്രദേശത്തുണ്ട്. സഞ്ചാരികളായെത്തുന്നവർ വനത്തിൽ ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നു. മയക്കുമരുന്ന് ഉപയോഗവും ഈ പ്രദേശത്ത് നടക്കുന്നുണ്ടെന്ന സൂചനയുമുണ്ടായി. അപകട സാധ്യത കണക്കിലെടുക്കാതെ വിദ്യാർഥിനികൾ വനത്തിലൂടെ ചുറ്റിത്തിരിഞ്ഞതും വനപാലകർ കണ്ടെത്തി.