കാവൽമാടങ്ങൾ ഒരുങ്ങി, നെൽപാടങ്ങൾ കതിരണിഞ്ഞു; കർഷകർക്ക് ഇനി ഉറക്കമില്ലാ രാവുകൾ
Mail This Article
പുൽപള്ളി ∙ നാട്ടിൽ നെൽപാടങ്ങൾ കതിരിട്ടതോടെ കാവൽമാടങ്ങളൊരുക്കി കർഷകർ പാടത്ത്. വനയോര ഗ്രാമങ്ങളിൽ കാട്ടുമൃഗങ്ങളിൽ നിന്നു നെല്ല് സംരക്ഷിക്കാൻ കർഷകർക്ക് ഇനി ഉറക്കമില്ലാ രാത്രികൾ. നാട്ടുകാർ ഒറ്റയ്ക്കും കൂട്ടമായും കാവലിനെത്തും. വനാതിർത്തിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ തകരാറിലായതോടെ കാട്ടാനയടക്കമുള്ളവയുടെ ഭീഷണി നെൽക്കൃഷിക്കുണ്ട്. കൂട്ടമായെത്തുന്ന കാട്ടുപന്നികളും മാനും കുരങ്ങുമെല്ലാം നെല്ലുവിളയുമ്പോൾ പാടത്തിറങ്ങി കൃഷിനാശമുണ്ടാക്കുന്നു.
നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ട വീട്ടിമൂല പാടത്ത് ചാത്തമംഗലം തണൽ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ കാവൽമാടങ്ങളുടെ നിർമാണം തുടങ്ങി. 25 ഏക്കർ പാടത്ത് കഴിഞ്ഞ വർഷം 13 മാടങ്ങളുണ്ടാക്കിയിരുന്നു. ഇക്കൊല്ലവും ആവശ്യമായ സ്ഥലത്തെല്ലാം കാവലിനു സൗകര്യമൊരുക്കും. രൂക്ഷമായ വന്യമൃഗശല്യം മൂലം കർഷകർ പാടം തരിശിടുന്നതു വർധിക്കുന്നു. പരമാവധി സ്ഥലത്ത് കൃഷിയുറപ്പിച്ച് ഭക്ഷ്യോൽപാദനം വർധിപ്പിക്കാനാണ് സംഘത്തിന്റെ ശ്രമം. കൃഷിചെലവിനു പുറമേ കാവലൊരുക്കാനും കർഷകർക്കു ചെലവേറുന്നു.
ഓരോപാടത്തും തദ്ദേശ സ്ഥാപനങ്ങൾ കാവൽമാടം നിർമിക്കുന്നതു ഗുണകരമാണെന്നു കർഷകർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ നെൽക്കൃഷിയെയും ഉൾപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കണമെന്നാണു കർഷകരുടെ ആവശ്യം. വനാതിർത്തിയിൽ വന്യമൃഗശല്യം കൂടുതലാണെങ്കിലും കാവൽമാടം നിർമിക്കാനാവശ്യമായ മുളവെട്ടാൻപോലും വനംവകുപ്പ് സമ്മതിക്കാറില്ല. ജനകീയ സഹകരണത്തോടെയാണു പലയിടത്തും ആന പ്രതിരോധ വേലി സംരക്ഷിക്കുന്നത്. കൊയ്ത്തു കഴിയുംവരെ കർഷകരുടെ അന്തിയുറക്കം പാടത്താണ്. പാക്കം, ചേകാടി, ദാസനക്കര,വട്ടവയൽ, മൂഴിമല തുടങ്ങിയ പാടങ്ങളിലും കാവൽമാടങ്ങളുടെ നിർമാണം സജീവമാണ്.