തരിയോട് എച്ച്എസ്–പത്താംമൈൽ റോഡ് അറ്റകുറ്റപ്പണിക്ക് ജീവൻ വയ്ക്കുന്നു
Mail This Article
കാവുംമന്ദം ∙ വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന തരിയോട് എച്ച്എസ്–പത്താംമൈൽ റോഡ് നന്നാക്കാനുള്ള നടപടികൾക്ക് ജീവൻ വയ്ക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകളെ തുടർന്ന് റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ടി. സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അധികൃതർ, കരാറുകാർ എന്നിവർക്ക് നിർദേശം നൽകി.പാടേ തകർന്ന റോഡിൽ കാൽനട യാത്ര പോലും അസാധ്യമായി വർഷങ്ങളായെങ്കിലും നന്നാക്കാനുള്ള നടപടി ഇല്ലാത്തതിനാൽ വൻ പ്രതിഷേധം പതിവായിരുന്നു. റോഡ് നന്നാക്കാൻ കരാറെടുത്ത വ്യക്തി പ്രവൃത്തി ഉപേക്ഷിച്ചു പോവുകയും തുടർന്ന് വീണ്ടും ടെൻഡർ നടപടികൾ പൂർത്തിയാക്കി മറ്റൊരു കരാറുകാരന് പ്രവൃത്തി കൈമാറുകയും ചെയ്തിരുന്നു.
ഇതിനിടെ ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തികൾ തുടങ്ങുകയും അതിന്റെ പൂർത്തീകരണം ഏറെ വൈകുകയും ചെയ്തതോടെ റോഡ് പ്രവൃത്തി മുടങ്ങി. ശുദ്ധജല വിതരണ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തിയാണ് പൂർത്തിയാകാനുള്ളത്. ശുദ്ധജല വിതരണ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തി അടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ നടപടികളെടുത്ത് ഈ മാസം അവസാനത്തോടെ പ്രവൃത്തികൾ ആരംഭിക്കാനാണു തീരുമാനം.