പെരുമുണ്ടയിൽ കനാൽ കയ്യേറിയുള്ള നിർമാണത്തിന് സ്റ്റേ
Mail This Article
പുൽപള്ളി ∙ പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയൽപ്രദേശത്തെ അനധികൃത നിർമാണങ്ങൾ നിർത്തിവയ്ക്കാൻ റവന്യു, ജലസേചന വകുപ്പുകളുടെ നിർദേശം. ജലസേചന വകുപ്പ് നിർമിച്ച തടയണയുടെ ആയക്കെട്ട് പ്രദേശത്ത് വ്യക്തി മതിൽകെട്ടിയതായും കനാൽ വെള്ളം അനുമതിയില്ലാതെ കുളങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകുന്നതായുമുള്ള പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിർമാണം ഉടനടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.
കനാൽ പ്രദേശത്ത് നിർമിച്ച മതിൽപൊളിക്കാനും നിർദേശം നൽകി. പദ്ധതിയുടെ ആയക്കെട്ട് മേഖല അളന്നുതിരിച്ചശേഷം മാത്രമേ നിർമാണം അനുവദിക്കുകയുള്ളൂ. സ്ഥലം അളന്നുതിരിക്കാൻ താലൂക്ക് സർവേ വിഭാഗത്തിനു റിപ്പോർട്ട് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഗോത്രസങ്കേതത്തിലേക്കുണ്ടായിരുന്ന 2 മീറ്റർ റോഡ് കയ്യേറി മതിൽ നിർമാണം ആരംഭിച്ചതായി പരിശോധനയിൽ കണ്ടെത്തി. പ്രദേശത്തെ അൻപതോളം കർഷകർ നെൽക്കൃഷിക്കു വെള്ളമെടുക്കുന്ന എടക്കണ്ടി തോട്ടിലെ തടയണയോടു ചേർന്നാണ് കർണാടകസ്വദേശി അനധികൃത നിർമാണം നടത്തുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയിരുന്നു. കനാൽവെള്ളം പാടത്തേക്ക് തിരിക്കാൻ കർഷകർ കടന്നുപോകുന്ന പാതയിലാണ് കുഴിയെടുത്ത് മതിൽനിർമിക്കുന്നത്. തോട്ടിൽ സോപ്പുപയോഗിച്ച് വസ്ത്രം കഴുകരുതെന്നും കുളിക്കരുതെന്നുമുള്ള സ്ഥലം ഉടമയുടെ നിർദേശമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
പ്രവൃത്തികൾ നിർത്താൻ ആവശ്യപ്പെട്ടതായും സ്ഥലമുടമയോട് നേരിട്ടെത്തി നോട്ടിസ് കൈപ്പറ്റാൻ നിർദേശം നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മതിൽകെട്ടിയടച്ച് സ്ഥലത്ത് റിസോർട്ട് നിർമാണം ആരംഭിക്കാനുള്ള ശ്രമമാണെന്നു സംശയമുണ്ട്. ജലസേചനാവശ്യത്തിനുള്ള വെള്ളം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും ഉപയോഗിക്കാനും പാടില്ല.
വിശദസർവേ നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ജലസേചനവകുപ്പ് അസി.എക്സി.എൻജിനീയർ എം.നീനു, അസി.എൻജിനീയർ വിസ്മാത്യു, നടവയൽ വില്ലേജ് ഓഫിസർ എം.ജി.സുചിത്ര എന്നിവരടങ്ങിയ സംഘമാണ് സ്ഥലംസന്ദർശിച്ച് നടപടികൾക്ക് ശുപാർശ ചെയ്തത്.