സ്‌കൂൾ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധ; ഭക്ഷ്യകമ്മിഷൻ റിപ്പോർട്ട് തേടി
Mail This Article
കൽപറ്റ ∙ മുട്ടിൽ ഡബ്ല്യുഒയുപി സ്‌കൂളിലെ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അധ്യക്ഷ ഡോ.ജിനു സഖറിയ ഉമ്മൻ എഡിഎം കെ.ദേവകിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്കൂളിലും ചികിത്സയിൽ കഴിയുന്ന കുട്ടികളെയും കമ്മിഷൻ അധ്യക്ഷൻ സന്ദർശിച്ചു.ഉച്ചഭക്ഷണ നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാർ പുറപ്പെടുപ്പിച്ചിട്ടുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂൾ അധികൃതർ പാലിച്ചിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി.
വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ കുഴൽകിണർ വെള്ളത്തിൽ ജൂലൈ മാസം ശേഖരിച്ച സാംപിളിൽ ഇ കോളി, കോളി ഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഇവ അടിയന്തരമായി പരിഹരിക്കണം. ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുകയും അപാകതകൾ പരിഹരിക്കുകയും വേണം. 25 വരെ വിദ്യാലയം തുറന്നു പ്രവർത്തിക്കേണ്ടതില്ലെന്ന് എഡിഎമ്മിന് കമ്മിഷൻ നിർദേശം നൽകി.
സ്‌കൂളിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ 25 നു മുൻപ് രേഖാമൂലം എഡിഎമ്മിനെ അറിയിക്കണം. വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ 10 ദിവസത്തിനുള്ളിൽ ഭക്ഷ്യ കമ്മിഷനെ അറിയിക്കാനും എഡിഎമ്മിന് നിർദേശം നൽകി. ഉച്ചഭക്ഷണത്തിൽ നിന്നു ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാർഥികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യ പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ നിമിത്തം കുട്ടികൾക്കു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതായി കമ്മിഷൻ വിലയിരുത്തി.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ച സാംപിളുകളുടെ ഫലം ലഭ്യമാകാനുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എഡിഎം, ആരോഗ്യം, പൊതുവിദ്യാഭ്യാസം. പൊതു വിതരണം, വനിതാ ശിശു വികസനം, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിദ്യാലയത്തിലെ ഉച്ചഭക്ഷണം തയാറാക്കാനെടുക്കുന്ന ജല സ്രോതസ്സുകൾ, ശുചിത്വപാലനം, കിണർ വെള്ളത്തിന്റെ പരിശോധനകൾ, വിദ്യാലയത്തിലെ കുടിവെള്ള ശുദ്ധീകരിണിയുടെ പരിപാലനം, സ്റ്റോർ റൂം പരിപാലനം എന്നിവയും യോഗം ചേർന്നു വിലയിരുത്തി.