ബിൽ അടച്ചില്ല; ജലസേചന വകുപ്പിന്റെ ഫ്യൂസ് ഉൗരി കെഎസ്ഇബി
Mail This Article
അമ്പലവയൽ ∙ ബില്ലടച്ചില്ല, ജലസേചന വകുപ്പിന്റെ ഫ്യൂസ് ഉൗരി കെഎസ്ഇബി. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിലെ വൈദ്യുതി കണക്‌ഷനിൽ നാലെണ്ണമാണ് കെഎസ്ഇബി കഴിഞ്ഞ ദിവസം ഉൗരിയത്. നാല് കണക്‌ഷനുകളിലായി നാൽപതിനായിരത്തോളം രൂപയുടെ ബില്ലാണ് അടയ്ക്കാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ബിൽ അടക്കാത്തതിനാൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ഡാമിലെ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഗാർഡനിലെ ഓഫിസ്, കഫറ്റേരിയ, മിൽക് ബൂത്ത് തുടങ്ങിയ ഇടങ്ങളിലെ കണക്‌ഷനുകളാണു വിഛേദിച്ചത്. ഇതു കൂടാതെയും കാരാപ്പുഴയിൽ ഒട്ടേറെ വൈദ്യുതി കണക്‌ഷനുകളുണ്ട്.
ഹർത്താൽ അടക്കമുള്ളവ എത്തിയതിനാൽ കഴിഞ്ഞ ദിവസം ഉൗരിയ കണക്‌ഷൻ ഇന്നലെ വരെയും പുനഃസ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളിൽ സന്ദർശകരോ ഒാഫിസ് പ്രവർത്തനമോ ഇല്ലാത്തതിനാൽ വൈദ്യുതി ഇല്ലാത്തതു പകലെത്തുന്ന വിനോദ സഞ്ചാരികളെയോ ടൂറിസം പ്രവർത്തനത്തെയോ കാര്യമായി ബാധിക്കില്ല.
കാരാപ്പുഴ ഡാമിലെ റൈഡുകൾ അടക്കമുള്ളവയ്ക്ക് വേറെ കണക്‌ഷനായതിനാൽ അവയും മുടങ്ങാതെ നടക്കുന്നുണ്ട്. 30,000നു മുകളിൽ വൈദ്യുതി ബിൽ തുക വന്നാൽ അത് അടയ്ക്കുന്നതിന് കലക്ടറുടെ അംഗീകാരം വേണമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അനുമതി ലഭിക്കാത്തതാണ് ബിൽ അടക്കാൻ വൈകിയതെന്നുമാണ് ജലസേചന വകുപ്പ് അധികൃതരുടെ വാദം.