കുടകിൽ ഓറഞ്ച് ഉൽപാദനം കുറഞ്ഞു, നാരങ്ങയ്ക്ക് മധുരം; കർഷകർക്ക് കയ്പുനീർ
Mail This Article
പുൽപള്ളി ∙ ദക്ഷിണേന്ത്യയിലെ പ്രധാന ഓറഞ്ച് കൃഷിമേഖലയായ കുടക് മലനിരകളിൽ ഇത്തവണ ഓറഞ്ച് ഉൽപാദനം കാര്യമായി കുറഞ്ഞു. മണവും രുചിയുമേറിയ കുടക് ഓറഞ്ച് ജൈവമാതൃകയിൽ കൃഷിചെയ്തു വിളയിക്കുന്നതാണ്. രാസ–കീടനാശിനികളൊന്നും ഉപയോഗിക്കാതെയാണ് കുടകിലെ പരമ്പരാഗത കൃഷി. ഇക്കൊല്ലം മധുര നാരങ്ങ ഉൽപാദനം പത്തിലൊന്നായി ചുരുങ്ങിയെന്നു കർഷകരും വ്യാപാരികളും പറയുന്നു. അന്തരീക്ഷതാപം കൂടിയപ്പോൾ പൂക്കൾകൊഴിഞ്ഞതാണ് ഇതിനു കാരണമായി പറയുന്നത്.
മുൻവർഷങ്ങളിൽ കേരളത്തിലും മൈസൂരുവിലും ആവശ്യാനുസരണം കുടക് നാരങ്ങ ലഭിച്ചിരുന്നു. ഇക്കൊല്ലം വയനാട്ടിൽ വിൽക്കാനുള്ള ഉൽപന്നമില്ലെന്ന് ഏറെക്കാലമായി കുടകിൽ ഓറഞ്ച് വ്യാപാരം നടത്തുന്ന വയനാട് സ്വദേശി മോഹൻദാസ് പറയുന്നു. കുടകിലെ കുട്ട, പൊന്നമ്പേട്ട, ഗോണിക്കുപ്പ, വാളൽ എന്നിവിടങ്ങളിലാണ് പരമ്പരാഗത തോട്ടങ്ങളുള്ളത്.ഒക്ടോബറിൽ ആരംഭിക്കുന്ന വിളവെടുപ്പ് ഡിസംബർവരെ നീളും. വലുപ്പമുള്ള മുന്തിയ ഇനം ഏതാണ്ട് പറിച്ചുതീർന്നു. തോട്ടങ്ങൾ പാട്ടത്തിനെടുക്കുന്നവരാണ് ഓറഞ്ച് പറിച്ച് ചെറുകിട വ്യാപാരകേന്ദ്രങ്ങളിലെത്തിക്കുന്നത്. അവിടെ തരംതിരിച്ച് ഓരോ സ്ഥലത്തേക്ക് കയറ്റിവിടും.
തോൽപ്പെട്ടി, കുട്ട അങ്ങാടികൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഓറഞ്ച് വ്യാപാരം. വയനാട്ടിലേക്കുള്ളത് തോൽപെട്ടിയിൽനിന്നു വിൽപനക്കാർ വാങ്ങും. ഓറഞ്ച് കൃഷിയിൽ കർഷകർ ഇപ്പോൾ ശ്രദ്ധിക്കാറില്ല. പുതുതായി ആരും ഓറഞ്ച്കൃഷി ചെയ്യുന്നില്ല. തോട്ടങ്ങളിലുള്ളവയിൽ നിന്നു കിട്ടുന്ന ആദായമെടുക്കുന്നു.കുടക് മേഖലയിൽ തൊഴിലാളിക്ഷാമമുണ്ടെന്ന് കർഷകർ പറയുന്നു. കഴിഞ്ഞവർഷം കാപ്പിവിളവെടുപ്പിന് ഉത്തരേന്ത്യൻ തൊഴിലാളികളെ എത്തിക്കേണ്ടിവന്നു.