സഹായവിതരണം മുടങ്ങി; ഉരുൾപൊട്ടൽ ദുരന്തബാധിതർ വീണ്ടും ദുരിതക്കയത്തിൽ
Mail This Article
മേപ്പാടി ∙ പ്രതിദിന സഹായവിതരണം മുടങ്ങിയതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണു മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ. രണ്ടു മാസമായി ദുരന്തബാധിതർക്ക് പ്രതിദിന സഹായമായ 300 രൂപ ലഭിക്കുന്നില്ല. ദുരന്തത്തിനിരയായി പലയിടങ്ങളിൽ വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സിലും താമസിക്കുന്നവർക്ക് സഹായമായാണ് 300 രൂപ വീതം ദിവസേന കൊടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഒരു കുടുംബത്തിലെ പ്രായപൂർത്തിയായ 2 പേർക്കാണ് തുക ലഭിക്കുക. എന്നാൽ, ആദ്യത്തെ 30 ദിവസം മാത്രമേ തുക ലഭിച്ചുള്ളൂ. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരു മാസത്തേക്ക് കൂടി 300 രൂപ വീതം നൽകാൻ ഒക്ടോബർ 23ന് സർക്കാർ വീണ്ടും ഉത്തരവിറക്കി. ഇൗ ഉത്തരവ് വന്നിട്ട് ഒരു മാസമാകാൻ പോകുമ്പോഴും ദുരന്ത ബാധിതരുടെ അക്കൗണ്ടുകളിൽ തുക വന്നിട്ടില്ല. സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്നാണു പ്രതിദിനസഹായം നൽകിയിരുന്നത്.
വീടുകളും ബന്ധുക്കളെയും നഷ്ടപ്പെട്ട പലരും പുതിയ ഇടങ്ങളിലേക്ക് താമസം മാറ്റിയെങ്കിലും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് വരുന്നേയുള്ളു. പലർക്കും പഴയ ജോലികളോ മറ്റു വരുമാനമാർഗങ്ങളോ ഇല്ലാത്തതിനാൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ജീവനോപാധിയായി സർക്കാരിൽനിന്നു ലഭിച്ചിരുന്ന തുകയായിരുന്നു ഏക ആശ്രയം. അത് നിലച്ചതോടെ ഭൂരിഭാഗം ദുരിതബാധിതരും തുടർചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കും ഏറെ ബുദ്ധിമുട്ടുന്നു. ഒരാൾക്ക് മാസം 9000 രൂപ വീതം കുടുംബത്തിലെ 2 പേർക്ക് ലഭിച്ചാൽ 30 ദിവസം 18000 രൂപ ലഭിക്കുമെന്നതിനാൽ ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് സഹായകമായിരുന്നു. വാടക കൃത്യമായി സർക്കാർ നൽകുന്നുണ്ടെന്നതും അരിയും മറ്റും സഹായങ്ങളും ലഭിക്കുന്നുണ്ടെന്നതുമാണ് ആശ്വാസം.
സർക്കാർ ചെലവഴിച്ചത് 21.14 കോടി രൂപ
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതർക്കായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 21.14 കോടി രൂപ. സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്ന് 13.99 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 7.15 കോടി രൂപയുമാണ് അനുവദിച്ചത്.
ഉരുൾപൊട്ടലുണ്ടായി നാലുമാസം പിന്നിട്ടിട്ടും അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാനോ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനോ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുൾപ്പെടെ പ്രകൃതിദുരന്തമുണ്ടായപ്പോൾ അടിയന്തര സഹായവും പ്രത്യേക സഹായവും അനുവദിച്ചപ്പോഴാണു കേരളത്തോടുള്ള അവഗണന.