കൃഷിയിടങ്ങളിൽ നാശം വിതച്ച് മാനുകൾ, പന്നികൾ..
Mail This Article
പുൽപള്ളി ∙ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലി കാട്ടാനയെ തടയാൻ സഹായമെങ്കിലും കാടുകടന്നെത്തുന്ന മാനുകളും കാട്ടുപന്നികളും കൃഷിമേഖലയിലുണ്ടാക്കുന്ന നാശങ്ങൾക്ക് കണക്കില്ല.തൂക്കുവേലിയുടെ അടിയിലൂടെയാണ് ഇവയുടെ സഞ്ചാരം. രാപകൽ തോട്ടങ്ങളിലെത്തുന്ന മാനുകൾ പച്ചപ്പെല്ലാം ഇല്ലാതാക്കുന്നു.
പച്ചക്കറി, വാഴ, കപ്പ, ചേന തുടങ്ങിയവയെല്ലാം വെടിപ്പാക്കിയ മാനുകളിപ്പോൾ മരങ്ങളുടെ തോൽതിന്നുതീർക്കുന്നു. ചെറുമരങ്ങളിലെ കുരുമുളക് വള്ളികളും ഇതോടൊപ്പം നശിക്കുന്നു. തോട്ടങ്ങളിൽ നാമ്പിടുന്നവയെല്ലാം മാനുകൾ വേഗം തിന്നുതീർക്കും. കൃഷിക്കു വളപ്രയോഗം നടത്താനാവില്ലെന്നു കർഷകർ പറയുന്നു. ചാണകമോ, ജൈവവളമോ ചുവട്ടിലിട്ടാൽ ചെടിയും മരവും കുത്തിയിളക്കുന്ന ജോലിയാണ് കാട്ടുപന്നികളുടേത്.
കാടിറങ്ങിയ മാനുകളും പന്നിയുമിപ്പോൾ കൃഷിയിടത്തിലാണു വാസം. കാടുമൂടിയ തോട്ടങ്ങളിൽ പന്നികൾ പെറ്റുപെരുകുന്നു. കിഴങ്ങുവിളകളൊന്നും കർഷകർ നടത്താറില്ല. വീട്ടാവശ്യത്തിന് ചേമ്പോ, ചേനയോ വേണ്ടവർ കടയിൽപോയി വാങ്ങണം. കപ്പയടക്കമുള്ള വിളകൾ ഇപ്പോൾ കർണാടകയിൽ നിന്നാണ് കേരളത്തിലെ മാർക്കറ്റുകളിലെത്തുന്നത്. വനാതിർത്തിയിൽ നിന്നു കിലോമീറ്ററുകളകലെയുള്ള കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.ഇവയെ തേടി കടുവയെത്തുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നു.
കൊളവള്ളിയിൽ നിന്നു ചീയമ്പത്തേക്കും പെരിക്കല്ലൂരിലേക്കും തൂക്കുവേലിയുണ്ട്. കബനികടന്നെത്തുന്ന ആനകൾ മരക്കടവ് ഭാഗത്ത് മരംതള്ളിയിട്ടുവേലി തകർക്കുന്ന പതിവുണ്ട്. നെല്ല് കതിരിട്ടതോടെ കർഷകരുടെ മനസ്സിൽ ആധിയാണ്.ആനയെങ്ങാനുമിറങ്ങിയാൽ വൻനാശമുണ്ടാകും.ചെറിയ മൃഗങ്ങളെ തടയാൻ തൂക്കുവേലിയൊടൊപ്പം ടൈഗർ നെറ്റ് സ്ഥാപിക്കണമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്.10 അടി ഉയരത്തിൽ വേലി നിർമിച്ചാൽ മൃഗങ്ങൾക്കു കൃഷിയിടത്തിലെത്താനാവില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.