ADVERTISEMENT

മാനന്തവാടി ∙ വയനാട് ഗവ മെഡിക്കൽ കോളജിലെ ഏക ഐസിയു ആംബുലൻസ് ഇവിടെനിന്നു കൊണ്ടുപോകാൻ നീക്കം. ശബരിമലയിലേക്ക് സേവനത്തിനായി ആംബുലൻസ് കൊണ്ടു പോകുന്നതിന്  ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റാണ് നിർദേശം നൽകിയത്. വലിയ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ ഏറെ പ്രയോജനം ചെയ്യുന്ന ഐസിയു ആംബുലൻസ് താൽക്കാലികമായെങ്കിലും ഇവിടെ നിന്ന് കൊണ്ടുപോകാനുള്ള നീക്കം  വിവാദം ഉയർത്തിയിട്ടുണ്ട്.  പ്രതിഷേധം ശക്തമായതോടെ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പുനർ വിചിന്തനം നടത്തുകയാണ്. 

അപകടത്തിൽപ്പെട്ട് ഒരു വർഷത്തോളം വർക്‌ഷോപ്പിലായ ആംബുലൻസ് അടുത്തിടെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്ത് സേവനത്തിനായി എത്തിയത്. മെഡിക്കൽ കോളജിൽ ഐസിയു ആംബുലൻസ് ഇല്ലാത്തപ്പോൾ സ്വകാര്യ ഐസിയു ആംബുലൻസുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്.ഇത് ലഭ്യമാകാൻ പലപ്പോഴും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. യഥാസമയം ഐസിയു ആംബുലൻസ് ലഭിക്കാത്തത് വിലയേറിയ  മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നതിനും  കാരണമാകും. കടുവയുടെ അക്രമത്തിൽ പരുക്കേറ്റ പുതുശ്ശേരിയിലെ തോമസ്,  കാട്ടാനയുടെ അക്രമത്തിൽ പരുക്കേറ്റ  പാക്കത്തെ വെള്ളച്ചാലിൽ പോൾ എന്നിവർക്ക് അടക്കം കോഴിക്കോട് മെഡിക്കൽ കോളജിലെത്താൻ യഥാസമയം ഐസിയു ആംബുലൻസ് സൗകര്യം ലഭിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.

കോഴിക്കോട്ടേക്ക് ഐസിയു ആംബുലൻസിന് സർക്കാർ നിരക്ക് 7000 രൂപ ആണെങ്കിൽ സ്വകാര്യ ആശുപത്രികളിൽ ഡോക്ടറുടെ പ്രതിഫലം ഉൾപ്പെടെ 16000 രൂപയാകും. സർക്കാർ മേഖലയിൽ കൽപറ്റയിലും, ബത്തേരിയിലും മാത്രമാണ് ഒരോ ഐസിയു ആംബുലൻസുകളുള്ളത്.മറ്റ് ജില്ലകളിൽ ഒട്ടേറെ ഐസിയു ആംബുലൻസുകൾ ഉള്ളപ്പോൾ വയനാട് മെഡിക്കൽ കോളജിലെ ഏക  ഐസിയു ആംബുലൻസ് ദീർഘ കാലത്തേക്ക്  കൊണ്ടുപോകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടർന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇക്കാര്യം കാണിച്ച് ഡിഎംഒയ്ക്ക് കത്ത് നൽകി.  ആംബുലൻസ് കൊണ്ടു പോകുന്നതിനുള്ള നടപടികൾ തൽക്കാലം നിർത്തി വച്ചിരിക്കുകയാണെന്ന് ഡിഎംഒ ഡോ.പി.ദിനേഷ് മനോരമയോട് പറഞ്ഞു.

English Summary:

The proposed relocation of the sole ICU ambulance from Wayanad Medical College to Sabarimala has sparked outrage. Locals highlight the critical need for the ambulance in a region prone to accidents and wildlife attacks, citing past delays that cost lives. While authorities reconsider, the incident exposes the dire need for improved emergency medical services in Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com