ഇടത്തോട്ടിറക്കം; ആനിരാജ നേടിയതിനെക്കാൾ 71,616 വോട്ട് കുറഞ്ഞു
Mail This Article
കൽപറ്റ ∙ വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിന്നോട്ടുപോക്കാണ് ഇടതുപക്ഷത്തിന് ഇക്കുറിയുണ്ടായത്. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെട്ട വയനാട്ടിൽ 2014ലെ പൊരിഞ്ഞപോരാട്ടത്തിന് എം.ഐ. ഷാനവാസിനെ വിറപ്പിച്ചുവിടുകയും എൽഡിഎഫിനു വേണ്ടി ഏറ്റവുമധികം വോട്ടുകൾ (3,56,165) നേടിയ സ്ഥാനാർഥിയാവുകയും ചെയ്ത സത്യൻ മൊകേരി തന്നെ ഏറ്റവും കുറഞ്ഞ വോട്ട് (211407) നേടിയ എൽഡിഎഫ് സ്ഥാനാർഥിയായെന്ന കൗതുകവുമുണ്ട്.പൊതുതിരഞ്ഞെടുപ്പിൽ ആനി രാജ നേടിയ 2,83,023 വോട്ടുകളെക്കാൾ 71,616 കുറവ് വോട്ടുകളാണ് ഇക്കുറി സത്യൻ മൊകേരി നേടിയത്.കഴിഞ്ഞതവണ 26.09 % നേടിയ സ്ഥാനത്ത് ഇക്കുറി വോട്ടിങ് ശതമാനം 22.19 ആയി ഇടിയുകയും ചെയ്തു.
പ്രചാരണത്തിലും ഏറെ പിന്നിലായിരുന്നു എൽഡിഎഫ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ 3 തവണ മണ്ഡലപര്യടനം നടത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി ഒറ്റത്തവണയുള്ള ഓട്ടപ്രദക്ഷിണത്തിൽ ഒതുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത റാലി മാത്രമായിരുന്നു വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചതും. സിപിഎം വോട്ടുകളാണു പോൾ ചെയ്യപ്പെടാതെ പോയതിലേറെയുമെന്ന് പോളിങ് ദിനത്തിൽത്തന്നെ വിലയിരുത്തലുണ്ടായിരുന്നു.
മണ്ഡലത്തിലെ 2.50 ലക്ഷം രാഷ്ട്രീയവോട്ടുകളുണ്ടെന്ന് അവകാശപ്പെടുന്ന എൽഡിഎഫിന് ഈ വോട്ടുകൾ എങ്ങോട്ട് പോയെന്നതു വിശദീകരിക്കാൻ കഷ്ടപ്പെടേണ്ടിവരും. പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാർഥിയെ നിർത്തി അനായാസ ജയം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാർട്ടിയുടെ നിർബന്ധപ്രകാരം സത്യൻ മൊകേരി സ്ഥാനാർഥിയാകുന്നത്. സിപിഐയ്ക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് വയനാട്. സിപിഎമ്മിന്റെ വോട്ടും പ്രവർത്തനവും കൊണ്ടാണ് വയനാട്ടിൽ സിപിഐ പിടിച്ചു നിന്നിരുന്നത്.എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വയനാട്ടിലെ സിപിഐയും സിപിഎമ്മും തമ്മിൽ ഐക്യത്തിലായിരുന്നില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൻമാർ പോലും പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. ബ്രാഞ്ച് സമ്മേളനം നടക്കുന്ന സ്ഥലത്ത് നടത്തിയ അലങ്കാരങ്ങൾ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സിപിഎം നടത്തിയില്ല. തോൽക്കുമെന്നുറപ്പായതിനാൽ ഫണ്ടിറക്കാനും മടിച്ചു.
എൽഡിഎഫ് വോട്ടുനില
2009 2,57,2642014 3,56,1652019 2,74,5972024 ഏപ്രിൽ 2,83,0232024 നവംബർ 211407
.