ആദ്യകാല ഭരണാധികാരികൾ വിമർശനം ഉൾക്കൊണ്ടവർ: മുകേഷ്
Mail This Article
കോട്ടയം ∙ കലയുടെയും സാഹിത്യത്തിന്റെയും അടിത്തറയിലാണു സംസ്ഥാനത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ എത്തിയതെന്ന് എം. മുകേഷ് എംഎൽഎ. എംജി സർവകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അത്തരത്തിൽ ഒരു കലാരൂപമായിരുന്നു. അന്നത്തെ കാലത്ത് കലാകാരന്മാരുടെ വിമർശനങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരികൾ എത്തുമായിരുന്നു. നിങ്ങൾ തെറ്റാണെന്നു ഭരണാധികാരികളോടു വിളിച്ചുപറഞ്ഞവരെ പൂട്ടിച്ചിട്ടില്ല. എന്നാൽ ഇന്ന് എന്തു പറഞ്ഞാലും സ്റ്റേ എന്നാണു പറയുന്നത്. കലാകാരന്മാരെയും കലയെയും വെറുതെവിടണമെന്നും അവരുടെ ആവിഷ്കാരങ്ങൾ കാണിക്കാൻ സാധിച്ചില്ലെങ്കിൽ നാട് നാശത്തിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽമോൻ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായിരുന്നു. കലാജാഥയിൽ മികച്ച പ്രകടനം നേടിയ കോളജുകൾക്കു തോമസ് ചാഴികാടൻ എംപി പുരസ്കാരം നൽകി.
കലോത്സവത്തോടനുബന്ധിച്ച് മലയാള മനോരമ ഒരുക്കുന്ന വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം എംജി സർവകലാശാലാ യൂണിയൻ ചെയർമാൻ രാഹുൽ മോൻ രാജൻ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന് തുടക്കം കുറിച്ച് നഗരവീഥികൾ കീഴടക്കിയ ഘോഷയാത്ര പൊലീസ് പരേഡ് മൈതാനിയിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിച്ചു. കലാജാഥയിലെ മികച്ച സംഘമായി കോട്ടയം സിഎംഎസ് കോളജ് തിരഞ്ഞെടുത്തു. ബസേലിയസ് കോളജ് രണ്ടാം സ്ഥാനത്തും ബിസിഎം കോളജ് മൂന്നാം സ്ഥാനത്തുമെത്തി.