മൽസരത്തിനിടെ കാലിൽ മൊട്ടുസൂചി കുത്തിക്കയറി : നീഹാരയുടെ നൊമ്പര നടനം
Mail This Article
കോട്ടയം ∙ ആദ്യ ചുവടിൽ പാദത്തിൽ തറച്ച മൊട്ടുസൂചി വകവയ്ക്കാതെ കേരളനടനം പൂർത്തിയാക്കിയ ശേഷം കാലിൽ നിന്ന് സൂചി ഊരി വിധികർത്താക്കളെ കാണിച്ച ശേഷം സ്റ്റേജ് വൃത്തിയാക്കണമെന്നു സംഘാടകർക്കു നിർദേശവും നൽകി മത്സരാർഥി. കേരളനടനത്തിൽ ആദ്യം സ്റ്റേജിൽ എത്തിയ ബിസിഎം കോളജിലെ ബിഎ സോഷ്യോളജി ഒന്നാം വർഷ വിദ്യാർഥി നീഹാര ബി.ദേവിനാണു വേദനയോടെ ചുവടുവയ്ക്കേണ്ടി വന്നത്.
സിഎംഎസ് കോളജിലെ വേദിയിൽ വൈകിട്ട് 7 മണിക്ക് തുടങ്ങേണ്ടിരുന്ന കേരള നടനം ഒന്നര മണിക്കൂർ വൈകി എട്ടരയോടെയാണു തുടങ്ങിയത്. ആദ്യ മത്സരാർഥിയായ നീഹാര കേരളം നടനം തുടങ്ങിയ ഉടൻ തന്നെ സ്റ്റേജിൽ പലയിടത്തായി ചിതറിക്കിടന്ന മൊട്ടുസൂചി കാലിൽ തറച്ചെങ്കിലും നൃത്തം തുടർന്നു. മത്സരം അവസാനിച്ചശേഷം കാലിൽ തറച്ച സൂചി ഊരി സദസ്സിൽ ഉയർത്തിക്കാട്ടി. ഇനി വരുന്ന കുട്ടികളോട് ശ്രദ്ധിക്കണമെന്നും പറഞ്ഞു.
ബിസിഎം കോളജിലെ കുട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ വൊളന്റിയർമാർ സ്റ്റേജ് അടിച്ചുവാരിയ ശേഷമാണ് അടുത്ത കുട്ടി മത്സരം തുടങ്ങിയത്. കഴിഞ്ഞ രണ്ട് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും കേരളനടനം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവയ്ക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട് നീഹാര. വ്യാഴാഴ്ച നടക്കുന്ന കുച്ചിപ്പുഡിയിൽ മത്സരിക്കാൻ കാലിലെ മുറിവ് തടസ്സമാകുമോ എന്ന ആശങ്കയും നീഹാരയ്ക്കുണ്ട്.
ശോഭനയുടെ കാലിൽ അന്ന് കൊണ്ടത് കല്ല്
കോട്ടയം ജില്ലയിൽ ഒരു നൃത്ത പരിപാടിക്ക് അഭിനേത്രിയും നർത്തകിയുമായ ശോഭന എത്തിയപ്പോൾ സ്റ്റേജിൽ വിരിച്ചിരുന്ന കാർപെറ്റിന് അടിയിൽ കിടന്നിരുന്ന കല്ലു കൊണ്ട് കാലു വേദനിച്ചു. എന്നാൽ നൃത്തച്ചുവടുകൾ ഇടറാതെ കാർപെറ്റ് ഉയർത്തി കല്ലെടുത്ത് കളഞ്ഞ ശേഷം ശോഭന നൃത്തം തുടർന്നു. എംജി കലോത്സവ വേദിയിൽ ഇന്നലെ നീഹാരയ്ക്ക് നേരിട്ടതും സമാനമായ അനുഭവം.