ADVERTISEMENT

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു ഗുണകരമാകുന്ന പഠനശീലങ്ങളും വ്യക്തിവികസന രീതികളും പ്രശ്ന പ്രതിവിധികളും തുടർപഠന സാധ്യതകളും പരിചയപ്പെടാം

 

പാലക്കാട് ∙ ഉന്നതവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി മാറിയിരിക്കുന്ന ഹയർ സെക്കൻഡറിയിൽ വിദ്യാർഥികൾക്കു മിടുക്കരാകാനും അവരെ മിടുക്കരാക്കാനുമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ടാകും. ചില പഠനശീലങ്ങളും വ്യക്തിവികസന രീതികളും പ്രശ്നങ്ങളും പ്രതിവിധികളും തുടർപഠന സാധ്യതകളും പൊതുവായി പരിചയപ്പെടുത്തുകയാണു ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ പാലക്കാട് ജില്ലാ കോ ഓർഡിനേറ്ററും അധ്യാപകനുമായ സാനു സുഗതനും കൗൺസലിങ് സൈക്കോളജിസ്റ്റും  പാരന്റിങ് എക്സ്പർട്ടും റമിഡിയൽ എജ്യുക്കേറ്ററുമായ വിജിത പ്രേംസുന്ദറും.

 

കരിയർ പ്ലാൻ എങ്ങനെ ?

 

∙ കരിയർ, ഉപരിപഠന സംശയമുള്ള വിദ്യാർഥികൾ അതുവരെയുള്ള അക്കാദമിക് നേട്ടങ്ങൾ, ഇഷ്ടവിഷയങ്ങൾ, പ്രയാസമുള്ള വിഷയങ്ങൾ, താൽപര്യങ്ങൾ, ശീലങ്ങൾ തുടങ്ങിയ വിവരങ്ങൾ കരിയർ കൗൺസിലർക്കു നൽകണം. അക്കാദമികേതര മേഖലകളിൽ കഴിവു തെളിയിച്ചവരാണെങ്കിൽ അക്കാര്യവും സൂചിപ്പിക്കണം.

 

∙ എത്ര വർഷം വരെ തുടർപഠനത്തിനു സാധിക്കുമെന്നും എത്ര തുക ചെലവഴിക്കാമെന്നും ധാരണ വേണം. ഇക്കാര്യം മാതാപിതാക്കളുമായി ചർച്ച ചെയ്യണം.

 

∙ പെട്ടെന്നു ജോലി ലഭിക്കണമെന്നാണു താൽപര്യമെങ്കിൽ പ്ലസ്ടുവിനു ശേഷം രണ്ടോ മൂന്നോ വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളാകും ഉചിതം.

 

∙ പ്രഫഷനൽ ബിരുദവും ഉപരിപഠനവുമാണു ലക്ഷ്യമെങ്കിൽ 4 മുതൽ 5 വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം.

 

∙ കോഴ്സിനു മുൻപു ചെലവ് അറിയണം. ഐഐടി, ഐഐഎം പോലെയുള്ള സ്ഥാപനങ്ങളിൽ ഉയർന്ന പഠനച്ചെലവുണ്ട്. പക്ഷേ, അവയിൽ പലതിലും സ്കോളർഷിപ്പുകൾ ലഭ്യമാണ്. അവ മുൻകൂട്ടി മനസ്സിലാക്കി വേണം ഉപരിപഠനം പ്ലാൻ ചെയ്യാൻ.

വിജിത പ്രേംസുന്ദർ
വിജിത പ്രേംസുന്ദർ

 

ഇവ ശ്രദ്ധിക്കാം

 

∙ ‘ടു ഡു’ ലിസ്റ്റ് തയാറാക്കുക: അതതു ദിവസം ചെയ്യാനുള്ള പ്രവൃത്തികൾ പ്രാധാന്യമനുസരിച്ചും സമയം ക്രമീകരിച്ചും എഴുതി തയാറാക്കാം. ദിവസം അവസാനിക്കുമ്പോൾ ഇവ വിലയിരുത്തുന്നതു ഫലപ്രദമായ ടൈം മാനേജ്മെന്റ് രീതിയാണ്.

 

∙ ആവശ്യത്തിനു കലോറിയും വൈറ്റമിനും ലഭിക്കുന്ന പോഷകാഹാരം ഉറപ്പാക്കണം.

 

∙ അടുക്കളത്തോട്ട നിർമാണത്തിലും പാചകത്തിലും പരിശീലനം നൽകുന്നതു കുട്ടികൾക്കു സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും തീരുമാനങ്ങൾ എടുക്കാനുമുള്ള ശേഷി വർധിപ്പിക്കും.

 

∙ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കാൻ പത്രവായന സഹായിക്കും. വാർത്താ ചാനലുകൾ കാണാൻ സമയം കണ്ടെത്താം.

 

വൈറ്റമിൻ ഡി–3 അത്യാവശ്യം

 

വൈറ്റമിൻ ഡിയുടെ കുറവ് ശാരീരിക പ്രശ്നങ്ങൾക്കു കാരണമാവുക മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കും. വിഷാദം (depression), ഉത്കണ്ഠ (Anxiety), നിരാശ, മടി, വിശപ്പില്ലായ്മ, ആത്മഹത്യാ പ്രവണത, ഉറക്കമില്ലായ്മ, ശരീര വേദന, ഒന്നിനോടും താൽപര്യമില്ലായ്മ എന്നിവയെല്ലാം ഉണ്ടായേക്കാം. വൈറ്റമിൻ ഡിയുടെ കുറവു കാരണം ഹോർമോൺ, സ്റ്റിറോയ്ഡ് ഉൽപാദനം, കാൽസ്യം ആഗിരണം ചെയ്യൽ എന്നിവ കുറയും. പഠനത്തെയും സ്വഭാവത്തെയും പെരുമാറ്റത്തെയും ഇതു സാരമായി ബാധിക്കും. നന്നായി ഉറങ്ങിയിട്ടും വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ വൈറ്റമിൻ ഡിയുടെ കുറവാണെന്നു സംശയിക്കാം. രക്തം പരിശോധിച്ച് വൈറ്റമിൻ ഡി ഉറപ്പാക്കണം. ഭക്ഷണത്തിൽനിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിനു വൈറ്റമിൻ ഡി ലഭിക്കും. വെയിൽ കൊള്ളാത്തതിനാൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

 

ഉറക്കം പ്രധാനം

 

ഓൺലൈൻ ക്ലാസ് കുട്ടികളുടെ മൊബൈൽ ഉപയോഗം വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഇത് ഉറക്കമില്ലായ്മ പോലുള്ള അവസ്ഥയിലേക്കു നയിച്ചിട്ടുണ്ട്. കുട്ടികളുടെ ദിനചര്യ കൃത്യമായി നിലനിർത്താൻ മാതാപിതാക്കൾ സഹായിക്കേണ്ടതുണ്ട്. ഉറങ്ങുന്നതും ഉണരുന്നതുമായ സമയം കൃത്യമായി പാലിക്കണം. ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ തലച്ചോറിലെ പീനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നുണ്ട്. പൂർണമായി ഇരുട്ടാകുമ്പോഴാണ് ഇതിന്റെ ഉൽപാദനം ഉണ്ടാകുന്നത്. രാത്രി 11നും 12നും ഇടയിൽ മെലാടോണിൻ ഉൽപാദനം കൂടുതലായിരിക്കും. ഈ സമയമാണു സുഖനിദ്ര ലഭിക്കാൻ നല്ല സമയം. വ്യായാമങ്ങളും വെയിൽ കൊള്ളുന്നതും ഉറക്കത്തെ സഹായിക്കും. 6-8 മണിക്കൂർ രാത്രി ഉറക്കം ബുദ്ധി വികാസത്തിന് അനിവാര്യമാണ്.

 

ഉപയോഗമോ ? അമിത ഉപയോഗമോ ?

 

മൊബൈൽ ഉപയോഗത്തെ ‘ഉപയോഗം, അമിത ഉപയോഗം’ എന്നിങ്ങനെ തിരിക്കാം. ഉദാഹരണം: വിഡിയോ, ഓഡിയോ എഡിറ്റിങ് ഇഷ്ടമുള്ള കുട്ടികൾ കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിച്ചേക്കാം. കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെങ്കിൽ അതു കുട്ടികളുമായി പങ്കുവയ്ക്കണം. വേണോ, വേണ്ടയോ എന്ന് അവർ സ്വയം തീരുമാനിക്കട്ടെ. അമിത ഉപയോഗം ഗുരുതരമായാൽ മാത്രം മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം.

 

കുട്ടികൾക്കായി അൽപ സമയം

 

ദിവസവും അരമണിക്കൂർ എങ്കിലും കുട്ടികൾക്കായി മാതാപിതാക്കൾ മാറ്റിവയ്ക്കണം. രാത്രി കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. ‘ക്വാളിറ്റി ടൈം’ എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ള സമയമല്ല ഇത്. മറിച്ചു കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാം. അവരുടെ സംശയങ്ങളും തീർക്കാം. ഇതുവഴി കുട്ടികളുടെ ആശയ വിനിമയശേഷിയും പെരുമാറ്റവും മെച്ചപ്പെടുത്താനും അവരുമായി സൗഹൃദം സ്ഥാപിക്കാനും അവസരം ലഭിക്കും. പ്രണയം, സൗഹൃദം, ലൈംഗികത എന്നിവ സംബന്ധിച്ചു പറഞ്ഞാലും കുറ്റപ്പെടുത്താതെ ആരോഗ്യകരമാക്കാനുള്ള നിർദേശം നൽകാം. വീട്ടിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങളും മറ്റു കാര്യങ്ങളും കുട്ടികളുമായി ചർച്ച ചെയ്യാം.

 

കുട്ടികളുടെ മുന്നിൽ വഴക്ക് വേണ്ട

 

സാനു സുഗതൻ
സാനു സുഗതൻ

മാതാപിതാക്കൾ തമ്മിലും മുതിർന്ന സഹോദരങ്ങൾ തമ്മിലുമുള്ള ആശയവിനിമയം കുട്ടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മുന്നിൽ വഴക്കിടാനോ ചീത്ത വാക്കുകൾ പറയാനോ നിൽക്കരുത്. അഭിപ്രായ വ്യത്യാസങ്ങൾ സംവാദ രീതിയിൽ മാത്രമേ അവതരിപ്പിക്കാവൂ. അല്ലാത്ത പക്ഷം കുട്ടികളുടെ മനസ്സിൽ മാതാപിതാക്കളോടു ബഹുമാനം ഇല്ലാതാകും. ഇത്തരത്തിൽ വളരുന്ന കുട്ടികളെ ഭാവിയിൽ അച്ചടക്കം പരിശീലിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരും. കുട്ടികൾ ഉള്ളപ്പോൾ മദ്യപാനം, പുകവലി എന്നിവയും ഒഴിവാക്കണം.

 

മാറി നിൽക്കരുത്, ഒപ്പം ചേരാം

 

കുട്ടികളുമായി ചെലവഴിക്കാൻ കിട്ടുന്ന സമയം മാതാപിതാക്കൾക്കു പരമാവധി പ്രയോജനപ്പെടുത്താം. കേൾക്കാൻ ആളുണ്ട് എന്ന വിശ്വാസം കുട്ടികൾക്കു നൽകുന്നതു നല്ല ആത്മവിശ്വാസമാകും. കുടുംബ ബജറ്റും വീട്ടിലെ എല്ലാ കാര്യങ്ങളും കുട്ടികളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായം തേടാം. വീട്ടിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞു വേണം കുട്ടികൾ വളരാൻ.

 

എപ്പോഴും നിർദേശങ്ങൾ വേണ്ട

 

എപ്പോഴും അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്ന ഉത്തരവ് നൽകുന്നത് അവരിൽ നിഷേധിക്കാനുള്ള സ്വഭാവം രൂപപ്പെടുത്തും. എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഉൾക്കാഴ്ച കൊടുക്കുകയാണു വേണ്ടത്. ഇങ്ങനെ ഒരു പ്രവൃത്തി ചെയ്താൽ പ്രത്യാഘാതം ഇത്തരത്തിലായിരിക്കുമെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുക. വേണമോ വേണ്ടയോ എന്ന് അവർ തീരുമാനിക്കട്ടെ.

 

തോൽവിയും ശീലമാകട്ടെ

 

വീട്ടിലെ ചെറിയ കളികളിലും മറ്റും കുട്ടികളെ ജയിപ്പിക്കാൻ മുതിർന്നവർ തോറ്റു കൊടുക്കാറുണ്ട്. ഇതു വേണ്ട. എളുപ്പം വിജയം ശീലമാകുന്നതു ഭാവിയിൽ കുട്ടികളെ ദോഷകരമായി ബാധിക്കും. തോൽവികളും നല്ലതാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം. ചെറിയ പരാജയങ്ങൾ പോലും ഉൾക്കൊള്ളാതെ ആത്മഹത്യയിലേക്കു കുട്ടികൾ പോകാൻ ഇടയുണ്ട്. പഠന മികവിൽ മാത്രമല്ല കുട്ടിയുടെ കഴിവെന്നു തിരിച്ചറിയുക. കുട്ടികളുടെ കഴിവുകൾ വിശാലമാണ്.

 

ക്വിയർ വ്യക്തികളെ തിരിച്ചറിയാം

 

വ്യത്യസ്ത ജെൻഡർ ഐഡന്റിറ്റി ഉള്ള കുട്ടികൾ ഉണ്ട്. അതു തിരിച്ചറിയാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. ക്വിയർ വ്യക്തികൾക്കു കൗമാരകാലം മുതൽ ശാരീരിക, ഹോർമോൺ മാറ്റങ്ങളുണ്ടാവും. ഇക്കാലത്തു പ്രത്യേകതരം മാനസികാവസ്ഥയിലൂടെയാകും കുട്ടികൾ കടന്നു പോകുന്നത്. ജെൻഡർ, പ്രണയം, നിരാശ, ലൈംഗികത, ആർത്തവം തുടങ്ങിയ വിഷയങ്ങൾ കുട്ടികളുമായി തുറന്നു സംസാരിക്കണം.

 

കുട്ടികളുടെ മാനസികാരോഗ്യം തകരുന്നുണ്ടോ ? അറിയാം?

 

∙ ഒട്ടും ഉറക്കമില്ലാതെയോ ഭക്ഷണം കഴിക്കാതെയോ ഇരിക്കുക.

∙ ആത്മഹത്യാ പ്രവണത

∙ ഒട്ടും പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുക

∙ മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ചെലവഴിക്കുക

∙ അമിതമായ ദേഷ്യം, ആക്രമണ പ്രവണത

∙ അമിത വികൃതിയും ശ്രദ്ധക്കുറവും

ഇവ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്നതാണ്. എങ്കിലും ചികിത്സിക്കേണ്ട സാഹചര്യത്തിലേക്കു കുട്ടികളെ എത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

 

ചോദ്യങ്ങൾ

 

 എന്റെ മകൾ നന്നായി പഠിക്കും. ചോദ്യങ്ങൾക്കു കൃത്യമായി ഉത്തരം പറയും. പക്ഷേ, പരീക്ഷയ്ക്ക് ഒന്നും എഴുതില്ല. സമയം പെട്ടെന്നു കഴിയുമെന്നു പേടിച്ചു പല ചോദ്യത്തിനും ഉത്തരം എഴുതാൻ കഴിയുന്നില്ലെന്നാണ് അവളുടെ പരാതി.

 

∙ പരീക്ഷയെ ആണോ, പരീക്ഷാഫലത്തെ ആണോ കുട്ടിക്കു പേടി എന്നു മനസ്സിലാക്കണം. മാർക്ക് കുറഞ്ഞാൽ മാതാപിതാക്കൾ, അധ്യാപകർ, നാട്ടുകാർ, കൂട്ടുകാർ തുടങ്ങിയവർ എന്തു പറയുമെന്നു ഭയക്കുന്ന കുട്ടികളുണ്ട്. കളിയാക്കലും കുറ്റപ്പെടുത്തലുമെല്ലാം കുട്ടികൾക്കു കഴിവുകൾ പ്രകടിപ്പിക്കാനുള്ള വഴി തടസ്സപ്പെടുത്തും. മാതാപിതാക്കൾ സങ്കടപ്പെടുമോയെന്നു ഭയപ്പെടുന്ന കുട്ടികളുമുണ്ട്. പരീക്ഷാ ഹാളിൽ എത്തുമ്പോൾ ഇവരുടെ മുഖമായിരിക്കും കുട്ടികൾക്ക് ഓർമ വരിക. ഇതോടെ പരീക്ഷ നന്നായി എഴുതാൻ കഴിയാതെ വരും. മാർക്ക് കുറഞ്ഞാലും കുട്ടികളെ കുറ്റപ്പെടുത്തരുത്. പത്താം ക്ലാസ്, പ്ലസ്ടു എന്നിവയാണു ജീവിതത്തിന്റെ അടിത്തറ എന്നൊക്കെ പറഞ്ഞു കുട്ടികളെ ഭയപ്പെടുത്തുന്നതു നല്ലതല്ല. ചില കുട്ടികൾ കാണാപ്പാഠം പഠിച്ചു പരീക്ഷ എഴുതാറുണ്ട്. ചിലർ മനസ്സിലാക്കി പഠിച്ചും. പരീക്ഷ നന്നായി എഴുതാൻ ഏതാണോ നല്ല മാർഗം, കുട്ടി അതു പിന്തുടരട്ടെ. ഉത്കണ്ഠ (Anxiety) പോലുള്ള പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടോയെന്നും പരിശോധിക്കാം. ഇവർക്കു പരീക്ഷ മാത്രമായിരിക്കില്ല പലതിനോടും ഭയവും ഉത്കണ്ഠയുമുണ്ടാകും. ഇതു കണ്ടെത്താൻ മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടാം.

 

പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകന് എഴുതാൻ മടിയാണ്. ക്ലാസിലെ നോട്ട് ബുക്കിൽ ഒന്നും എഴുതാറില്ല. ചോദ്യങ്ങൾക്കെല്ലാം നന്നായി ഉത്തരം നൽകും. പക്ഷേ പരീക്ഷയിൽ ഒന്നും എഴുതാറില്ല. എങ്ങനെ പരിഹരിക്കും ?

 

∙ മടി ഒരു സ്വഭാവമല്ല, ലക്ഷണമാണ്. കുട്ടികളുടെ കാഴ്ച, കേൾവി എന്നിവ പരിശോധിക്കണം. കൈക്കോ വിരലുകൾക്കോ സൂക്ഷ്മ പേശികൾക്കോ പ്രശ്നമുണ്ടോയെന്നും പരിശോധിക്കണം. പഠനവൈകല്യത്തിന്റെ ഭാഗമായ ഡിസ്ഗ്രാഫിയ എന്ന അവസ്ഥയുടെ ലക്ഷണമുണ്ടെങ്കിലും മടിയുണ്ടാകും. കുട്ടിയെ ചെറുപ്പത്തിൽ തെറ്റായ രീതിയിൽ എഴുത്ത് ശീലിപ്പിച്ചതും പിന്നീട് എഴുതാനുള്ള മടിക്കു കാരണമാകും. കുട്ടിയുടെ കൈ പിടിച്ച് വിരലുകൾ വേദനിക്കുന്ന രീതിയിൽ എഴുതിക്കുന്നതു ശരിയല്ല. ചെറു പ്രായത്തിൽ തന്നെ കൂടുതൽ എഴുതിപ്പിക്കുന്നതും പ്രശ്നമാകും. അഞ്ച്, ആറ് വയസ്സ് മുതൽ പെൻസിൽ കൊടുത്താൽ മതി. വൃത്തിയായി എഴുതണം, തെറ്റാതെ എഴുതണം എന്നൊക്കെ എപ്പോഴും നിർദേശം കൊടുക്കരുത്. നിറം തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളും എഴുതാൻ മടി കാണിക്കും. ഇതും പരിശോധിച്ച് ഉറപ്പാക്കണം.

 

പ്ലസ് ടുവിനു പഠിക്കുന്ന ആൺകുട്ടിയാണ്. മൊബൈൽ അഡിക്‌ഷനാണു പ്രശ്നം. രാത്രി ഉറങ്ങാൻ കഴിയുന്നില്ല. പഠിക്കാനിരുന്നാലും മൊബൈലിൽ മെസേജ് വല്ലതും വന്നോ എന്നു പരിശോധിക്കാൻ തോന്നും. എന്ത് ചെയ്യണം ?

 

∙ ഇതിൽ രക്ഷിതാക്കളെക്കാളും കുട്ടികളാണു തീരുമാനമെടുക്കേണ്ടത്. മൊബൈൽ വേണ്ടെന്നു വച്ചുള്ള ലോകം ഇനി ആർക്കും പറ്റില്ല. മൊബൈൽ നല്ല രീതിയിൽ ഉപയോഗിക്കാൻ ശീലിപ്പിക്കുക. മൊബൈൽ എപ്പോൾ ഉപയോഗിക്കണം, എത്ര മണിക്കൂർ ഉപയോഗിക്കണം എന്നതു കുട്ടി തീരുമാനിക്കും. ഒറ്റയ്ക്ക് അവനു തീരുമാനമെടുക്കാൻ പറ്റുന്നില്ലെങ്കിൽ സഹായം കൊടുക്കാം. കുട്ടികളുമായി സംസാരിക്കാൻ വീട്ടിൽ അവസരമുണ്ടാക്കുക എന്നതു പ്രധാനമാണ്.

 

എന്റെ മോൻ എല്ലാവരോടും സംസാരിക്കുമ്പോൾ മോശം വാക്ക് ഉപയോഗിക്കുന്നതാണു പ്രശ്നം.

 

∙ ഇത്തരം കുട്ടികളോട് അതു ചെയ്യരുത്, പറയരുത് എന്നൊക്കെ നിർദേശം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുമായി മാതാപിതാക്കളും മുതിർന്ന സഹോദരങ്ങളും കൂടുതൽ സംസാരിക്കുന്നതും ഇടപഴകുന്നതും നല്ല പെരുമാറ്റമുണ്ടാക്കും. അച്ഛനും അമ്മയും തമ്മിലുള്ള നല്ല ബന്ധം കുട്ടിയിൽ സ്നേഹം വളർത്തും. കുടുംബമായി യാത്ര ചെയ്യുന്നതും നല്ലതാണ്. കുട്ടികൾക്കു പ്രായമായെന്നു കരുതി അവരെ വാത്സല്യത്തോടെ തലോടാതെ, കെട്ടിപ്പിടിക്കാതെ ഇരിക്കരുത്. പെരുമാറ്റം കൂടുതൽ മോശമാകുന്നുണ്ടെങ്കിൽ പെരുമാറ്റ വൈകല്യമുണ്ടെന്നും സംശയിക്കാം. ഇതിനു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാം.

 

ഒൻപതാം ക്ലാസിൽ പഠിക്കുന്ന എന്റെ മോന്റെ കൈ അടങ്ങിയിരിക്കാത്തതാണു പ്രശ്നം. എപ്പോഴും എന്തെങ്കിലും സാധനങ്ങൾ നശിപ്പിച്ചു കൊണ്ടേയിരിക്കും. സ്കൂളിൽനിന്ന് അധ്യാപകരും പരാതി പറഞ്ഞു.

 

∙ ചെറിയ പ്രശ്നമാണെങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല. കൂടുതലാണെങ്കിൽ മാത്രം ന്യൂറോ സർജന്റെ സഹായം തേടാം. നാഡികളുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടോയെന്നു പരിശോധിക്കാം.

 

 മകൻ മലയാളത്തിലെ ചിഹ്നങ്ങൾ തെറ്റിക്കുന്നുവെന്നതാണു പ്രശ്നം. ദീർഘം, വള്ളി, ഫുൾ സ്റ്റോപ്പ് ഇവ ഇടാൻ എപ്പോഴും മറക്കുന്നു. ഉദാ: ചാടി എന്ന് എഴുതേണ്ട സ്ഥാനത്ത് ചടി എന്ന് എഴുതുന്നു.

 

∙ എത്ര ശ്രമിച്ചിട്ടും കുട്ടി അക്ഷരങ്ങളോടു കൂട്ടു കൂടുന്നില്ലെങ്കിൽ ചിലപ്പോൾ പഠന വൈകല്യമാകാം. ഇതിനു വിദഗ്ധരുടെ സഹായം തേടാം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങളൊക്കെ മാതാപിതാക്കൾക്കു തന്നെ പരിഹരിക്കാം. എഴുതിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും കുട്ടികളുടെ ശ്രദ്ധ തെറ്റാതെ നോക്കാം.

 

Content Summary : 10 tips for career planning with your teen - Experts Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com