ADVERTISEMENT

വ്യാപാരി ദിവസവും രാവിലെ കുറെനേരം പ്രാർഥിക്കും. പിന്നീട് ഉച്ചവരെ കട തുറക്കും. ഉച്ചകഴിഞ്ഞു സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെടും. നാട്ടിലെ ധനികൻ എത്തി വ്യാപാരിയുടെ തലയിൽ തൊപ്പി വച്ചുകൊടുത്തിട്ടു പറഞ്ഞു: ഇത് ഏറ്റവും വിഡ്ഢിയായ മനുഷ്യനുള്ള കിരീടമാണ്. താങ്കളല്ലാതെ മറ്റാരെങ്കിലും ഉച്ചവരെ മാത്രം കട തുറക്കുമോ. രാത്രിവരെ കടയുണ്ടെങ്കിൽ എത്രയധികം വരുമാനം കിട്ടും. തന്നെക്കാൾ വിഡ്ഢിയായ ഒരാളെ കണ്ടാൽ ഈ തൊപ്പി അയാൾക്കു നൽകാം.

 

നാളുകൾക്കുശേഷം ധനികൻ രോഗബാധിതനായി. സന്ദർശനത്തിനെത്തിയ വ്യാപാരി ചോദിച്ചു: നിങ്ങളുടെ കൂടെപ്പോരുന്ന എന്തെങ്കിലുമുണ്ടോ? ഭാര്യയോ മക്കളോ പോരുമോ? ധനികൻ പറഞ്ഞു: ഇല്ല. വ്യാപാരി തനിക്കു ലഭിച്ച തൊപ്പി തിരിച്ചുകൊടുത്തിട്ടു പറഞ്ഞു: ഞാൻ എന്നെക്കാൾ വിഡ്ഢിയായ മനുഷ്യനെ കണ്ടു. നിങ്ങൾ സമ്പാദിച്ചതൊന്നും നിങ്ങളുടെ കൂടെപ്പോരില്ല. ഞാൻ ചെയ്ത പ്രവൃത്തികൾ എന്റെ കൂടെയുണ്ടാകും.

 

വിനിമയശേഷിയാണ് സമ്പാദന മികവിനെക്കാൾ പ്രസക്തം. ആർക്കും ഉപകരിക്കാത്ത സമ്പാദ്യങ്ങൾ എല്ലാവരും സ്വരൂപിക്കുന്നതാണോ അവനവനു ലഭിക്കുന്നവ ക്രിയാത്മകമായി വിനിയോഗിക്കുന്നതാണോ ഉചിതം.

നിക്ഷേപസൗഹൃദ മനസ്സ് രൂപപ്പെടാത്തതാണ് പലരുടെയും സ്വത്തുക്കൾ ഉപയോഗരഹിതമാകുന്നതിനു കാരണം. രണ്ടു തരം നിക്ഷേപങ്ങളുണ്ട്; നിർജീവ നിക്ഷേപവും ക്രിയാത്മക നിക്ഷേപവും. ലാഭമാണ് നിർജീവ നിക്ഷേപത്തിന്റെ മുഖവില. ഏറ്റവും കൂടുതൽ ലാഭം കിട്ടുന്നിടത്താകും നിക്ഷേപം മുഴുവൻ. പ്രയോജനമാണ് ക്രിയാത്മക നിക്ഷേപത്തിന്റെ താങ്ങുവില. സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും ലഭിക്കുന്ന പ്രയോജനങ്ങൾക്കനുസരിച്ച് പണവിനിയോഗവും മാറും.എന്തെങ്കിലും ഉപകാരം എന്നെങ്കിലും ഉണ്ടാകുമ്പോഴാണ് അപരന്റെ കടപ്പാടിന്റെ പുസ്തകത്തിൽ നമ്മുടെ പേരും ഉൾപ്പെടുക.

 

ഓരോ മരണവും ജീവിച്ചിരിക്കുന്നവർക്കുള്ള സന്ദേശമാണ്. ചരമപ്രസംഗത്തിൽ ആരും സമ്പാദ്യത്തെക്കുറിച്ചു സംസാരിക്കാറില്ല, സൽക്കർമങ്ങളെക്കുറിച്ചാണു വാചാലമാകുന്നത്. എല്ലാ സ്ഥിരനിക്ഷേപങ്ങളും അസ്ഥിരമാണ്. എല്ലാവരും എല്ലാറ്റിന്റെയും താൽക്കാലിക കാവൽക്കാർ മാത്രമാണ്. എന്നിട്ടും എല്ലാം തന്റേതാക്കുക എന്നതാണ് ജീവിതലക്ഷ്യമെന്നു തെറ്റിദ്ധരിച്ച് അവസാനം ഒന്നും തന്റേതായില്ല എന്നു കണ്ടെത്തുമ്പോൾ ഉണ്ടാകുന്നത് കുറ്റബോധം മാത്രമാണ്. സ്ഥിരനിക്ഷേപത്തിന്റെ വലുപ്പമാണ് ജീവിതവിജയത്തിന്റെ അളവുകോൽ എന്ന തെറ്റിദ്ധാരണ അവസാനശ്വാസത്തിനു തൊട്ടുമുൻപു മാറിയിട്ട് എന്തു പ്രയോജനം. 

 

Content Summary : How do you invest in happiness?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com