യുഎസിൽ വ്യാജ കോഴ്സുകളിൽ ചേർന്നതിന് അറസ്റ്റിലായത് 129 ഇന്ത്യക്കാർ; സത്യമെന്ത്?
Mail This Article
യുഎസിൽ വ്യാജ സർവകലാശാലയിൽ ചേർന്നതിന് അറസ്റ്റിലായത് 129 ഇന്ത്യൻ വിദ്യാർഥികൾ. സത്യത്തിൽ യുഎസിലെ പഠനസാധ്യതകളെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതല്ലേ ? എഴുത്തുകാരനും ഷിക്കാഗോ സർവകലാശാലയിലെ ജനിതകശാസ്ത്ര ഗവേഷകനുമായ എതിരൻ കതിരവൻ യുഎസിലെ സയൻസ് ട്രെൻഡുകൾ പരിചയപ്പെടുത്തുന്നു.
വരാൻ പോകുന്നതു ക്വാണ്ടം കംപ്യൂട്ടറുകളുടെയും റോബട്ടുകളുടെയും കാലം. അതനുസരിച്ചു ജോലിസാധ്യതകൾ മാറുന്നു. ടെക്‌നോളജിയിൽ പ്രാവീണ്യം നേടുന്നവരുടെ ലോകമാണു വരാൻ പോകുന്നതെന്ന് ഇസ്രയേലി ചരിത്രകാരൻ യുവൽ നോവ ഹരാരി. ജോലികളൊക്കെ റോബട്ടുകൾ ചെയ്‌തുകൊള്ളും. അവയെ നിയന്ത്രിക്കാനാണ് ആളുകളെ വേണ്ടത്. വിദ്യാഭ്യാസ സങ്കൽപങ്ങളും അത്തരത്തിൽ മാറണം. ശാസ്ത്ര ഗവേഷണത്തിനും യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ മികച്ച കുതിപ്പാണ്.
അമേരിക്കൻ ഡ്രീം
ഇൻഡസ്ട്രിയൽ ബയോടെക്‌നോളജി, ബയോഫ്യുവൽ ടെക്‌നോളജി, ബയോടെക്‌നോളജി മാനേജ്‌മെന്റ് തുടങ്ങിയവയാണു യുഎസിലെ പുതിയ ഹോട്ട് സബ്ജക്ടുകൾ. ജനിതകജന്യ രോഗങ്ങളെക്കുറിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ജനറ്റിക് കൗൺസലിങ്ങിനു സാധ്യതകളേറെയാണ്. ന്യൂറോബയോളജി, ന്യൂറോജനറ്റിക്‌സ് ഗവേഷണങ്ങൾക്കു ഫണ്ടിങ് ഏറുന്നു.
കഠിനാധ്വാനികളായ ഇന്ത്യൻ വിദ്യാർഥികൾക്കു യുഎസ് സർവകലാശാലകളുടെ വാതിലുകൾ തുറന്നുകിടക്കുകയാണ്. താൽപര്യമുള്ള വിഷയത്തിൽ ഗവേഷണത്തിനു സർവകലാശാലയുമായി നേരിട്ടു ബന്ധപ്പെടാം. https://www.topuniversities.com/where-to-study/north-america/united-states/graduate-study-us-guide-international-students എന്ന ലിങ്കിൽ യുഎസിലെ ഗവേഷണാവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
സാധ്യതകൾ, വെല്ലുവിളികൾ
ഡോണൾഡ് ട്രംപ് പ്രസിഡന്റായ ശേഷം യുഎസ് ഗവേഷണമേഖലയിൽ വന്ന മാറ്റങ്ങളെക്കുറിച്ചു ചോദ്യങ്ങൾ ഉയരുന്നുണ്ട്.ട്രംപ് 2018ൽ അപ്രതീക്ഷിതമായി ശാസ്ത്ര ഗവേഷണ ഫണ്ടിങ് കുത്തനെ കൂട്ടി. എന്നാൽ വീസ നിയന്ത്രണങ്ങൾ വിദ്യാർഥികളെ ബാധിച്ചിട്ടുമുണ്ട്.
യുഎസിലെ മിക്ക അഡ്മിഷനും സ്‌കോളർഷിപ്പോടെയാണു ലഭിക്കുക. ക്യാംപസിൽ തന്നെ ചെറു ജോലികൾ ചെയ്തും അതിജീവനം സാധ്യം. എത്തിപ്പെടുക എന്ന കടമ്പ പിന്നിട്ടാൽ പിന്നെ പ്രയാസമില്ല. ഇന്ത്യയിലെ എംഎസ്‌സിക്കു ശേഷം യുഎസിൽ ഗവേഷണത്തിനു ശ്രമിക്കുന്നവർ ജിആർഇ, ടോഫൽ (TOEFL) തുടങ്ങിയ ടെസ്റ്റുകൾ പാസാകാനും ഓർക്കുക.
പിഎച്ച്ഡിക്കു ശേഷം തുടർഗവേഷണവുമായി യൂണിവേഴ്‌സിറ്റികളിൽ കൂടണോ അതോ ഇൻഡസ്ട്രിയിൽ ജോലി വേണോ എന്നു വിദ്യാർഥിക്കു തീരുമാനിക്കാം. താൽപര്യമുള്ള കമ്പനികൾ വീസ മാറ്റിത്തന്നേക്കും.
കൾച്ചർ ഷോക്കോ, ചുമ്മാ...
യുഎസിലേക്കു പണ്ടെത്തുന്ന വിദ്യാർഥികൾ നേരിട്ട പ്രശ്‌നമായിരുന്നു കൾച്ചർ ഷോക്ക്. എന്നാൽ ടെലിവിഷനും സിനിമകളും നെറ്റ്ഫ്ലിക്‌സും അമേരിക്കൻ സംസ്‌കാരം വാരിവിതറുന്ന ഇക്കാലത്ത് എന്തു കൾച്ചർ ഷോക്ക് ? ശരാശരി അമേരിക്കക്കാരനേക്കാൾ മുന്തിയ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. അവരോടാണോ കളി ?
ഹോട്ട് സബ്ജക്ട്സ് @ യുഎസ്
1.ഇൻഡസ്ട്രിയൽ ബയോടെക്നോളജി: കെമിക്കലുകൾ, ഭക്ഷ്യവസ്തുക്കൾ,സോപ്പുകൾ തുടങ്ങിയവയുടെ ഉൽപാദനത്തിനു ജൈവ എൻസൈമുകളെയും സൂക്ഷ്മജീവികളെയും ഉപയോഗിക്കുന്നു. ബയോടക്നോളജി പഠിച്ചവർക്ക് ചെറിയ ചില കോഴ്സുകളും കഴിഞ്ഞാൽ ഭാവിയിൽ നല്ല ജോലിസാധ്യത.
2.ബയോഫ്യുവൽ ടെക്‌നോളജി: പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്കു ബദലായി ബയോഫ്യൂവൽ സസ്യങ്ങളിൽ നിന്നുള്ള ഇന്ധനം പ്രചാരം നേടിവരികയാണ്. ധാരാളം ഗവേഷണങ്ങളും നടക്കുന്നു.
3.ബയോടെക്‌നോളജി മാനേജ്‌മെന്റ്: മേൽപ്പറഞ്ഞ രണ്ടു വ്യവസായങ്ങളിലേക്കും മാനേജ്മെന്റ് പ്രഫഷനലുകളെയും വേണം. ബയോടെക്നോളജിക്കു ശേഷം എംബിഎയോ മാനേജ്മെന്റ് കോഴ്സുകളോ പഠിച്ചാൽ നല്ല കോംബിനേഷനാകും.
4.ജനറ്റിക് കൗൺസലിങ്: ജനറ്റിക്സ് പഠിച്ചവർക്കു ചെറിയ സർട്ടിഫിക്കേഷൻ കോഴ്സുകൾ വഴി ഈ മേഖലയിലെത്താം. ജനിതകപശ്ചാത്തലമുള്ള കുടുംബങ്ങളിൽ കുഞ്ഞ് ജനിക്കുന്നതിനു മുൻപ് കൗൺസലിങ് അനിവാര്യം.
5.ന്യൂറോജനറ്റിക്‌സ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വരെ ന്യൂറോജനറ്റിക്സ് പഠനം അനിവാര്യം.