കുറഞ്ഞ ചെലവിൽ നഴ്‌സിങ് പഠിക്കാം
Mail This Article
നാലു വർഷത്തെ നഴ്‌സിങ് ബിഎസ്‌സിക്കു ചേരാൻ പ്രയാസമുള്ളവർക്കു, ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി ഡിപ്ലോമയ്‌ക്ക് പഠിക്കാൻ കേരളത്തിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ അവസരം. പറയത്തക്ക ഫീസൊന്നും ഇല്ലെന്നു മാത്രമല്ല, പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡും ലഭിക്കും. 6 മാസത്തെ ഇന്റേൺഷിപ് ഉൾപ്പെടെ 3 വർഷമാണു കോഴ്സ്.
ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ്.
14 ജില്ലകളിലും ഓരോ സ്‌കൂൾ വീതം. പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്. ആകെ സീറ്റുകളുടെ 20% ആൺകുട്ടികൾക്ക്. ഡിപ്ലോമ നേടിയ ശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം നിർദിഷ്‌ട വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.
യോഗ്യത
ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ്മാർക്ക്.
അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ നിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ 5 വർഷമെങ്കിലും സ്‌ഥിരമായി താമസിച്ചതായി വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണം.
പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ (20 സീറ്റ്; ഇതിൽ നാലെണ്ണം ആൺകുട്ടികൾക്ക്) പ്രവേശനത്തിന് എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
അപേക്ഷ, സീറ്റുകൾ
സംസ്‌ഥാന ആരോഗ്യ ഡയറക്‌ടറുടെ വെബ്സൈറ്റിൽ നിന്ന് (www.dhs.kerala.gov.in) അറിയിപ്പും പ്രോസ്പെക്ടസും ഫോമും ഡൗൺലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകരുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ജൂലൈ 10നകം എത്തിക്കണം. ഫീ 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ.
ആകെ 365 സീറ്റ് (60% മെറിറ്റ്; 40% സാമുദായികസംവരണം). ചുരുക്കം ചില സീറ്റുകൾ സ്‌പോർട്‌സ്, സൈനികരുടെ/പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ മുതലായ വിഭാഗങ്ങൾക്ക്.
ഹെൽപ്‌ലൈൻ
ക്ലാസുകൾ ഒക്‌ടോബറിൽ തുടങ്ങും. സംശയപരിഹാരത്തിന് ഏതെങ്കിലും നഴ്‌സിങ് സ്‌കൂളുമായി ബന്ധപ്പെടാം. ഫോൺ: എറണാകുളം – 0484 235 1314; തിരുവനന്തപുരം – 0471 2306395; കോഴിക്കോട് – 0495 2365977