ഷോർട്സിന് ഇറക്കം പോരെന്ന് പ്രഫസർ, അടിവസ്ത്രം മാത്രമിട്ട് തീസിസ് അവതരിപ്പിച്ച് വിദ്യാർഥിനി
Mail This Article
ഒരു ഗവേഷണ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ് തീസിസ് അവതരണം. വളരെ നാളത്തെ തന്റെ പഠന പ്രവർത്തനങ്ങളുടെ മൂല്യം അളക്കുന്ന ദിനമാണത്. അത്തരമൊരു തീസിസ് അവതരണത്തിന്റെ ട്രയലിൽ വച്ച് ഒരു പെൺകുട്ടിയോട് അവളുടെ പ്രഫസർ നിന്റെ ഷോർട്സിന് ഇറക്കം പോരെന്നും അതു പ്രബന്ധവിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കുമെന്നും അഭിപ്രായപ്പെടുന്നു. ഈ കമന്റിനോട് ആ പെൺകുട്ടി നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലാകുന്നത്. അടിവസ്ത്രം മാത്രമിട്ട് ഒറിജിനൽ തീസിസ് അവതരണം നടത്തിയാണ് ലെറ്റീഷ്യ ചായ് എന്ന പെൺകുട്ടി അതിനോട് പ്രതികരിച്ചത്.
ന്യൂയോർക്കിലെ ഇതാക്കയിലുള്ള കോർണ്ണൽ സർവകലാശാലയിലാണ് ഈ തീസിസ് അവതരണം നടന്നത്. ഫെയ്സ്ബുക്കിൽ ലൈവിലടക്കം പോയ ഈ തീസിസ് അവതരണം വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും ലിംഗവിവേചനത്തെയുമെല്ലാം സംബന്ധിച്ച ചൂടൻ ചർച്ചകൾക്കും തിരി കൊളുത്തി.
ക്ലാസിൽ എല്ലാവരുടെയും മുന്നിൽ വച്ച് തന്റെ വനിതാ പ്രഫസർ നടത്തിയ കമന്റ് കേട്ട് ആദ്യം ലെറ്റീഷ്യ എങ്ങനെ പ്രതികരിക്കണമന്ന് അറിയാതെ അമ്പരന്നു. ക്ലാസിലുള്ള മറ്റു ചില വിദ്യാർഥികൾക്കും പ്രഫസറുടെ കമന്റ് ഞെട്ടലുളവാക്കി. ഒരു രാജ്യാന്തര വിദ്യാർഥി മാത്രം പ്രഫസറെ അനുകൂലിച്ചു. ട്രയൽ കഴിഞ്ഞ് ക്ലാസിന്റെ പുറത്തെത്തിയിട്ടും പ്രഫസർ ലെറ്റീഷ്യയെ വെറുതേ വിട്ടില്ല. നിന്റെ അമ്മ ഈ വസ്ത്രത്തെ കുറിച്ച് എന്തു ചിന്തിക്കുമെന്നായിരുന്നു പ്രഫസറുടെ ചോദ്യം.
ഒരു ഫെമിനിസ്റ്റും ജെൻഡർ–സെക്ഷ്വാലിറ്റി സ്റ്റഡീസ് പ്രഫസറുമായ അമ്മ ലിംഗഭേദമന്യേ എല്ലാവരുടെയും ശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ചയാളാണെന്നും അതിനാൽ തന്റെ ഷോർട്സ് അമ്മയ്ക്കൊരു പ്രശ്നമല്ലെന്നും ലെറ്റീഷ്യ ഫെയ്സ്ബുക്കിൽ പിന്നീട് കുറിച്ചു. ഫെയ്സ്ബുക്കിലൂടെ തന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും പിന്തുണ തേടിയ ശേഷമായിരുന്നു ലെറ്റീഷ്യയുടെ തീസിസ് സ്ട്രിപ്പിങ്.
തീസിസ് അവതരണത്തിനായി നീളമേറിയ വസ്ത്രമൊക്കെ ധരിച്ചെത്തിയ ലെറ്റീഷ്യ തന്റെ പ്രസംഗത്തിനു തൊട്ട് മുൻപ് വസ്ത്രമെല്ലാം ഊരിക്കളഞ്ഞ് അടിവസ്ത്രത്തിൽ നിന്നു. കൂളായി അവതരണവും നടത്തി. ലെറ്റീഷ്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റൂമിലുണ്ടായിരുന്ന മറ്റ് ചില ഗവേഷണ വിദ്യാർഥികളും തങ്ങളുടെ വസ്ത്രമുരിഞ്ഞു. മറ്റുള്ളവരുടെ സൗകര്യത്തിനു വേണ്ടി സ്വന്തം രൂപ ഭാവങ്ങൾ മാറ്റാൻ നിർബന്ധിക്കപ്പെടുന്നവർക്കു വേണ്ടിയാണ് ഈ പ്രതിഷേധമെന്നും ലെറ്റീഷ്യ സദസ്സിനോട് പറഞ്ഞു.
എന്നാൽ വിദ്യാർഥികൾ എന്ത് ധരിക്കണമെന്നോ എന്താണ് അനുയോജ്യമെന്നോ ഒന്നും താൻ പറയാറില്ലെന്നും സ്വയം വിചിന്തനം നടത്തി തീരുമാനമെടുക്കാനാണ് ആവശ്യപ്പെടാറുള്ളതെന്നും അധ്യാപിക പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.