ADVERTISEMENT

ലോകത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും വിശ്വാസ്യതയുള്ള റാങ്കിങ് എന്നാണ് ടൈംസ് എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് അറിയപ്പെടുന്നത്. ബ്രിട്ടനിലെ പ്രശസ്ത വിദ്യാഭ്യാസ മാസികയായ ടൈംസ് ഹയര്‍ എജുക്കേഷനാണ് ഇത് പ്രസിദ്ധീകരിച്ച് വരുന്നത്.

ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ് പട്ടികയിലെ സ്ഥാനം ഉയര്‍ത്തിപ്പിടിച്ചാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ കുട്ടികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയാറാക്കാറുള്ളത്.

ടൈംസ് ഹയര്‍ എജുക്കേഷന്റെ ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയാണ് ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം. യുഎസിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം സ്ഥാനത്തും യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തും അമേരിക്കയിലെ സ്റ്റാന്‍ഫോഡ് നാലാം സ്ഥാനത്തുമാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടി റോപ്പര്‍, ഐഐടി ഇന്‍ഡോര്‍, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി എന്നിവയാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുമ്പോള്‍ മാതാപിതാക്കളും കുട്ടികളും ഏറ്റവും ആദ്യം നോക്കുന്ന പട്ടികകളിലൊന്ന് ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ് ആണ്. അതാണ് ഇതിന്റെ പ്രസക്തിയും.

ഐഐടികള്‍ കലിപ്പിലാണ്

ഇന്ത്യയിലെ പ്രമുഖ ഐഐടികള്‍ 2020ലെ ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കയാണ്. അതിനാല്‍ നമ്മുടെ ഐഐടികളെ പട്ടികയില്‍ കണ്ടില്ലെങ്കില്‍ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ഐഐടി ബോംബെ, ഐഐടി ഡെല്‍ഹി, ഐഐടു ഗുവാഹത്തി, ഐഐടി കാന്‍പൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടി മദ്രാസ്, ഐഐടി റൂര്‍ക്കി എന്നീ സ്ഥാപനങ്ങളാണ് ടൈംസിന്റെ ഒരു റാങ്കിങ്ങിലും പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

റാങ്കിങ് പ്രക്രിയ നടത്തുന്നതിന്റെ മാനദണ്ഡങ്ങളില്‍ തൃപ്തിയില്ലാത്തതാണ് കാരണമെന്നറിയുന്നു. റാങ്കിങ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുകയും ഏതെല്ലാം മാനദണ്ഡങ്ങളെ വെച്ചാണ് സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതെന്ന് തങ്ങളെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയും ചെയ്താല്‍ അടുത്ത വര്‍ഷം പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നുമാണ് ഐഐടികളുടെ നിലപാട്.

നിലവില്‍ ടൈംസ് ഹയര്‍ എജുക്കേഷന്‍ പട്ടികയിലെ ടോപ് 500 സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ നിന്നും ആറ് യൂണിവേഴ്‌സിറ്റികളാണുള്ളത്. എന്നാല്‍ ടോപ് 300ല്‍ ഒരൊറ്റ ഇന്ത്യന്‍ സ്ഥാപനം പോലുമില്ല. ഐഐടി ബോംബെയുടെ അന്താരാഷ്ട്ര റാങ്കിങ് താഴേക്ക് പോയതിനെ തുടര്‍ന്ന് നേരത്തെ ടൈംസ് ഹയര്‍ എജുക്കേഷനെതിരെ ഇവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com