ADVERTISEMENT

ഈ അധ്യയന വർഷം മുഴുവൻ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടി വന്നാലും അതിനുള്ള തയാറെടുപ്പോടെയാണു തിങ്കളാഴ്ച സ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഓൺലൈൻ ക്ലാസ് സ്കൂളിനു ബദലല്ല, തുറക്കുംവരെയുള്ള താൽക്കാലിക സംവിധാനമാണ്. ജൂൺ പത്തിനകം എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കുമെന്നും പറഞ്ഞു. മന്ത്രി ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്:

∙2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ സൗകര്യങ്ങളില്ലല്ലോ

ക്ലാസ് തുടങ്ങിയാലേ കൃത്യമായി മനസ്സിലാകൂ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഫോണോ ടിവിയോ ഇല്ലാത്ത 70 കുട്ടികൾക്കു പഞ്ചായത്ത് ഫോൺ സമ്മാനിച്ചു. കുട്ടികൾ പഠിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് വാർഡ് അംഗങ്ങളടക്കം ഓരോരുത്തരുടെയും കടമയാണ്. ഇല്ലാത്തവർക്കെല്ലാം കംപ്യൂട്ടറോ സ്മാർട് ഫോണോ വാങ്ങി നൽകാനുള്ള സാമ്പത്തികശേഷി വിദ്യാഭ്യാസ വകുപ്പിനില്ല. എന്നാൽ എല്ലാവർക്കും സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയേ മുന്നോട്ടുള്ളൂ.

∙സാമൂഹിക അകലം പാലിച്ചു പരീക്ഷ നടത്തിയതുപോലെ ക്ലാസും നടത്താനാകില്ലേ

ഇല്ല. 8 മാതൃകകൾ നോക്കി. സാമൂഹിക അകലമില്ലാതെ കൂടിച്ചേരാനിടയുണ്ട്. കുട്ടികളെ വച്ചു പരീക്ഷണം പറ്റില്ല.

∙പരീക്ഷകളോ

ചെറിയ ടെസ്റ്റുകൾ അധ്യാപകർ നടത്തണം. മെറ്റീരിയൽ നൽകാനാകുമോ എന്നു പിന്നീടു പരിശോധിക്കാം. ഇതെല്ലാം രണ്ടാഴ്ച ക്ലാസ് നടത്തി, പ്രശ്നങ്ങൾ പഠിച്ച ശേഷമേ തീരുമാനിക്കാനാകൂ. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കു സാമൂഹിക സംഘടനകൾ വഴിയോ മറ്റോ വർക് ഷീറ്റുകൾ വീട്ടിലെത്തിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

∙പുതിയ സംവിധാനം അധ്യാപകർക്ക് അറിയുമോ ?

ക്ലാസുകൾ നൽകുന്നുണ്ട്. വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ക്ലാസ് എടുക്കുന്നതിനെക്കുറിച്ചും പറഞ്ഞു കൊടുക്കും. സംശയം തീർക്കാൻ സ്ഥിരം സംവിധാനമുണ്ടാകും. പിന്നീടു കൂട്ടായ്‌മയിലൂടെ ഇതു മെച്ചപ്പെടുത്തുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ജൂൺ രണ്ടിനു എല്ലാം ശരിയാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സമയമെടുക്കും.

English Summary : Interview with education minister C Raveendranath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com