ADVERTISEMENT

ഓൾ ഇന്ത്യ മെഡിക്കൽ യുജി 2021-22 ആദ്യ റൗണ്ട് കൗൺസലിങ്ങിന്റെ സമയക്രമം വീണ്ടും പരിഷ്കരിച്ചതായി എംസിസി അറിയിച്ചു. അതനുസരിച്ച് ഇന്നു രാവിലെ 10 മുതൽ അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത്, റിപ്പോർട്ടിങ് തുടങ്ങാം. ഇന്നലെ അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്തവർ, അതുപേക്ഷിച്ച് പുതിയത് ഡൗൺലോഡ് ചെയ്യണം. അലോട്മെന്റ് ഫലവും ഇന്നലെ വൈകിട്ട് വീണ്ടും പരിഷ്കരിച്ചതിനാൽ അതും വീണ്ടും ഡൗൺലോ‍ഡ് ചെയ്യണം.

ഒന്നാം തീയതി അലോട്മെന്റ് ഫലം പ്രസിദ്ധപ്പെടുത്തി, ഇന്നലെ മുതൽ റിപ്പോർട്ടിങ് തുടങ്ങാമെന്നായിരുന്നു പുതുക്കിയ സമയക്രമത്തിലുണ്ടായിരുന്നത്. പക്ഷേ, അലോട്മെന്റ് ഫലം പ്രസിദ്ധപ്പെടുത്തിയത് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ്. ചുരുക്കം ചിലർക്ക് അലോട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞു. പക്ഷേ, വൈകാതെ ആ സൗകര്യം പിൻവലിച്ചു. സൈറ്റിൽ കയറാൻ വയ്യാതായി. ബിഡിഎസ് സീറ്റുകളുടെ കണക്കിൽ പിശകുണ്ടായതിനാൽ അലോട്മെന്റ് ഫലം തെറ്റിപ്പോയെന്ന് അറിയിപ്പു വന്നു. തുടർന്ന് വീണ്ടും പുതുക്കിയ അലോട്മെന്റ് ഫലം സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.  ആദ്യ റൗണ്ടിൽ ‘ഫിസിക്കൽ / ഓൺലൈൻ റിപ്പോർട്ടിങ് (ഇ–ജോയിനിങ്)’ ആകാമെന്ന് പുതിയ അറിയിപ്പിലുണ്ട്. ഇ–ജോയിനിങ്ങിന്റെ വിശദാംശം വ്യക്തമാക്കിയിട്ടില്ല. 

റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങൾ കോളജുമായി ബന്ധപ്പെട്ട് മനസ്സിലാക്കണമെന്ന് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. അനിശ്ചിതത്വവും മാറിമാറിവരുന്ന നിർദേശങ്ങളും കാരണം, ഇത്തവണത്തെ മെഡിക്കൽ യുജി ഓൾ ഇന്ത്യ ക്വോട്ട പ്രവേശനം വിദ്യാർഥികളെയും ‌രക്ഷിതാക്കളെയും ഏറെ ക്ലേശിപ്പിക്കുന്നു. 2011 നവംബർ ഒന്നിന് നീറ്റ്–യുജി ഫലം വന്നു. സുപ്രീം കോടതിയിലെ  കേസുകൾ ജനുവരി 7ന് തീർപ്പാക്കിയെങ്കിലും, ഇതുവരെ കോളജിൽ ചേരുന്നതു സംബന്ധിച്ച കാര്യം വ്യക്തമല്ല. ദീർഘകാലം തയാറെടുത്ത് കടുത്ത മത്സരത്തിലൂടെ മാറ്റ് തെളിയിച്ച സമർഥരായ 8,70,074 വിദ്യാർഥികൾക്ക് അതീവ താൽപര്യമുളള ഈ പ്രവേശനനടപടികൾ കാര്യക്ഷമമായി നടത്തേണ്ടതുണ്ട്.

Content Summary : Education News - Students fret over the details of All India Medical UG Entrance test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com