സിബിഎസ്ഇ 10, 12 പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 2 മുതൽ; മാർക്കുകൾ ക്ലാസ് അവസാനിക്കുന്നതിനു മുൻപ് അപ്‌ലോഡ് ചെയ്യണം
Mail This Article
ന്യൂഡൽഹി ∙ സിബിഎസ്ഇ 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. ഈ ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്കൂളുകളിൽ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കണമെന്നും ക്ലാസ് പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുൻപു പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
12–ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയ്ക്കു പുറത്തുനിന്നു നിരീക്ഷകരുണ്ടാകും. 10 വിദ്യാർഥികൾ വീതം ഉൾപ്പെടുന്ന ബാച്ചായി തിരിച്ച് ലാബിൽ പരീക്ഷ നടത്തണം. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ക്ലാസ് അവസാനിക്കുന്നതിനു മുൻപ് അപ്‌ലോഡ് ചെയ്യണം.
∙ ആദ്യ ടേം ഫലം വൈകുന്നു
സിബിഎസ്ഇ ആദ്യ ടേം പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പു നീളുന്നു. ഡിസംബർ 22നാണ് പരീക്ഷ കഴിഞ്ഞത്. രണ്ടാം ടേം പരീക്ഷയുടെ ടൈംടേബിൾ ഇതുവരെ പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ജനുവരി ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഓഫിസ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതു നടപടികൾ തടസ്സപ്പെടുത്തി എന്നായിരുന്നു സിബിഎസ്ഇയുടെ ആദ്യ വിശദീകരണം. എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞിട്ടും ഫലം വന്നില്ല.
സിബിഎസ്ഇയുടെ പുതിയ ചെയർമാൻ വിനീത് ജോഷി സ്ഥാനമേറ്റെങ്കിലും ഓഫിസിൽ സജീവമായിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിൽ അഡീഷനൽ സെക്രട്ടറിയായ അദ്ദേഹത്തിനു മറ്റു തിരക്കുകളുണ്ട്.
Content Summary : CBSE class 10, 12 Term 2 boards: Practical exams to begin from 2 March