ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ.എം.എ.ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് കിട്ടി നാലു മാസം കഴിഞ്ഞിട്ടും സർക്കാർ പുറത്തുവിടുന്നില്ല. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കരിക്കുലം കമ്മിറ്റിക്കു പോലും ഇതുവരെ പൂർണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. 

റിപ്പോർട്ടിൽ രഹസ്യമാക്കി വയ്ക്കാൻ ഒന്നുമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഉടൻ പരസ്യപ്പെടുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി നവംബർ 9നു വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു മന്ത്രി പരസ്യമായി നിർദേശവും നൽകിയെങ്കിലും റിപ്പോർട്ട് ഇപ്പോഴും സർക്കാരിന്റെ മേശവലിപ്പിൽ രഹസ്യരേഖയായി തുടരുകയാണ്. 

റിപ്പോർട്ട് നൽകിയപ്പോൾ വാർത്തക്കുറിപ്പിലൂടെ സ്കൂൾ സമയമാറ്റം ഉൾപ്പെടെ ഏതാനും ശുപാർശകൾ മാത്രമാണ് സർക്കാർ പരസ്യമാക്കിയത്. റിപ്പോർട്ടിലെ മറ്റു പ്രധാന ശുപാർശകൾ അന്നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. അധ്യാപക സംഘടനകളടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇത് ഔദ്യോഗികമായി പുറത്തുവിടാൻ സർക്കാർ മടിക്കുകയാണ്. 

2013നു ശേഷം ആദ്യമായി നടക്കുന്ന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള കമ്മിറ്റികൾക്കു പോലും നൽകുന്നില്ലെങ്കിൽ  ലക്ഷങ്ങൾ മുടക്കി തയാറാക്കിയ ഈ റിപ്പോർട്ട് കൊണ്ട് എന്തു പ്രയോജനമാണെന്ന ചോദ്യമാണ് ഉയരുന്നത്. ഖാദർ കമ്മിറ്റി അംഗമായിരുന്ന ഡോ.സി.രാമകൃഷ്ണൻ കരിക്കുലം കമ്മിറ്റിയിലും അംഗമാണ്. കഴിഞ്ഞയാഴ്ച ചേർന്ന കരിക്കുലം കമ്മിറ്റി– കോർ കമ്മിറ്റി സംയുക്ത യോഗത്തിലും ഖാദർ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കാത്തതിനെ പ്രതിപക്ഷ അധ്യാപക സംഘടന പ്രതിനിധികൾ വിമർശിച്ചിരുന്നു.

അക്കാദമിക് മാറ്റങ്ങൾ സംബന്ധിച്ച് നിർദേശങ്ങൾ

നാലര വർഷത്തിനിടെ ആറു തവണ കാലാവധി നീട്ടിലഭിച്ച ഖാദർ കമ്മിറ്റി കഴിഞ്ഞ സെപ്റ്റംബർ 22ന് ആണ് അന്തിമ റിപ്പോർട്ട് നൽകിയത്. സ്കൂൾ സമയമാറ്റം, അധ്യാപക നിയമനം, പാഠ്യ പദ്ധതിയിലും പരീക്ഷയിലും വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെല്ലാം ഈ റിപ്പോർട്ടിലുണ്ട്. ആദ്യ ഘട്ട റിപ്പോർട്ട് 2018ൽ നൽകിയിരുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഘടനാപരവും ഭരണപരവുമായ ശുപാർശകളാണ് അതിലുണ്ടായിരുന്നത്. ഇതിൽ പലതും വിവാദമായെങ്കിലും നടപ്പാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. 

Content Summary : The government has not been released Khader Committee Final Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com