ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിൽ അപേക്ഷകരില്ലാത്ത 61,000 സംവരണ സീറ്റുകൾ മെറിറ്റ് സീറ്റായി മാറി. ഇവകൂടി ഉൾപ്പെടുത്തിയാണു മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആദ്യ 2 അലോട്മെന്റുകളിലും പുറത്തായിരുന്ന 80,694 പേർക്കു കൂടി പ്രവേശനം ലഭിച്ചു.

Read Also : മെഡിക്കൽ പിജി പ്രവേശനം : പരിഗണിക്കുക നെക്സ്റ്റിലെ ആദ്യഘട്ട മാർക്ക് മാത്രം

മൂന്നാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നാലിനു വൈകിട്ട് 4 വരെയാണ്. മുഖ്യഘട്ട പ്രവേശനം അവസാനിക്കുന്നതിനാൽ അലോട്മെന്റ് ലഭിച്ചവരെല്ലാം ഫീസ് അടച്ചു സ്ഥിരപ്രവേശനമാണു നേടേണ്ടത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ആദ്യഘട്ട പ്രവേശനം നാലിന് അവസാനിക്കും. അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സപ്ലിമെന്ററി പ്രവേശന നടപടികൾക്ക് അതിനുശേഷം തുടക്കമാകും.

plus-one-third-allotment-table

താൽക്കാലിക പ്രവേശനം നേടിയ 51,385 പേർക്കു മൂന്നാം അലോട്മെന്റിൽ ഉയർന്ന ഓപ്ഷനിലേക്കു മാറ്റം ലഭിച്ചു. മുഖ്യഘട്ടത്തിലെ 3 അലോട്മെന്റുകളും പൂർത്തിയായപ്പോൾ ആകെ 3,02,108 മെറിറ്റ് സീറ്റുകളിലായി 2,99,309 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. ഇനി 2799 സീറ്റുകളാണു ബാക്കിയുള്ളത്. സ്പോർട്സ് ക്വോട്ടയിൽ 245 പേർക്കു കൂടി അലോട്മെന്റ് ലഭിച്ചു.

ആളില്ലാത്ത സംവരണ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയതോടെ ജനറൽ മെറിറ്റ് സീറ്റുകളുടെ എണ്ണം മൂന്നാം അലോട്മെന്റിൽ 2,11,560 ആയി ഉയർന്നു. സംവരണ സീറ്റുകളിൽ വേണ്ടത്ര അപേക്ഷകരുള്ളത് ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിലും മുസ്‌ലിം വിഭാഗത്തിലും മാത്രമാണ്. മറ്റു സമുദായ, സമുദായേതര സംവരണ വിഭാഗങ്ങളിലെ ഭൂരിപക്ഷം സീറ്റുകളും അപേക്ഷകരില്ലായിരുന്നു. കുശവൻ, കുഡുംബി, ധീവര, ക്രിസ്ത്യൻ ഒബിസി, ഭാഷാ ന്യൂനപക്ഷം, കാഴ്ചപരിമിതർ എന്നീ വിഭാഗങ്ങളിലെല്ലാം അപേക്ഷകർ ആയിരത്തിൽ താഴെ മാത്രമാണ്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാർക്കുള്ള 18,460 സീറ്റിൽ അലോട്മെന്റ് വേണ്ടിവന്നത് 6652 സീറ്റിൽ മാത്രം. സ്പോർട്സ് ക്വോട്ടയിൽ 7848 സീറ്റുകളുണ്ടെങ്കിലും അപേക്ഷകർ 5491 ആണ്.

∙ വടക്കൻ ജില്ലകളിൽ  അലോട്മെന്റ് ലഭിക്കാത്തവരേറെ

മൂന്നാം അലോട്മെന്റിൽ ലഭിച്ച 80,694 പേരിൽ പകുതിയോളവും സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്.  എങ്കിലും ഈ ജില്ലകളിൽ അലോട്മെന്റ് ലഭിക്കാത്തവർ ഇപ്പോഴും ഏറെയാണ്. ഇവരിൽ ഭൂരിപക്ഷത്തിനും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളെയും അൺ എയ്ഡഡ് സ്കൂളുകളെയും ആശ്രയിക്കേണ്ടി വരും. ആ പ്രവേശനം കൂടിയാകുമ്പോൾ സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. ആദ്യഘട്ട പ്രവേശനം പൂർത്തിയായ ശേഷം താലൂക്ക്, പഞ്ചായത്ത് തലത്തിൽ പരിശോധന നടത്തി കൂടുതൽ സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്.

Content Summary : HSCAP Kerala Plus One Third Allotment 2023 Result OUT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com