വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശനം; അപേക്ഷ 16 മുതൽ 25 വരെ
Mail This Article
പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹയർ സെക്കൻഡറി പഠനത്തോടൊപ്പം 48 തൊഴിൽ മേഖലകളിൽ നിന്ന് ഇഷ്ടമുള്ള ഒന്നു തിരഞ്ഞെടുത്തു പരിശീലിച്ച്, സ്കിൽ സർട്ടിഫിക്കറ്റ് നേടുന്നതിന് ‘വൊക്കേഷനൽ ഹയർ സെക്കൻഡറി’ കോഴ്സുകൾ അവസരമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ് സ്കൂളുകളുണ്ട്. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. വെബ്: www.vhscap.kerala.gov.in. വിവരങ്ങൾ www.vhseportal.kerala.gov.in എന്ന സൈറ്റിലുമുണ്ട്. ദേശീയ എൻഎസ്ക്യൂഎഫ് മാനദണ്ഡപ്രകാരമാണ് 2 വർഷത്തെ പരിശീലനം. ഇംഗ്ലിഷ്, ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് എന്നിവ നിർബന്ധമായും പഠിക്കണം. ഇതിനു പുറമേയാണ് ഒരു സ്കിൽ കോഴ്സും 4 നോൺ–വൊക്കേഷനൽ ഗ്രൂപ്പുകളുള്ളതിൽ ഒന്നും തിരഞ്ഞടുക്കേണ്ടത്.
എ : മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി
ബി : ബയോളജി, ഫിസിക്സ്, കെമിസ്ട്രി
സി : ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്
ഡി : അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ് ബി ഗ്രൂപ്പെടുത്തു പഠിക്കുന്നവർക്ക് ആവശ്യമെങ്കിൽ മാത്‌സ് അധികവിഷയമായി പഠിച്ച്, മെഡിക്കൽ / എൻജിനീയറിങ് കൈവഴികൾ രണ്ടിലും പ്രവേശനത്തിനു ശ്രമിക്കാം. അതിനായി കേരള സ്റ്റേറ്റ് ഓപ്പൺ സ്കൂളിൽ റജിസ്റ്റർ ചെയ്ത് അവരുടെ വ്യവസ്ഥകൾ പാലിക്കണം. (സ്കോൾ-കേരള– https://scolekerala.org). പഠനമാധ്യമം ഇംഗ്ലിഷാണെങ്കിലും മലയാളത്തിലും പരീക്ഷയെഴുതാം.
പ്രവേശനയോഗ്യത
എസ്എസ്എൽസിയിൽ ഓരോ പേപ്പറിനും കുറഞ്ഞത് ‘ഡി+’ ഗ്രേഡ്. ടിഎച്ച്എസ്എൽസിക്കാരെ ബി ഗ്രൂപ്പിലേക്കു മാത്രം പരിഗണിക്കില്ല. സിബിഎസ്‌ഇയിൽ ‘മാത്തമാറ്റിക്സ് സ്റ്റാൻഡേഡ്’ ജയിച്ചവർക്കു മാത്രമേ എ ഗ്രൂപ്പിൽ പ്രവേശനമുള്ളൂ. 2024 ജൂൺ ഒന്നിന് 15–20 വയസ്സ്. കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്നു ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്ക് 22, അന്ധ / ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയാകാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും ഇളവ് വൊക്കേഷനൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടറിൽനിന്നു വാങ്ങാം. മറ്റു ബോർഡുകാർക്ക് കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്നു വാങ്ങാം. പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനുള്ള കേരളസർക്കാർ മാനദണ്ഡപ്രകാരം സാമുദായിക സംവരണമുണ്ട്. ഫിഷറീസ് സ്കൂളൂകൾ ഒഴികെയുള്ള പ്രവേശനത്തിന് അതതു സ്കൂളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി ജയിച്ചവർക്ക് 5 ബോണസ് പോയിന്റ് കിട്ടും. തമിഴ് /കന്നട ഭാഷാന്യൂനപക്ഷക്കാർക്ക് 4/3 സ്കൂളുകളിൽ 5% സംവരണമുണ്ട്.
അപേക്ഷ
www.vhscap.kerala.gov.in എന്ന സൈറ്റിലെ പ്രോസ്പെക്ടസ് നോക്കി, എല്ലാ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയും പ്രവേശനത്തിന് ഒരൊറ്റ ഓൺലൈൻ അപേക്ഷ സമർപ്പിച്ചാൽ മതി. അപേക്ഷ 16 മുതൽ 25 വരെ സ്വീകരിക്കും. (സ്പോർട്സ് സ്കൂളുകളിലെ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിന്റെ പ്രവേശനച്ചുമതല മാത്രം സർക്കാരിലെ കായിക യുവജന വകുപ്പിന്). അപേക്ഷാരീതി, അലോട്മെന്റ് തുടങ്ങിയവ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്റേതു പോലെ. അപേക്ഷാസമർപ്പണത്തിനു സൗജന്യസഹായം ലഭിക്കാൻ പഠിച്ച സ്കൂളിലെയോ, അടുത്തുള്ള സർക്കാർ / എയ്ഡഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബും ഹെൽപ് ഡെസ്കും സൗജന്യമായി പ്രയോജനപ്പെടുത്താം. മേയ് 29ന് ട്രയൽ അലോട്മെന്റും ജൂൺ 5ന് ആദ്യ അലോട്മെന്റും നടക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും. 2 വർഷത്തെ പഠനത്തിന് യഥാക്രമം 695 / 520 രൂപ മാത്രം നൽകിയാൽ മതി.
വിഎച്ച്സ്ഇ സ്കിൽ കോഴ്സുകൾ
പവർ ടില്ലർ ഓപ്പറേറ്റർ, അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ, 4 വീലർ സർവീസ് ടെക്നിഷ്യൻ, ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക് ഹെൽപർ, ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റ ഓപ്പറേറ്റർ, ഡ്രോട്സ് പഴ്സൻ സിവിൽ, ഇലക്ട്രീഷ‌്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ്, ഫാബ്രിക് ചെക്കർ, ഫീൽഡ് ടെക്നിഷ്യൻ എയർ കണ്ടിഷനർ, ഫീൽഡ് ടെക്നിഷ്യൻ കംപ്യൂട്ടർ ആൻഡ് പെരിഫെറൽസ്, ഗ്രാഫിക് ഡിസൈനർ, ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെന്റ്, ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ, മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോസസിങ്, ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ, പ്ലമർ–ജനറൽ, സോളർ എൽഇഡി ടെക്നിഷ്യൻ, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഭിന്നശേഷി), വെബ് ഡവലപ്പർ, ടെലികോം ടെക്നിഷ്യൻ ഐഒടി, അസിസ്റ്റന്റ് ഡിസൈനർ– ഫാഷൻ ഹോം ആൻഡ് മേഡപ്സ്, പ്രീ–സ്കൂൾ ആൻഡ് ഡേ കെയർ ഫെസിലിറ്റേറ്റർ, ബ്യൂട്ടി തെറപ്പിസ്റ്റ്, ഡെയറി പ്രോസസിങ് എക്വിപ്മെന്റ് ഓപ്പറേറ്റർ, അഗ്രികൾചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, ഡെയറി ഫാർമർ ഒൻട്രപ്രനർ, ഡയറ്ററ്റിക് എയ്ഡ്, ഫിഷ് / സീഫുഡ് പ്രോസസിങ് ടെക്നിഷ്യൻ, ഫിഷിങ് ബോട്ട് മെക്കാനിക്, ഫിറ്റ്നസ് ട്രെയ്നർ, ഫ്ലോറികൾചറിസ്റ്റ്, ലാബ് ടെക്നിഷ്യൻ– റിസർച് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഗാർഡനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ട്രെയ്നി), ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലറ്റ് ടെക്നിഷ്യൻ, മൈക്രോ ഇറിഗേഷൻ ടെക്നിഷ്യൻ, ഓർഗാനിക് ഗ്രോവർ, ഓർണമെന്റൽ ഫിഷ് ഫാർമർ, ഷ്രിമ്പ് ഫാർമർ, സ്മോൾ പോൾട്രി ഫാർമർ, ഇന്റീരിയർ ലാൻഡ്സ്കേപ്പർ, സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (ഭിന്നശേഷി), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ബിസിനസ് കറസ്പോണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ക്രാഫ്റ്റ് ബേക്കർ, ഓഫിസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, റീട്ടെയ്ൽ സെയിൽസ് അസോഷ്യേറ്റ്.