നീറ്റ്–യുജി റദ്ദാക്കരുതെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലം
Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിയിൽ വൻ പിഴവുകളുണ്ടായതിനു തെളിവില്ലെന്നിരിക്കെ പരീക്ഷ പൂർണമായി റദ്ദാക്കുന്നതു യുക്തിസഹമല്ലെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നീറ്റ് ചോദ്യച്ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ഇരുപതിലേറെ ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണു കേന്ദ്രം സത്യവാങ്മൂലം നൽകിയത്. പരീക്ഷ പൂർണമായി ഒഴിവാക്കുന്നതു സത്യസന്ധരായ ലക്ഷക്കണക്കിനു വിദ്യാർഥികളെ ഗുരുതരമായി ബാധിക്കുമെന്നാണു സർക്കാരിന്റെ വാദം. പരീക്ഷകളുടെ രഹസ്യസ്വഭാവം അട്ടിമറിച്ചെന്നു കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആൾമാറാട്ടം, തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ സുതാര്യമായ അന്വേഷണം നടത്താൻ സിബിഐക്കു നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ നടപടി പരിഷ്കരിക്കാനുള്ള സമിതി പ്രവർത്തനം ആരംഭിച്ചെന്നും കേന്ദ്രം വിശദീകരിച്ചു.