ADVERTISEMENT

തിരുവനന്തപുരം ∙ കണക്കുകൂട്ടലിലെ പിഴവു മൂലം പ്ലസ്ടു ‍എഴുത്തുപരീക്ഷയിലെ മാർക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാർഥിയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് വെട്ടിക്കുറച്ച സംഭവത്തിൽ പിഴവു പറ്റിയിട്ടില്ലെന്നു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ(ഡിജിഇ) എസ്.ഷാനവാസ്, മന്ത്രി വി.ശിവൻകുട്ടിക്കു നൽകിയ അന്വേഷണ റിപ്പോർട്ടിലാണു പെരുമ്പാവൂർ വളയൻചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന അംജിത് അനൂപിനു ഫിസിക്സിന് അർഹമായ മാർക്കൊന്നും നഷ്ടപ്പെട്ടില്ലെന്നു ന്യായീകരിക്കുന്നത്. ഇതുസംബന്ധിച്ചു മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണു മന്ത്രി ഡിജിഇയോടു വിശദീകരണം തേടിയത്. മൂവാറ്റുപുഴ കല്ലൂർകാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന ആഷിൻ ജോയിസിനു സമാന രീതിയിൽ ബയോളജിക്ക് 8 മാർക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചു വിശദീകരണമില്ല. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം സെക്രട്ടറി എസ്.എസ്.വിവേകാനന്ദന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഡിജിഇ നൽകിയ റിപ്പോർട്ടിലെ വാദങ്ങൾ ഇങ്ങനെ.

‘അംജിത് അനൂപിന് ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ് എഴുത്ത് പരീക്ഷയിൽ 51 മാർക്കും പ്രാക്ടിക്കൽ പരീക്ഷയിൽ 28 മാർക്കും തുടർ മൂല്യനിർണയത്തിന് 20 മാർക്കുമാണു കിട്ടിയത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് പങ്കാളിത്തത്തിനുള്ള 25 ഗ്രേസ് മാർക്കിൽ 16 മാർക്ക് ഫിസിക്സിനാണു നൽകിയത്. ആ 16ൽ 9 മാർക്ക് തിയറിക്കും 7 മാർക്ക് പ്രാക്ടിക്കലിനും നൽകി. അങ്ങനെ തിയറിക്ക് 60, പ്രാക്ടിക്കലിന് 35 മാർക്ക് ആയി. ആകെ ലഭിച്ചത് 115 മാർക്ക്. ഫലം പ്രഖ്യാപിച്ച എൻഐസിയുടെ സൈറ്റിലും ഡിജിലോക്കറിലും യഥാർഥ സർട്ടിഫിക്കറ്റിലും ഈ മാർക്ക് തന്നെയാണ്. രേഖകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ടു പരിശോധിച്ചു. കുട്ടിക്കു പ്രാക്ടിക്കലിന് 28 സ്കോർ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നു പ്രാക്ടിക്കൽ നടത്തിയ അധ്യാപികയെ നേരിൽ കേട്ടും അധ്യാപിക സൂക്ഷിച്ചിട്ടുള്ള രേഖകളും ജില്ലാ ചീഫ് സൂക്ഷിച്ചിട്ടുള്ള പ്രാക്ടിക്കൽ ഉത്തരക്കടലാസ് പരിശോധിച്ചും ബോധ്യപ്പെട്ടു. എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസ് ക്യാംപിൽനിന്നു വരുത്തി പരിശോധിച്ചപ്പോഴും 51 മാർക്കാണു ലഭിച്ചതെന്നും മനസ്സിലായി. അതിനാൽ അർഹമായ മാർക്ക് നഷ്ടപ്പെട്ടിട്ടില്ല’. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും പരീക്ഷാസമ്പ്രദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്നും മന്ത്രിയുടെ ഓഫിസ് അഭിപ്രായപ്പെട്ടു. 

ന്യായവാദങ്ങളിലെ പൊരുത്തക്കേടുകളും മറുപടി ലഭിക്കേണ്ട ചോദ്യങ്ങളും:
∙ ഗ്രേസ് മാർക്ക് പ്രാക്ടിക്കൽ, എഴുത്തുപരീക്ഷയുടെ മാർക്കിനൊപ്പം ചേർത്തെന്ന വാദം അടിസ്ഥാനരഹിതമെന്ന് എൻഐസി വെബ്സൈറ്റിൽനിന്നു കുട്ടികൾ ഡൗൺലോഡ് ചെയ്തെടുത്ത ആദ്യ മാർക്ക് ലിസ്റ്റിൽ വ്യക്തമാണ്. മാർക്ക് ലിസ്റ്റിൽ എഴുത്തുപരീക്ഷയ്ക്കും പ്രാക്ടിക്കലിനും പുനർമൂല്യനിർണയത്തിലും ലഭിച്ച മാർക്കും ഗ്രേസ് മാർക്കും പ്രത്യേകം കോളങ്ങളിലാണു രേഖപ്പെടുത്തുന്നത്. ഇതനുസരിച്ച് അംജിത്തിന്റെ ആദ്യ മാർക്ക് ലിസ്റ്റിൽ എഴുത്തുപരീക്ഷയ്ക്ക് 44 മാർക്കും പ്രാക്ടിക്കലിന് 35 മാർക്കും തുടർ മൂല്യനിർണയത്തിന് 20 മാർക്കും ഗ്രേസ് മാർക്ക് ഇനത്തിൽ 16 മാർക്കും പ്രത്യേകം കോളങ്ങളിൽ വ്യക്തമായുണ്ട്. ഗ്രേസ് മാർക്ക് പ്രാക്ടിക്കൽ, എഴുത്തുപരീക്ഷകൾക്കൊപ്പം ചേർക്കുകയാണെങ്കിൽ പ്രത്യേകം കോളത്തിൽ രേഖപ്പെടുത്തുന്നതെന്തിനാണ്? മാത്രമല്ല, മറ്റ് 3 വിഭാഗത്തിൽ ലഭിച്ച 99 മാർക്കിനൊപ്പം ആ 16 ഗ്രേസ് മാർക്ക് കൂടി കൂട്ടുമ്പോഴാണു കുട്ടിക്ക് 115 മാർക്ക് ലഭിക്കുക.
∙ എഴുത്തുപരീക്ഷയുടെ ഉത്തര പേപ്പറിന്റെ പകർപ്പെടുത്തു വിദ്യാർഥി പരിശോധിച്ചപ്പോഴാണു പേപ്പറിലുള്ള 51 മാർക്ക് കണക്കുകൂട്ടലിലെ പിഴവു മൂലം 44 ആയതാണെന്നു ബോധ്യപ്പെട്ടു പരാതി നൽകിയത്. അതനുസരിച്ചു തിരുത്തി പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിൽ എഴുത്തുപരീക്ഷയ്ക്ക് 51 മാർക്കായി ഉയർത്തിയെങ്കിലും പ്രാക്ടിക്കലിന് 35 മാർക്കിൽനിന്ന് 28 ആയി കുറയ്ക്കുകയായിരുന്നു. പുനർ മൂല്യനിർണയ മാർക്കിന്റെ കോളത്തിലും ഗ്രേസ് മാർക്ക് കോളത്തിലും മാറ്റം സംഭവിച്ചിട്ടുമില്ല. വകുപ്പിന്റെ വാദം പോലെ എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും മാർക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർത്തെങ്കിൽ തിരുത്തൽ വരുത്തിയപ്പോൾ ഗ്രേസ് മാർക്ക് അതിൽനിന്ന് ഒഴിവായതെങ്ങനെയാണ്? പ്രത്യേകിച്ചും പരാ തിയില്ലാത്ത പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കിൽ മാറ്റംവരുത്തിയതിന്റെ അടിസ്ഥാനമെന്ത്?∙ എഴുത്തുപരീക്ഷയ്ക്ക് 51 മാർക്കും പ്രാക്ടിക്കലിന് 28 മാർക്കുമേ കുട്ടിക്കു ലഭിച്ചിട്ടുള്ളൂവെന്നു വകുപ്പ് പറയുന്നു. എങ്കിൽ, ആദ്യ മാർക്ക് ലിസ്റ്റിൽ ഇതെങ്ങനെ യഥാക്രമം 44,35 എന്നിങ്ങനെയായി? എഴുത്തുപരീക്ഷയുടെ മാർക്ക് കണക്കുകൂട്ടിയതിൽ ഗുരുതര പിഴവു സംഭവിച്ചെന്ന് പരാതിയെത്തുടർന്ന് അതു തിരുത്തിനൽകിയതിലൂടെ വ്യക്തമാണ്. പുനർ മൂല്യനിർണയത്തിൽ ചെറിയ മാർക്ക് വ്യത്യാസം വന്നാൽ പോലും ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുന്ന വകുപ്പ് ഈ ഗുരുതര പിഴവിൽ എന്തു നടപടി സ്വീകരിച്ചു?
∙ എൻഐസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റിൽ പരീക്ഷയ്ക്ക് 51 മാർക്കും പ്രാക്ടിക്കലിന് 28 മാർക്കുമാണെന്നു വകുപ്പ് പറയുന്നു. എങ്കിൽ, ഇതിനു വിരുദ്ധമായി കുട്ടികൾക്കു ലഭിച്ച ആദ്യ മാർക്ക് ലിസ്റ്റ് വ്യാജമാണെന്നാണോ വകുപ്പിന്റെ വാദം? അങ്ങനെയെങ്കിൽ അതു പരിശോധിക്കാൻ എന്തു നടപടി സ്വീകരിച്ചു?
∙ രണ്ടു കുട്ടികൾ ഉത്തരപേപ്പറിന്റെ പകർപ്പെടുത്തു പരിശോധിച്ചപ്പോഴാണ് ഈ പിഴവു ബോധ്യമായതും പരാതിപ്പെട്ടതും. സമാനമായ പിഴവു കൂടുതൽ സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഇക്കാര്യത്തിൽ വകുപ്പ് എന്തു പരിശോധന നടത്തി?

English Summary:

Education Department Clarifies No Errors in Plus Two Marks Calculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com