‘ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കേണ്ടി വരും’; അപ്രായോഗികമെന്ന് മന്ത്രി പറയുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാകും
Mail This Article
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ചു പഠിച്ച സമിതിയുടെ ശുപാർശകൾ ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കേണ്ടി വരുമെന്നു കമ്മിറ്റിക്കു നേതൃത്വം നൽകിയ പ്രഫ.എം.എ.ഖാദർ. സമഗ്ര പരിഷ്കാരം വേണ്ടി വരുമെന്നും ധീരമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച വിമർശനങ്ങളോടും വിലയിരുത്തലുകളോടും എസ്‌സിഇആർടി മുൻ ഡയറക്ടർ കൂടിയായ അദ്ദേഹം പ്രതികരിക്കുന്നു.
Q. കമ്മിറ്റി നിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്നാണു വിദ്യാഭ്യാസ മന്ത്രി പറയുന്നത് ?
A. പഠന നിലവാരവും വിദ്യാഭ്യാസ സമ്പ്രദായവും എങ്ങനെ മെച്ചപ്പെടുത്താം എന്നതാണു കമ്മിറ്റി പരിഗണിച്ചത്. നടപ്പാക്കാവുന്ന കാര്യങ്ങൾ തന്നെയാണത്. സമഗ്രമായ മാറ്റം കൊണ്ടേ ഗുണമുണ്ടാകൂ. പുറന്തള്ളേണ്ട കാര്യങ്ങൾ തള്ളിയില്ലെങ്കിൽ ചീഞ്ഞുനാറും. നിർദേശങ്ങൾ പലതും അപ്രായോഗികമാണെന്നു മന്ത്രി പറഞ്ഞത് രാഷ്ട്രീയ കാരണങ്ങളാലാകും.
Q. സ്കൂൾ സമയമാറ്റം നടപ്പാക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവൃത്തി ദിനങ്ങൾ കൂട്ടിയത് കോടതി റദ്ദാക്കി. മഹാന്മാരുടെ ജന്മ, ചരമ ദിനങ്ങൾക്കു നൽകുന്ന അവധി ഒഴിവാക്കണമെന്നതു സ്വീകരിക്കപ്പെടുന്നതാണോ?
A. സ്കൂളുകളിലെ സമയമാറ്റം സമൂഹം അംഗീകരിക്കുന്നതാണ്. കേന്ദ്ര സിലബസ് സ്കൂളുകളിലും ഗൾഫിലും പാശ്ചാത്യ രാജ്യങ്ങളിലുമെല്ലാം രാവിലെ നേരത്തേയാണു ക്ലാസ്. സമ്മർദത്തിനു വഴങ്ങി ഇക്കാര്യം മാറ്റിവയ്ക്കുന്നതു ശരിയല്ല. നിയമം അനുശാസിക്കുന്ന പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കണം. അപ്രതീക്ഷിത അവധിയടക്കം പഠനദിനങ്ങൾ നഷ്ടമാകുന്ന സ്ഥിതിയാണിപ്പോൾ. മഹാന്മാരെ ആദരിക്കാനാണ് ജന്മദിനത്തിൽ അവധി. പക്ഷേ, അവർ ആരാണെന്ന് പോലും പല കുട്ടികൾക്കും അറിയില്ല. അവരുടെ സംഭാവനകൾ സ്കൂളിൽ ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ദിനമാക്കി മാറ്റുന്നതല്ലേ അർഥവത്തായ ആദരം.
Q. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതിൽ നിയമ, ഭരണഘടനാപരമായ തടസ്സമുണ്ടെന്നാണ് സർക്കാർ പറയുന്നത്?
A. എയ്ഡഡ് സ്കൂളുകളിലുൾപ്പെടെ സർക്കാർ ശമ്പളം നൽകുന്ന തസ്തികകളിലെ നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടുന്നത് പരിഗണിക്കണമെന്നേ റിപ്പോർട്ടിൽ പരാമർശമുള്ളൂ. എയ്ഡഡ് നിയമനങ്ങളിൽ സംവരണ തത്വമുൾപ്പെടെ പാലിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.
Q. ഹൈസ്കൂൾ– ഹയർ സെക്കൻഡറി ലയനം കൊണ്ട് എന്താണ് അക്കാദമിക് തലത്തിൽ നേട്ടമുണ്ടാകുന്നതെന്നാണ് അധ്യാപക സംഘടനകൾ ചോദിക്കുന്നത്?
A. വകുപ്പിനു കീഴിലെ പല ഡയറക്ടറേറ്റുകളിലും ഒരേ വളപ്പിലുള്ള സ്കൂളുകളിലുമായി പല അധികാരികളുണ്ടാവുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലയനം നിർദേശിച്ചത്. തസ്തിക നഷ്ടപ്പെടുമെന്ന തെറ്റിദ്ധാരണ സംഘടനകൾക്കുണ്ടെന്ന് തോന്നുന്നു. ഒരു ഡിവിഷനിൽ കുട്ടികളുടെ എണ്ണം 35 ആയി കുറയ്ക്കണമെന്നാണു നിർദേശം. അതോടെ തസ്തിക കൂടും. സ്ഥാനക്കയറ്റത്തിനും ഒട്ടേറെ തസ്തികകൾ നിർദേശിച്ചിട്ടുണ്ട്.
Q. അധ്യാപക യോഗ്യതാ മാറ്റം സംബന്ധിച്ച നിർദേശത്തിലും ആശങ്കയുണ്ട്?
A. വിദ്യാഭ്യാസ ഗുണനിലവാരം കൂടാൻ അധ്യാപകർ വിചാരിക്കണം. കുട്ടി തോൽക്കുന്നെങ്കിൽ അത് അധ്യാപകന്റെ തോൽവിയാണ്. താഴ്ന്ന ക്ലാസുകളിലാണ് ഏറ്റവും അറിവുള്ള അധ്യാപകർ വേണ്ടത്. എങ്കിലേ കുട്ടികൾക്ക് അടിത്തറ ഉണ്ടാകൂ. അതുകൊണ്ടാണ് അധ്യാപക യോഗ്യത ഉയർത്താനുള്ള ശുപാർശ. പ്രീപ്രൈമറി തലം മുതൽ അധ്യാപക യോഗ്യത ബിരുദാനന്തര ബിരുദമാക്കണം. സെക്കൻഡറി തലം മുതലെങ്കിലും ഓരോ വിഷയത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപകരെ നിയമിക്കണം.
Q. 8–ാം ക്ലാസ് മുതൽ ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തെ എങ്ങനെ കാണുന്നു?
A. അതിൽ കുറ്റം കാണേണ്ടതില്ല. നടപ്പാക്കിയാൽ നല്ലതുമാണ്.