എൻട്രൻസ് പരീക്ഷകൾ പരമാവധി ഓൺലൈനാക്കാൻ ശുപാർശ
Mail This Article
ന്യൂഡൽഹി ∙ എൻട്രൻസ് പരീക്ഷകൾ പരമാവധി ഓൺലൈനായി നടത്തണമെന്നും ഉത്തരങ്ങൾ കടലാസിൽ എഴുതേണ്ട പരീക്ഷയാണെങ്കിൽ ചോദ്യങ്ങൾ ഡിജിറ്റലായി അയയ്ക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി നിർദേശിച്ചു. ദേശീയ ബിരുദ പ്രവേശനപരീക്ഷയുടെ (സിയുഇടി) ചോയ്സുകൾ ഏകീകരിക്കണം. ദേശീയ പരീക്ഷാ ഏജൻസിയിലെ (എൻടിഎ) ജോലിക്കാരെ സ്ഥിരപ്പെടുത്തണമെന്നും കരാർ രീതി കുറയ്ക്കണമെന്നും മന്ത്രാലയത്തിനു സമിതി കൈമാറിയ റിപ്പോർട്ടിലുണ്ട്. നീറ്റ്, ജെഇഇ തുടങ്ങിയ പൊതുപ്രവേശനപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും പരിഷ്കാരങ്ങൾ നിർദേശിക്കാനുമാണ് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതി രൂപീകരിച്ചത്.
പരീക്ഷകളിൽ സർക്കാർ നിയന്ത്രണം കൂട്ടണമെന്ന അഭിപ്രായമാണു സമിതിക്ക്. സർക്കാരിന്റെ കീഴിൽ പരീക്ഷാകേന്ദ്രങ്ങൾ വർധിപ്പിക്കണമെന്നും സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കണമെന്നും നിർദേശിക്കുന്നു. വിദ്യാർഥികൾ ഒട്ടേറെ പ്രവേശനപരീക്ഷകൾ എഴുതേണ്ടിവരുന്ന സാഹചര്യത്തെ സമിതി വിമർശിച്ചു. സിയുഇടിയിൽ വിവിധ വിഷയങ്ങളിൽ പരീക്ഷയെഴുതേണ്ടി വരുന്നതാണു ചൂണ്ടിക്കാട്ടുന്നത്. ജെഇഇ മെയിൻ വിജയിക്കുന്നവർക്ക് ഐഐടി പ്രവേശനത്തിനു ജെഇഇ അഡ്വാൻസ്ഡ് നടത്തുന്നതുപോലെ മെഡിക്കൽ പ്രവേശനത്തിനും പല ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതു പരിഗണിക്കാനാണു നിർദേശം. എൻടിഎയുടെ പ്രവർത്തനം, പരീക്ഷാ നടപടികൾ, ഡേറ്റ സംരക്ഷണം എന്നിവ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. റിപ്പോർട്ട് നവംബർ 4ന് അകം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.