അറിഞ്ഞു പഠിക്കാം റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ, വിജയം സുനിശ്ചിതം
Mail This Article
പിഎസ്‌സി പരീക്ഷകൾ പോലെയല്ല റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ. അതിനാൽ പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നതുപോലെയല്ല ഇതിനു തയാറെടുക്കേണ്ടത്. റെയിൽവേ പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിതമായശേഷം പ്രധാനമായും നാലുവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ വരുന്നത്– ശാസ്ത്രം, ഗണിതം, റീസണിങ്, പൊതുവിജ്ഞാനം. സിബിഎസ്ഇ പത്താംക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ശാസ്ത്രവിഷയങ്ങളിൽ ഉൾപ്പെടുത്തിരിക്കുന്നത്.
ഭൗതികശാസ്ത്രവും രസതന്ത്രവും പഠിച്ചുതുടങ്ങുമ്പോൾ ബന്ധപ്പെട്ട അടിസ്ഥാന തത്ത്വങ്ങളും സൂത്രവാക്യങ്ങളുംകൂടി പഠിക്കുക. ഒപ്പം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ചെയ്തു പരിശീലിക്കണം. ജീവശാസ്ത്രത്തിൽ മനുഷ്യശരീരത്തിലെ അവയവ വ്യവസ്ഥകൾ, രോഗങ്ങൾ തുടങ്ങിയവ നിർബന്ധമായും അറിഞ്ഞിരിക്കണം. 25– 30വരെ ശതമാനം ചോദ്യങ്ങൾ ശാസ്ത്രവിഷയങ്ങളിൽ നിന്നായിരിക്കും.
ശാസ്ത്രം പോലെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് ഗണിതം. അടിസ്ഥാനവിദ്യാഭ്യാസത്തിൽ തുടങ്ങി പത്താംക്ലാസ് നിലവാരം വരെയുള്ള 25–30 ചോദ്യങ്ങളാണ് ഈ മേഖലയിൽനിന്നുണ്ടാവുക. പരമ്പരാഗതരീതിയിൽ ക്രിയ ചെയ്യാതെ എളുപ്പവഴിയിൽ ചുരുങ്ങിയ സമയംകൊണ്ട് ഉത്തരം കണ്ടെത്താൻ പഠിക്കണം. ഇതിനായി ധാരാളം ചോദ്യങ്ങൾ ചെയ്തു പരിശീലിക്കണം. സ്റ്റോപ്പ് വാച്ച് ഉപയോഗപ്പെടുത്തി സമയബന്ധിതമായി പരിശീലിക്കുന്നത് കൂടുതൽ പ്രയോജനപ്പെടും. മാനസികശേഷി പരിശോധിക്കുന്ന മൂന്നാമത്തെ വിഭാഗത്തിൽനിന്ന് 25–30 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതിൽത്തന്നെ 5–7 ചോദ്യങ്ങൾ ചിത്രങ്ങൾ അപഗ്രഥിച്ച് ഉത്തരങ്ങൾ കണ്ടെത്തുന്ന രീതിയിലുള്ളതാണ്. അനായാസം ഉത്തരം കണ്ടെത്താൻ കഴിയുന്നവയാണെങ്കിൽത്തന്നെയും ഓരോ ചോദ്യവും വേറിട്ടുനിൽക്കുന്നവയാണ്.
15–20 ചോദ്യങ്ങൾ പൊതുവിജ്ഞാനഭാഗത്തുനിന്നായിരിക്കും. ഇവ റാങ്ക് നിർണയിക്കുന്നതിൽ സുപ്രധാനപങ്കുവഹിക്കുന്നവയാണ്. ആനുകാലികപ്രസക്തിയുള്ള വിഷയങ്ങൾ, ഇന്ത്യയിലെയും രാജ്യാന്തരതലത്തിലെയും വിവിധസംഘടനകളും മേധാവികളും, പ്രാധാന്യമുള്ള ദിവസങ്ങൾ, കല–കായിക–സാംസ്കാരിക മേഖലയിലെ വ്യക്തികളും സംഭവങ്ങളും തുടങ്ങിയവ ദിനപ്പത്രങ്ങളിൽനിന്നും കോംപറ്റീഷൻ വിന്നർ പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽനിന്നും വായിച്ചുപഠിക്കണം. ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയ–സാമ്പത്തിക വിഷയങ്ങൾ എന്നിവയിൽനിന്നുള്ള ചോദ്യങ്ങളും ഉണ്ടാവും. പരീക്ഷയ്ക്കു തൊട്ടുമുൻപുള്ള ആറുമാസത്തെ ആനുകാലിക ചോദ്യങ്ങൾ അറിയുന്നത് അഭിലഷണീയമാണ്. വ്യക്തമായി ആസൂത്രണം ചെയ്‌ത് ചിട്ടയായി പഠിച്ചാൽ റെയിൽവേയിലെ ജോലി ഉറപ്പാക്കാം.