മലനിരകൾക്ക് മുകളിലൂടെ നീങ്ങുന്ന ‘മഴവിൽ മേഘങ്ങൾ’; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?
Mail This Article
സൈബീരിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ബലുഖയിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു സ്വെറ്റ്ലാന കാസിന എന്ന ഫൊട്ടോഗ്രാഫർ. പ്രകൃതിഭംഗിയുടെയും മലനിരകളുടെയും ചിത്രങ്ങൾ പകർത്താൻ ഇഷ്ടപ്പെടുന്ന കാസിനയ്ക്കായി ബലൂഖ ഒരുക്കിവെച്ചത് അപൂർവമായ ഒരു കാഴ്ചയായിരുന്നു. മലനിരകൾക്ക് മുകളിലൂടെ അതിമനോഹരമായി നീങ്ങുന്ന മഴവിൽ മേഘങ്ങൾ!
മഴവില്ലിലെ വിവിധ വർണങ്ങൾ പ്രതിഫലിപ്പിക്കുന്ന മേഘങ്ങളുടെ ചിത്രങ്ങൾ അപ്പോൾ തന്നെ കാസിന തന്റെ ക്യാമറയിൽ പകർത്തി. സാമൂഹ്യമാധ്യമങ്ങളിൽ അവ പങ്കുവച്ചതോടെ ചിത്രങ്ങൾ ജനശ്രദ്ധ നേടുകയായിരുന്നു. സാധാരണ മേഘങ്ങളെക്കാൾ വളരെ നേർത്ത മേഘപാളികളായിരുന്നു അവയെന്ന് കാസിന തന്റെ പോസ്റ്റിൽ കുറിച്ചു.
വളരെ ഉയരത്തിൽ സൂര്യനടുത്തായി രൂപപ്പെട്ട മേഘങ്ങളിൽ സൂര്യപ്രകാശമേറ്റ് പ്രതിഫലിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് കാസിന വിശദീകരിക്കുന്നു. ബലൂഖ കൊടുമുടിയുടെ ഉയരം 4506 മീറ്ററാണ്. അതുകൊണ്ടു തന്നെ അതിശക്തമായാണ് ഇവിടെ കാറ്റു വീശുന്നത്. ഓരോ സെക്കൻഡിലും മഴവിൽ മേഘങ്ങളുടെ രൂപവും മാറിക്കൊണ്ടിരുന്നു. സോപ്പ് കുമിളകൾക്ക്ു സമാനമായ രീതിയിലാണ് മേഘങ്ങൾ നിറങ്ങൾ പ്രതിഫലിപ്പിച്ചതെന്നും കാസിന വ്യക്തമാക്കി.
സൂര്യനോ ചന്ദ്രനോ അടുത്തായി നിലകൊള്ളുന്ന മേഘങ്ങളിലാണ് ഈ പ്രതിഭാസം കാണാറുള്ളത്. സാധാരണ മഴവില്ലുകൾ ഉണ്ടാകുന്ന അതേ രീതിയിലാണ് മേഘങ്ങളിലും നിറങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഏറെ ഉയരത്തിലായതിനാൽ നേർത്ത മഞ്ഞു കണങ്ങളും ഇൗർപ്പവും ഈ മേഘങ്ങളിൽ കൂടുതലായി കാണാറുണ്ട്. ഇവയിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് മഴവിൽ നിറങ്ങളിൽ അവ മനോഹരമാകുന്നത്.
കഴിഞ്ഞ ഡിസംബറിൽ കാസിന പകർത്തിയ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴും നിറയുന്നത്. ബലൂഖ കൊടുമുടി ഉൾപ്പെടുന്ന സൈബീരിയയിലെ അറ്റ്ലായ് മലനിരകൾ പ്രകൃതിഭംഗി കൊണ്ട് സമ്പന്നമാണ്. ഇതിനു മുകളിലായി മഴവിൽ മേഘങ്ങൾ കൂടി പ്രത്യക്ഷപ്പെട്ട കാഴ്ച പകർത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കാസിന.
English Summary: Rainbow Clouds In Serbia